vyttila-ekm-block

TOPICS COVERED

കൊച്ചി വൈറ്റില ജംക്‌ഷനിൽ കുരുക്കിൽപെട്ടാൽ കടന്നുപോവുക അത്ര എളുപ്പമല്ല. യൂ ടേണുകൾ ക്രമീകരിച്ചും റോഡിന് വീതി കൂട്ടിയും  കുരുക്കഴിക്കാനുള്ള നിർമാണപ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുമ്പോൾ വൈറ്റില ഹബ്ബിലേക്കുള്ള പാതയിലാണ് പ്രധാനമായും മാറ്റം വരുന്നത്.

കടവന്ത്രയിൽ നിന്ന് വരുന്ന ബസുകള്‍ തൃപ്പൂണിത്തുറ റോഡിലേക്ക് കടന്ന് വൈറ്റില ഹബ് എക്സിറ്റ് വഴിയാണ് ഇപ്പോൾ ഹബ്ബിലേക്ക് പ്രവേശിക്കുന്നത്. ഗതാഗത പരിഷ്കാരം പൂർത്തിയാകുമ്പോൾ കടവന്ത്രയിൽ നിന്ന് വരുന്ന ബസുകളുടെ ഹബ്ബിലേക്കുള്ള യാത്ര കണിയാമ്പുഴ റോഡ് വഴിയാകും. 

ഈ ഭാഗത്ത് വീതി കൂട്ടുന്നതിനായി 120 മീറ്ററോളം ദൈര്‍ഘ്യമുള്ള ലിങ്ക് റോഡിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 12.5 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുന്നത്. ഇതോടെ വൈറ്റില ഹബ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഈ റോഡ് വഴിയാകും ജംക്ഷനിലേക്ക് എത്തുക.  മെട്രോപ്പില്ലറുകൾക്ക് ഇരുവശവും ഉള്ള പാത ജംഗ്ഷനിൽ നിന്ന് ഹബ്ബിലേക്ക് പോകാനുള്ള വഴിയാകും.

ഇടപ്പള്ളി, പാലാരിവട്ടം ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങൾക്ക് ജംഗ്ഷനിലേക്ക് എത്താതെ പാലത്തിനടിയിലൂടെ യൂ ടേൺ എടുത്ത് തമ്മനം പൊന്നുരുന്നി ഭാഗങ്ങളിലേക്ക് പോകാനാകും. തൈക്കൂടത്തുനിന്ന് വരുന്ന വാഹനങ്ങൾക്കും ജംഗ്‌ഷൻ എത്തുംമുൻപ് പാലത്തിനടിയിലൂടെ യൂടേൺ സൗകര്യം ലഭ്യമാകും. ട്രാഫിക് പോലീസ് മുന്നോട്ടുവച്ച ഡിസൈൻ അംഗീകരിച്ചാണ് പണികൾ പുരോഗമിക്കുന്നത്. റോഡ് സുരക്ഷാ അതോറിറ്റിയുടെ ഒന്നരക്കോടിരൂപ ചെലവിട്ടാണ് നിര്‍മാണം.

ENGLISH SUMMARY:

Vyttila Junction traffic is undergoing significant reforms to ease congestion. These traffic reforms aim to improve flow by optimizing U-turns and widening roads, with a focus on the Vyttila Hub access.