Thiruvananthapuram: India's Virat Kohli during the first One Day International (ODI) cricket match between India and West Indies, in Thiruvananthapuram, Sunday, Sept. 27, 2026. (PTI Photo/R Senthilkumar)(PTI09_27_2026_000716A)
2027 ഏകദിന ലോകകപ്പിലേക്ക് തനിക്കൊരു സ്വപ്നമുണ്ടെന്ന് വെളിപ്പെടുത്തി സൂപ്പര്‍ താരം വിരാട് കോലി. ഫൈനലില്‍ മാച്ച് വിന്നിങ് പ്രകടനം പുറത്തെടുക്കുകയാണ് തന്‍റെ സ്വപ്നമെന്നും ചേസ് ചെയ്ത് രാജ്യത്തിന്‍ കിരീടം സമ്മാനിക്കണമെന്നും കോലി സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ' ചേസ് ചെയ്ത് ഫൈനലില്‍ കളി ജയിപ്പിക്കുന്ന പ്രകടനമാണ് എന്‍റെ സ്വപ്നം. അതാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അത് നടന്നാല്‍ ഞാന്‍ ഹാപ്പി. അത് നടന്നില്ലെങ്കിലും ഞങ്ങള്‍ ലോകകപ്പ് എടുത്താല്‍ അതും സന്തോഷം. അവസാനമായി നിങ്ങള്‍ കളിക്കുന്ന ലോകകപ്പില്‍ കപ്പ് സ്വന്തമാക്കുകയാണ് ഏറ്റവും പ്രധാനം'- കോലി വിശദീകരിച്ചു. Also Read: എന്തോ കോലിക്ക് ഇഷ്ടമാണ് തിരുവനന്തപുരത്തെ; കളിച്ച മൂന്നുകളിയും നോട്ടൗട്ട്
ഡ്രസിങ് റൂമില്‍ ഇപ്പോഴും തമാശക്കാരനായിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അര മണിക്കൂര്‍ കിട്ടിയാല്‍ ആരെയും അനുകരിക്കുമെന്നും താരം മുന്‍ ഇന്ത്യന്‍ ബാറ്ററായ അഭിനവ് മുകുന്ദിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു. ഡ്രസിങ് റൂമിലെ തമാശക്കാരന്‍ തന്നെയാണോ ഇപ്പോഴും അതോ അവിടെയും പുതിയ മനുഷ്യനായോ എന്നായിരുന്നു അഭിനവിന്‍റെ ചോദ്യം. സഹതാരങ്ങളുമായി സന്തോഷമായിരിക്കാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്നും അപ്പോള്‍ പുതിയ താരങ്ങളും കൂടുതല്‍ കംഫര്‍ട്ടബിളാകാറുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു.
'30 മിനിറ്റ് ആരെയെങ്കിലും അടുത്തുകിട്ടിയാല്‍ എനിക്ക് അവരെ സിംപിളായി അനുകരിക്കാനറിയാം. സന്തോഷമായിരിക്കുന്നതാണ് എനിക്കിഷ്ടം'. ഇഷാന്‍ കിഷനെയാണ് താന്‍ ഏറ്റവുമധികം അത്തരത്തില്‍ കളിയാക്കാറുള്ളതെന്നും കോലി വെളിപ്പെടുത്തി. ഡ്രസിങ് റൂമിലെ മുതിര്‍ന്ന താരമെന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് റിലാക്സ്ഡായ ഒരു സാഹചര്യം ഉണ്ടാക്കുക തന്‍റെ ഉത്തരവാദിത്തം കൂടിയാണെന്നും പ്രഫഷനലിസത്തില്‍ വിട്ടുവീഴ്ചയില്ലാതെയാണ് അത് താന്‍ ചെയ്യുന്നതെന്നും താരം പറഞ്ഞു.
ഇന്നലെ കാര്യവട്ടത്ത് നടന്ന ഇന്ത്യ–വിന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ 88 പന്തില്‍ നിന്ന് 139 റണ്‍സാണ് വിരാട് കോലി അടിച്ചുകൂട്ടിയത്. തകര്‍പ്പന്‍ പ്രകടനത്തോടെ ഏകദിന കരിയറില്‍ 15,000 റണ്‍സും താരം തികച്ചു. 2027 ലെ ഏകദിന ലോകകപ്പോടെ താന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നും ഇന്ത്യയ്ക്കായി കളിക്കുന്ന അവസാന ടൂര്‍ണമെന്‍റാകും അതെന്നും കോലി നേരത്തെ വെളിപ്പെടുത്തിയിരുന്നു. 50 ഓവര്‍ മല്‍സരത്തിനായി കൂടുതല്‍ ശാരീരികക്ഷമത ആവശ്യമാണെന്നും അതിനായി താന്‍ സ്വയം പരുവപ്പെടുത്തിയെടുക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തിരുന്നു. കിരീടത്തോടെ വിരമിക്കുകയാണ് ലക്ഷ്യമെന്നും കോലി തുറന്ന് പറഞ്ഞിരുന്നു.