തൊഴിലിടങ്ങളിലും വ്യക്തി ജീവത്തിലുമെല്ലാം ദിനംപ്രതി നിര്‍മ്മിതബുദ്ധിയുടെ ആധിപത്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാൻ കഴിവുള്ള ചില ജോലികൾ നിര്‍മ്മിതബുദ്ധി ഏറ്റെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ ഇതൊരു തുടക്കം മാത്രമാണെന്നാണ് ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍റെ അഭിപ്രായം.
സ്മാർട്ട് റോബോട്ടുകൾക്ക് യഥാർത്ഥത്തിൽ എന്തുചെയ്യാൻ കഴിയുമെന്ന് ലോകം ഇതുവരെ കണ്ടിട്ടില്ലെന്ന് ആൾട്ട്മാൻ പറയുന്നു. കൂടുതല്‍ ആളുകളും ചിന്തിക്കുന്നത് ഡെസ്ക് ജോലികള്‍ക്ക് എഐ എങ്ങിനെ പകരമാകുമെന്നാണ്. അതിനാല്‍ ഇത്തരം സംവിധാനങ്ങളെ സ്വീകരിക്കാന്‍ ലോകം ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരുവിലൂടെ നടക്കാൻ പോകുന്ന ഹ്യൂമനോയിഡ് റോബോട്ടുകൾ വരുന്നു എന്നതാണ് ഇതില്‍ പ്രധാനം. ഇത്തരത്തില്‍ ഹ്യൂമനോയിഡ് റോബോട്ടുകൾ ഒരു സാധാരണ കാഴ്ചയാകുന്ന ലോകം നമ്മെ അമ്പരപ്പിക്കും. ആ കാലം വിദൂരമല്ലെന്നും അത് യാഥാര്‍ത്ഥ്യമായാല്‍ ഒരു സയൻസ് ഫിക്ഷൻ സിനിമപോലെ ആളുകള്‍ക്ക് തോന്നുമെന്നും ആള്‍ട്ട്മാന്‍ പറഞ്ഞു. ‘നിങ്ങള്‍ ഒരു തെരുവിലൂടെ നടക്കുമ്പോള്‍ ഏഴോളം റോബോട്ടുകള്‍ നിങ്ങളെ മറികടന്ന് പോകുന്നു’. മനുഷ്യരൂപത്തിലുള്ള റോബോട്ടുകൾ വരുന്നതോടെ ആളുകൾ ജോലിയേയും സാങ്കേതികവിദ്യയെയും കാണുന്ന രീതി മാറ്റുമെന്നും ആള്‍ട്ട്മാന്‍ ഊന്നിപ്പറയുന്നു.
അതേസമയം, തൊഴിൽ മേഖലയിലെ നിലവിലെ തടസ്സങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, എഐ ധാരാളം ജോലികളിൽ മാറ്റം വരുത്തുമെന്ന് അദ്ദേഹം സമ്മതിച്ചു. എന്നിരുന്നാലും, മാറ്റം രണ്ട് ഘട്ടങ്ങളിലായാണ് സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എഐ ചില ജോലികൾ പൂർണ്ണമായും ഇല്ലാതാക്കുകയും ധാരാളം പുതിയ ജോലികൾ സൃഷ്ടിക്കുകയും ചെയ്യും. മനുഷ്യരൂപത്തിലുള്ള റോബോട്ടിനെ നിര്‍മ്മിക്കാന്‍ സ്റ്റാര്‍ട്ടപ്പായ ഫിഗര്‍ എഐയുമായുള്ള സഹകരണം ഓപ്പണ്‍ എഐ പ്രഖ്യാപിച്ചിരുന്നു. ഫിഗര്‍–01 എന്ന പേരില്‍ കമ്പനി ഒരു റോബോട്ടിനെ വികസിപ്പിച്ചിട്ടുമുണ്ട്. ഇത് ജോലികള്‍ എളുപ്പമാക്കുമെന്നും അതേസമയം, തൊഴില്‍ക്ഷാമം പരിഹരിക്കാന്‍ സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.