പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും തമ്മിലുള്ള വിവാഹ വാർത്തയാണ് ട്രെന്‍ഡിങ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് വിവാഹക്കാര്യം ആദ്യം പരസ്യമാക്കിയത്. പിന്നാലെ വിവാഹ വിരുന്നിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യേയും ഇരു കുടുംബങ്ങളും നേരിൽ കണ്ട് ക്ഷണിക്കുകയും ചെയ്തു. എന്തായാലും ഒരിക്കല്‍ക്കൂടി നെറ്റിസണ്‍സ് തിരയുന്നത് ഐപിഎല്ലിലെ സജീവ മുഖമായ കാവ്യ മാരനെയാണ്...

ആരാണ് കാവ്യ മാരന്‍?

1992 ഓഗസ്റ്റ് ആറിന് ചെന്നൈയിലാണ് കാവ്യയുടെ ജനനം. ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ ശൃംഖലകളിൽ ഒന്നായ സൺ ടിവി നെറ്റ്‌വർക്കിന്റെ ഉടമയും പ്രമുഖ വ്യവസായിയുമായ കലാനിധി മാരന്റെ ഏക മകള്‍. സൺ ടിവി നെറ്റ്‌വർക്ക് സിഇഒയായ കാവേരി മാരനാണ് മാതാവ്. 2026-ലെ ഹുറുൻ റിച്ച് ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ മാധ്യമ സംരംഭകരിൽ ഒരാളായ കലാനിധി മാരന്റെ ആസ്തി ഏകദേശം 24,600 കോടി രൂപയാണ്. സൺ ടിവി നെറ്റ്‌വർക്കിന് പുറമെ ഐപിഎൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉടമസ്ഥതയും ഈ കുടുംബത്തിനുണ്ട്.

17,500 കോടി മുതൽ 18,400 കോടി രൂപ വരെ മൂല്യമുള്ള സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ സിഇഒയും സഹ ഉടമയുമാണ് കാവ്യ മാരൻ. കണക്കുകള്‍ പ്രകാരം ഏകദേശം 409 കോടി രൂപയാണ് കാവ്യയുടെ വ്യക്തിഗത ആസ്തി. യുകെയിലെ വാർവിക്ക് ബിസിനസ് സ്കൂളിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ കാവ്യ, 2019-ലാണ് സൺ ടിവി നെറ്റ്‌വർക്കിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. തുടർന്ന് പിതാവ് ഏറ്റെടുത്ത ഐപിഎൽ ടീമിന്റെ പ്രവർത്തനങ്ങളിലും ഐപിഎല്‍ വേദികളിലും കാവ്യ സജീവ സാന്നിധ്യമായി.

2023 മുതൽ ഐപിഎൽ താരലേല വേദിയില്‍ സജീവമായ കാവ്യയുടെ മുഖം വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. അമ്മയ്ക്കും മുത്തശ്ചനും ക്രിക്കറ്റ് ഇഷ്ടമായിരുന്നെന്നും ക്രിക്കറ്റിനോടുള്ള താല്‍പര്യമാണ് ഐപിഎൽ വേദിയിലേക്ക് എത്തിച്ചതെന്നും കാവ്യ പറഞ്ഞിട്ടുണ്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒരു വികാരമാണെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു. സൺറൈസേഴ്സിന്റെ ബ്രാൻഡ് മൂല്യം 18,000 കോടിയായി ഉയർത്തിയതിലും കാവ്യയ്ക്ക് പ്രധാന പങ്കുണ്ട്. ക്രിക്കറ്റിനപ്പുറത്ത് തികഞ്ഞ വാഹനപ്രേമികൂടിയാണ് കാവ്യ. റോൾസ് റോയ്സ് ഫാന്റം, ബെന്റ്ലി, ബിഎംഡബ്ല്യു എന്നീ ആഡംബര കാറുകളാണ് കാവ്യയുടെ ഗ്യാരേജിലുള്ളത്.

Image Credit: X

വിവാഹ വിശേഷങ്ങൾ

2025 ല്‍ റെഡ്ഡിറ്റിലാണ് അനിരുദ്ധും കാവ്യയും പ്രണയത്തിലാണെന്ന വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇരു കുടുംബങ്ങളും വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുവെന്നും കുറിപ്പിലുണ്ടായിരുന്നു. എന്നാല്‍ 'കല്യാണമോ! ഇങ്ങനെ ഓരോന്ന് പറഞ്ഞ് പരത്തല്ലേ' എന്നായിരുന്നു അനിരുദ്ധിന്‍റെ മറുപടി. പക്ഷേ അഭ്യൂഹങ്ങള്‍ തുടര്‍ന്നു. ജൂണില്‍ അനിരുദ്ധിന്‍റെ അമ്മാവന്‍ വൈ.ജി.മഹേന്ദ്ര കല്യാണക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു.

നവംബർ 11-ന് ഗ്രീസിൽ വെച്ചാണ് വിവാഹമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നവംബർ 21-ന് ചെന്നൈയിൽ വെച്ച് വിപുലമായ റിസപ്ഷനും നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്നാട് മുഖ്യമന്ത്രി വിജയ്, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങി പ്രമുഖ രാഷ്ട്രീയ നേതാക്കളെയും മന്ത്രിമാരെയും വിവാഹ വിരുന്നിൽ ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്കും വിരുന്നിലേക്ക് ക്ഷണമുണ്ട്.

ENGLISH SUMMARY:

The upcoming wedding of Sunrisers Hyderabad CEO Kavya Maran and renowned music composer Anirudh Ravichander has become a trending topic following news of top political leaders being invited to the event. Born into the influential Maran family as the daughter of Sun TV Network Chairman Kalanithi Maran, Kavya is a UK-educated business executive with an estimated personal net worth of ₹409 crore. Having taken charge as an Executive Director of Sun TV Network in 2019, she has played a pivotal role in elevating Sunrisers Hyderabad's brand value to around ₹18,000 crore. Reports indicate that the couple will tie the knot in Greece on November 11, followed by a grand wedding reception in Chennai on November 21.