India's Virat Kohli is bowled during the fourth one-day international cricket match between New Zealand and India at the Bay Oval in Mount Maunganui on November 13, 2026. (Photo by Michael Bradley / AFP)
നാലാം ഏകദിനത്തില്‍ കിവീസ് ഉയര്‍ത്തിയ 334 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് വന്‍ ബാറ്റിങ് തകര്‍ച്ച. രോഹിതും കോലിയും ശ്രേയസും പൂജ്യത്തിന് പുറത്ത്. മാറ്റ് ഹെന്റി എറിഞ്ഞ പന്തില്‍ സ്ലിപില് ഫിന് അലന് വിക്കറ്റ് നല്‍കിയാണ് രോഹിത് മടങ്ങിയത്. പിന്നാലെ എത്തിയ കോലിയാവട്ടെ മൂന്നാം പന്തില്‍ പുറത്ത്. ഹെന്റിക്ക് തന്നെ വിക്കറ്റ്. നാലാമനായി എത്തിയ ശ്രേയസ് അയ്യര്‍ എല്‍ബിഡബ്ല്യു. അംപയര്‍ കുമാര്‍ ധര്‍മസേന നോട്ടൗട്ട് വിളിച്ചെങ്കിലും ന്യൂസീലന്‍ഡിന്റെ റിവ്യൂവില്‍ ഔട്ടെന്ന് തെളിഞ്ഞു. ആദ്യ ഓവറില്‍ ഒറ്റ റണ്‍ പോലും നേടാതെ സൂപ്പര്‍ താരങ്ങള്‍ കൂടാരം കയറി. അഞ്ച് പന്തെറിഞ്ഞപ്പോള്‍ മാറ്റ് ഹെന്റിക്ക് മൂന്ന് വിക്കറ്റ്! ആറോവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പത് റണ്‍സെന്ന ദാരുണമായ നിലയിലാണ് ഇന്ത്യ ഇപ്പോള്‍.
ടെസ്റ്റ് ക്രിക്കറ്റ് മുന്നൊരുക്കത്തിനായി ശുഭ്മന്‍ ഗില്ലിന് വിശ്രമം അനുവദിച്ചതോടെ ഓപ്പണറായി ഋതുരാജ് ഗെയ്ക്ക്വാദാണ് ഇറങ്ങിയത്. ഗില്ലിന് പുറമെ രാഹുലും അന്‍ഷുള്‍ കംബോജും പുറത്താണ്. അഞ്ച് മല്‍സരങ്ങളുടെ പരമ്പരയില്‍ 2–0ത്തിന് മുന്നിലുള്ള ഇന്ത്യ ഇന്നത്തെ കളി ജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള തയാറെടുപ്പിലായിരുന്നു. ടോസ് നേടിയ ഇന്ത്യ കിവീസിനെ ബാറ്റിങിനയച്ചു.
50 ഓവറില്‍ 333 എന്ന കൂറ്റന്‍ സ്കോറാണ് ഓപ്പണര്‍ വില്‍ യങിന്റെ തകര്‍പ്പന്‍ പ്രകടനത്തോടെ ന്യൂസീലന്‍ഡ് നേടിയത്. രോഹിത് ശര്‍മയും ഇഷാന് കിഷനും കൈവിട്ട് കളഞ്ഞ ക്യാച്ചുകള്‍ക്ക് ഇന്ത്യ വലിയ വിലയാണ് നല്‍കേണ്ടി വന്നത്. 30 പന്തില്‍ 41 റണ്‍സെടുത്ത ഫിന് അലനെ രോഹിത് ശര്‍മ മികച്ച ക്യാച്ചിലൂടെ പുറത്താക്കി. അക്സറും ഗുര്‍നൂറും അക്വിബ് നബിയും രണ്ട് വീതം വിക്കറ്റുകളും അര്‍ഷ്ദീപും നമന്‍ ധീറും ഓരോ വിക്കറ്റുകളും വീഴ്ത്തി.