Mumbai: Royal Challengers Bangalore player Virat Kohli with Mumbai Indians mentor Sachin Tendulkar during a practice session ahead of the IPL 2023 cricket match between Mumbai Indians and Royal Challengers Bangalore, at Wankhede Stadium in Mumbai, Monday, May 8, 2023. (PTI Photo/Kunal Patil)(PTI05_08_2023_000286A)
രാജ്യാന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന വിരാട് കോലിയെ GOAT എന്ന് ആരാധകര്‍ വാഴ്ത്തുന്നതില്‍ വിയോജിപ്പുമായി മുന്‍ ഇന്ത്യന്‍ താരം ആര്‍.അശ്വിന്‍. അത്തരമൊരു താരതമ്യത്തിന്‍റെ സാഹചര്യം പോലുമില്ലെന്നും അടിസ്ഥാനമില്ലാത്ത താരതമ്യമാണ് അതെന്നും അശ്വിന്‍ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. രണ്ടുപേരും രണ്ട് തലമുറയിലെ മികച്ച ബാറ്റര്‍മാരാണെന്നും താരതമ്യം വേണ്ടെന്നും അശ്വിന്‍ പറഞ്ഞു. Also Read: അത് സംഭവിച്ചാല്‍ ഞാന്‍ ഹാപ്പി; സ്വപ്നം പറഞ്ഞ് വിരാട് കോലി
'എപ്പോള്‍ ചോദിച്ചാലും തല ഉയര്‍ത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രണ്ടുപടി മുന്നിലാണെന്നേ ഞാന്‍ പറയൂ. സച്ചിന്‍റെ ഏറ്റവും വലിയ ആരാധകനാണ് ഞാനെന്നതാണ് ആദ്യ കാരണം. അദ്ദേഹം കളിച്ച രീതി, അന്നത്തെ സാഹചര്യങ്ങള്‍, കരിയര്‍, ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ പ്രതീക്ഷ ഇതെല്ലാം പരിഗണിക്കണം. അതൊന്നും കോലിയുടെ കുഴപ്പമല്ല. ഏത് തലമുറയിലും മൂന്നാമനായി കോലി ഇറങ്ങിയാല്‍ അദ്ദേഹം തന്നെ ചാംപ്യനാകുമെന്നതില്‍ എനിക്ക് സംശയമില്ല. പക്ഷേ നിയമങ്ങള്‍ നോക്കൂ.. കഴിഞ്ഞ കളിയുടെ കാര്യമെടുക്കാം. ആദ്യ ഇന്നിങ്സില്‍ വിന്‍ഡീസ് ബാറ്റ് ചെയ്യുമ്പോള്‍ 34 ഓവര്‍ കഴിഞ്ഞ് പിന്നീടങ്ങോട്ട് ഒരു പന്താണ് ഉപയോഗിക്കുന്നത്. പന്താവട്ടെ പകല്‍ വെളിച്ചത്തില്‍ പഴകുകയും ചെയ്തു. സച്ചിന്‍ പകല്‍സമയത്ത് ധാരാളം ഏകദിനം കളിച്ചിട്ടുമുണ്ട്. രണ്ട് തലമുറയിലെ രണ്ടുപേരെ താരതമ്യം ചെയ്യുന്നത് ശരിയല്ല'- അശ്വിന്‍ വിശദീകരിച്ചു.
കഴിഞ്ഞ കുറേക്കാലമായി കോലിയുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും സച്ചിന്‍റെ 100 സെഞ്ചറിയെന്ന റെക്കോര്‍ഡ് കോലി തകര്‍ത്താല്‍ ഇരുവരെയും തുല്യരായി കാണാമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. ' കഴിഞ്ഞ ഏഴുവര്‍ഷമായി കോലിയുമായുള്ള എന്‍റെ ബന്ധം കൂടുതല്‍ ഊഷ്മളമാണ്. 100 സെഞ്ചറികളെന്ന നേട്ടത്തിലേക്ക് കോലി എത്താനുള്ള സാധ്യതയെല്ലാമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അതൊരു അവിസ്മരണീയ മുഹൂര്‍ത്തമാകും. അന്ന് നിങ്ങളെന്നോട് സച്ചിനാണോ വിരാട് കോലിയാണോ മികച്ചതെന്ന ചോദ്യം ചോദിച്ചാല്‍ ഇരുവരും ഒരുപോലെയെന്ന് സംശയം കൂടാതെ ഞാന്‍ മറുപടി നല്‍കും'- അശ്വിന്‍ പറഞ്ഞു.
ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ചറികളെന്ന സച്ചിന്‍റെ റെക്കോര്‍ഡ് കോലി 2023 ലെ ഏകദിന ലോകപ്പിനിടെ തകര്‍ത്തതിന് പിന്നാലെയാണ് താരതമ്യം തുടങ്ങിയത്. വിന്‍ഡീസിനെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ 15,000 റണ്‍സെന്ന നേട്ടവും സ്വന്തമാക്കിയ കോലി 100 സെഞ്ചറികളെന്ന സച്ചിന്‍റെ റെക്കോര്‍ഡിനോട് കൂടുതല്‍ അടുത്തതോടെ ചര്‍ച്ച വീണ്ടും സജീവമായി. കാര്യവട്ടത്ത് നടന്ന കോലി തന്‍റെ 86–ാം രാജ്യന്തര സെഞ്ചറി സ്വന്തമാക്കിയിരുന്നു. ഇന്ന് ഗുവാഹത്തിയിലാണ് രണ്ടാം ഏകദിനം. ജയിച്ചാല്‍ മൂന്ന് മല്‍സരങ്ങളുടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും.
അതേസമയം, ആരാധകര്‍ തന്നെ GOAT എന്ന് വാഴ്ത്തുന്നതില്‍ കോലിയും തന്‍റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. ആരാധകരുടെ കാഴ്ചപ്പാടാണത്. തനിക്ക് സച്ചിന്‍ എപ്പോഴും മഹാനായ താരമാണ്. അദ്ദേഹത്തെ കണ്ടും ആ ഉപദേശങ്ങള്‍ സ്വീകരിച്ചുമാണ് വളര്‍ന്നത്. മനസില്‍ നിന്ന് സച്ചിനോടുള്ള ആരാധനയും ബഹുമാനവും തെല്ലിട കുറയില്ലെന്നും കോലി സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു. ആളുകളുടെ കാഴ്ചപ്പാടുകളെ താന്‍ അങ്ങനെ മാത്രമേ കാണുന്നുള്ളൂവെന്നും എന്തെങ്കിലും നേടിയെന്നോ, മഹാനായി എന്നോ എല്ലാം പൂര്‍ത്തിയായി എന്നോ ഉള്ള മനോഭാവം ഇല്ലെന്നും കോലി പറഞ്ഞു.