Image Credit: X

  • 2025 ല്‍ റെഡ്ഡിറ്റിലാണ് അനിരുദ്ധും കാവ്യയും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ഇരു കുടുംബങ്ങളും വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുവെന്നും കുറിപ്പിലുണ്ടായിരുന്നു. എന്നാല്‍ 'കല്യാണമോ! ഇങ്ങനെ ഓരോന്ന് പറഞ്ഞ് പരത്തല്ലേ' എന്നായിരുന്നു അനിരുദ്ധിന്‍റെ മറുപടി.

സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും ഐപിഎല്‍ ടീമായ സണ്‍റൈസേഴ്സ് സിഇഒ കാവ്യ മാരനുമായുള്ള വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് വിവാഹക്കാര്യം പരസ്യമാക്കിയത്. മാരന്‍ കുടുംബാംഗങ്ങളുമൊത്തുള്ള ചിത്രങ്ങളും വിഡിയോയും പങ്കുവച്ചതിന് പുറമെ നവംബര്‍ 21നാകും വിവാഹ സല്‍ക്കാരം നടക്കുകയെന്ന വിവരവും അദ്ദേഹം പുറത്തുവിട്ടു. തെലങ്കാന സിഎംഒയുടെ പേജിലാണ് ചിത്രങ്ങളും വിവാഹ സല്‍ക്കാരത്തിന്‍റെ വിവരങ്ങളും പോസ്റ്റ് ചെയ്തത്. 

'സണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരന്‍, ഭാര്യ കാവേരി മാരന്‍ എന്നിവര്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ അദ്ദേഹത്തിന്‍റെ ജൂബിലി ഹില്‍സിലുള്ള വസതിയിലെത്തി മകള്‍ കാവ്യ മാരന്‍റെ വിവാഹസല്‍ക്കാരത്തിന് ക്ഷണിച്ചു. ചെന്നൈയില്‍ നവംബര്‍ 21നാകും കാവ്യ മാരന്‍റെയും അനിരുദ്ധ് രവിചന്ദറിന്‍റെയും വിവാഹ സല്‍ക്കാരം നടക്കുക'. മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. 

2025 ല്‍ റെഡ്ഡിറ്റിലാണ് അനിരുദ്ധും കാവ്യയും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ഇരു കുടുംബങ്ങളും വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുവെന്നും കുറിപ്പിലുണ്ടായിരുന്നു. എന്നാല്‍ 'കല്യാണമോ!  ഇങ്ങനെ ഓരോന്ന് പറഞ്ഞ് പരത്തല്ലേ' എന്നായിരുന്നു അനിരുദ്ധിന്‍റെ മറുപടി. പക്ഷേ അഭ്യൂഹങ്ങള്‍ തുടര്‍ന്നു. 

ജൂണില്‍ അനിരുദ്ധിന്‍റെ അമ്മാവന്‍ വൈ.ജി.മഹേന്ദ്ര കല്യാണക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹം എവിടെ വച്ചായിരിക്കുമെന്നതിനെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയില്ലെങ്കിലും കാവ്യ മാരനെ പുകഴ്ത്തി സംസാരിക്കുകയുണ്ടായി. ഇരുവരും നല്ല ജോഡിയായിരിക്കുമെന്നും പറഞ്ഞു. 

അതേസമയം, അനിരുദ്ധോ കാവ്യയോ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഗ്രീസില്‍ വച്ചാകും വിവാഹമെന്നും സെലിബ്രിറ്റികളെ ക്ഷണിച്ചുകഴിഞ്ഞുവെന്നും നേരത്തെ വാര്‍ത്തകളും പുറത്തുവന്നു. ഇക്കാര്യം ശരിവയ്ക്കുന്നതാണ് തെലങ്കാന മുഖ്യമന്ത്രിയുടെ എക്സ് പോസ്റ്റും. 

ENGLISH SUMMARY:

The wedding reception of music composer Anirudh Ravichander and Kavya Maran, CEO of IPL franchise Sunrisers Hyderabad, has reportedly been scheduled for November 21 in Chennai. Telangana Chief Minister A. Revanth Reddy shared photographs and videos of Sun Group chairman Kalanithi Maran and his wife Kavery Maran visiting his Jubilee Hills residence to invite him to the reception. The announcement has renewed interest in rumours about the couple’s relationship that surfaced in 2025, although Anirudh had previously dismissed the speculation. Neither Anirudh nor Kavya has made an independent official announcement about the wedding, according to the supplied report.