Image Credit:X/CricCrazyJohn
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താതിരുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരവും സെലക്ടറുമായിരുന്ന ക്രിസ് ശ്രീകാന്ത്. സഞ്ജുവിന് പകരം ധ്രുവ് ജുറേലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിന്‍റെ അടിസ്ഥാനമെന്തെന്നാണ് ശ്രീകാന്ത് ഉയര്‍ത്തുന്ന ചോദ്യം. സഞ്ജുവിനോട് അല്‍പ്പം പോലും മാന്യമായല്ല അഗാര്‍ക്കര്‍ പെരുമാറുന്നതെന്നും ശ്രീകാന്ത് ആരോപിക്കുന്നു. അഗാര്‍ക്കര്‍ക്ക് അവഗണിക്കാനുള്ളവരുടെ പട്ടികയില്‍ സഞ്ജു ഒന്നാമനാണെന്നും മികച്ച പ്രകടനമുണ്ടായിട്ടും താരത്തെ പുറത്തിരുത്തുന്നതും അതിലും കുറഞ്ഞ കണക്കുള്ളവര്‍ ടീമിലെത്തുന്നതും എങ്ങനെയെന്നും ശ്രീകാന്ത് ചോദ്യമുയര്‍ത്തുന്നു.
2023ലാണ് സഞ്ജു അവസാനമായി ഏകദിനത്തില്‍ കളിച്ചത്. അന്ന് സെഞ്ചറിയും താരം നേടി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ സഞ്ജുവിന്‍റെ മിന്നം പ്രകടനമാണ് പരമ്പര ഇന്ത്യയ്ക്ക് ലഭിക്കുന്നതില്‍ നിര്‍ണായകമായതും. അതില്‍ പിന്നെ സഞ്ജു ഏകദിന ടീമിലും ഇടംപിടിച്ചിട്ടില്ല. 'നോക്കൂ, വീണ്ടും അനീതി. സഞ്ജു ടീമിലുണ്ടാവേണ്ട ആളാണ്. അവസാന ഏകദിനത്തിലും സെഞ്ചറി നേടിയതാണ്. ടീമിലെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ആളുകള്‍ക്കനുസരിച്ച് ഇങ്ങനെ മാറുകയാണ്. ഒരു ദിവസം നിങ്ങള്‍ സഞ്ജുവിനെ അഞ്ചാമനായി ഇറക്കും. അടുത്ത ദിവസം ഓപ്പണറാക്കും. ചിലപ്പോള്‍ ഏഴാമനും എട്ടാമനുമാക്കും. എവിടെ നിന്നാണ് ധ്രുവ് ജുറേല്‍ ഇപ്പോള്‍ പൊട്ടിവീണത്? പ്ലേയിങ് ഇലവനില്‍ സഞ്ജുവുണ്ടോ ഇല്ലയോ എന്നതല്ല, ഒഴിവാക്കേണ്ടവരുടെ പട്ടികയില്‍ അയാള്‍ ആദ്യമാണ്.'- ശ്രീകാന്ത് തന്‍റെ യൂട്യബ് ചാനലിലൂടെ തുറന്നടിച്ചു.
കളിക്കാരുടെ മനസ് മടുപ്പിക്കുന്ന നടപടികളാണ് അഗാര്‍ക്കറിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. 'വെട്ടിനിരത്തലും അടിക്കടിയുള്ള മാറ്റവും കാരണം ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയിലാണ് താരങ്ങള്‍. കടുത്ത ആശയക്കുഴപ്പമാണിത് സൃഷ്ടിക്കുന്നത്. യശസ്വിയുടെ കാര്യം തന്നെ നോക്കൂ, പെട്ടെന്നൊരു ദിവസം യശസ്വി ടീമിലുണ്ട്. അടുത്ത കളിയില്‍ താരം ടീമിന് പുറത്താണ്'- ശ്രീകാന്ത് വിശദീകരിക്കുന്നു.
സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്നും മൂന്നാമനായി ഇറങ്ങി സെഞ്ചറി നേടിയിട്ടുണ്ടെന്നും അഗാര്‍ക്കര്‍ സമ്മതിക്കുന്നു. എന്നിട്ടും ഏഷ്യാക്കപ്പില്‍ സഞ്ജുവിനോട് കടുത്ത അവഗണനയാണ് മാനേജ്മെന്‍റ് കാണിച്ചത്. ട്വന്‍റി20യില്‍ മൂന്ന് സെഞ്ചറികള്‍ നേടിയ താരത്തെ ഗില്ലിനായി ഓപ്പണര്‍ സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു. 16 ഏകദിനങ്ങളാണ് സഞ്ജു ഇതുവരെ രാജ്യത്തിനായി കളിച്ചത്. 11 ഇന്നിങ്സുകളില്‍ നിന്നായി മൂന്ന് അര്‍ധ സെഞ്ചറികള്‍ ഉള്‍പ്പെടെ 347 റണ്‍സും താരം നേടി.
വിന്‍ഡീസിനെതിരെ സെഞ്ചറി നേടിയ ധ്രുവ് ജുറേലാണ് ,ഋഷഭ് പന്ത് ടീമില്‍ ഇല്ലാതിരുന്നിട്ട് പോലും സഞ്ജുവിന് പകരം ടീമില്‍ ഇടം കണ്ടെത്തിയത്. ജുറേലാകും രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലുണ്ടാവുക. ഒക്ടോബര്‍ 19നാണ് ഓസീസുമായുള്ള ഏകദിനത്തിന് തുടക്കമാവുക. ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം ഇങ്ങനെ: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ.എല്‍.രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍. കുല്‍ദീപ് യാദവ്, ഹര്‍ഷിദ് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേല്‍, യശ്വസി ജയ്സ്വാള്‍.