Image Credit: X
ഐപിഎല്‍ ലേലത്തിനു മുന്നോടിയായി നാലു താരങ്ങള്‍ ഉള്‍പ്പെട്ട ട്രേഡ് ഡീല്‍ പൂര്‍ത്തിയാക്കി ചെന്നൈ സൂപ്പര്‍ കിങ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും. ഇംഗ്ലണ്ട് ഓള്‍റൗണ്ടറായ ലിയാം ലിവിങ്സ്റ്റണും ഓസീസ് താരം ജാക്ക് എഡ്വാര്‍ഡ്സും സണ്‍ റൈസേഴ്സ് ഹൈദരാബാദില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് എത്തും. പകരം ഇന്ത്യന്‍ പേസര്‍ ഖലീല്‍ അഹമ്മദ്, ഓസ്ട്രേലിയൻ താരം നഥാൻ എല്ലിസ് എന്നിവര്‍ ഹൈദരാബാദിലേക്കും എത്തും.
ആറു കോടി രൂപയ്ക്കാണ് ലിവിംഗ്സ്റ്റൺ സിഎസ്കെയിൽ ചേർന്നത്. 13 കോടി രൂപയ്ക്കാണ് താരത്തെ സണ്‍ റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ലിവിംഗ്സ്റ്റണിന്റെ ശമ്പളത്തില്‍ ഏഴുകോടി രൂപയുടെ കുറവുണ്ട്. അതേസമയം, കഴിഞ്ഞ സീസണില്‍ ലിവിംഗ്സ്റ്റണിന് കാര്യമായ പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. രണ്ട് മത്സരങ്ങളില്‍ കളിച്ച താരം ആകെ നേടിയത് 15 റണ്‍സാണ്.
ജാക്ക് എഡ്വാര്‍ഡ്സ് മൂന്നു കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് എത്തിയത്. രാജ്യാന്തര മത്സരത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിനു മുന്‍പ് തന്നെ എഡ്വാര്ഡിനെ എസ്ആര്‍എച്ച് സ്വന്തമാക്കിയിരുന്നു. എന്നാല്‍ പരുക്കേറ്റ താരത്തിനു കഴിഞ്ഞ മത്സരങ്ങളിൽ പങ്കെടുക്കാനായിരുന്നില്ല. എഡ്വാര്‍ഡിനു പകരം ഇടംകയ്യന്‍ പേസര്‍ ഖലീല്‍ അഹമ്മദാണ് എസ്ആര്‍എച്ചിലെത്തിയത്. 4.80 കോടി രൂപയ്ക്കാണ് താരത്തെ ഹൈദരാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. 2018 മുതല്‍ 2021 ല്‍ ഖലീല്‍ ഹൈദരാബാദില്‍ കളിച്ചിട്ടുണ്ട്. 2025 സീസണില്‍ ഖലീല്‍ അഹമ്മദ് 14 മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റു നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ പരുക്കേറ്റ താരം അഞ്ചു മത്സരം മാത്രാമണ് കളിച്ചത്. രണ്ടു കോടി രൂപയ്ക്കാണ് നഥാന്‍ എല്ലിസ് എസ്ആര്എച്ചിലെത്തുന്നത്.
നേരത്തെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ ഇവയൊന്നും യാഥാര്‍ഥ്യമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ചെന്നൈയെ കൂടാതെ രാജസ്ഥാന് റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഹര്‍ദിക്കില്‍ താല്പര്യം പ്രകടിപ്പിച്ചു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരലേലത്തിനു മുന്നോടിയായി നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക നല്‍കാനുള്ള സമയപരിധി അടുത്തതിനാല്‍ ഹര്‍ദിക്കുമായി ബന്ധപ്പെട്ട ഡീലില്‍ ഉടന്‍ തീരുമാനമുണ്ടാകും.