സെലിബ്രിറ്റികളുടെ വിവാഹം ആരാധകരും സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്ന വാര്‍ത്തയാണ്. വിവാഹ വിശേഷങ്ങളും തെരഞ്ഞെടുക്കുന്ന സ്ഥലവും ആടയാഭരണങ്ങളും ഡ്രസിങ് സ്റ്റൈലുമെല്ലാം പലപ്പോഴും ആരാധകര്‍ ചര്‍ച്ചയാക്കുന്ന കാര്യങ്ങളുമാണ്. എന്നാല്‍ വിവാഹവും, കുടുംബ ജീവിതവും തന്‍റെ മാത്രം സ്വകാര്യതയാണെന്നു തുറന്നു പറയുകയാണ് ബോളിവുഡ് താരം തപ്സി പന്നു. മൂന്നു വര്‍ഷം മുന്‍പ് നടന്ന ബാഡ്മിന്റൺ താരം മത്തിയാസ് ബോയുമായുള്ള വിവാഹം സ്വകാര്യമാക്കി വെച്ചതിനും, വിവാഹ ചിത്രങ്ങളോ വിഡിയോകളോ പുറത്തുവിടാതിരുന്നതിനുമുള്ള കാരണം വ്യക്തമാക്കിയിരിക്കുകാണ് താരമിപ്പോള്‍. തന്റെ വ്യക്തിജീവിതവും കരിയറും എപ്പോഴും വേറിട്ട് നിർത്താനാണ് ആഗ്രഹിക്കുന്നതെന്നും, വിവാഹം പോലുള്ള കാര്യങ്ങൾ പരസ്യമായി പ്രഖ്യാപിക്കേണ്ട ആവശ്യകതയില്ലെന്നും ഒരു അഭിമുഖത്തിലാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്.
വിവാഹം പരസ്യപ്പെടുത്താതിരുന്നത് ഒളിപ്പിച്ചു വയ്ക്കണമെന്ന ഉദ്ദേശം കൊണ്ടല്ലെന്ന് തപ്സി വ്യക്തമാക്കുന്നു. 'എന്റെ വിവാഹം ഒരു പൊതു പ്രഖ്യാപനമാക്കി മാറ്റേണ്ട ആവശ്യകത എന്താണ്? എന്റെ വ്യക്തിജീവിതവും കരിയറും വ്യത്യസ്തമായി കൊണ്ടുപോകാനാഗ്രഹിക്കുന്ന ആളാണ് ഞാന്‍. വിവാഹം വ്യക്തിപരമായ കാര്യമാണ്, അത് അങ്ങനെ തന്നെ സൂക്ഷിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പ്രസ് റിലീസോ ഫോട്ടോകളോ വിഡിയോകളോ പുറത്തുവിടുന്നത് അത്ര സുഖകരമായി തോന്നിയിട്ടില്ല'- താരം പറയുന്നു. 2023 ഡിസംബറിലായിരുന്നു തപ്സിയും കായിക താരം മത്തിയാസ് ബോയും കോർട്ട് തമ്മിലുള്ള വിവാഹം. 2024 മാർച്ചിൽ ഉദയ്പുരിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ രീതിയിൽ വിവാഹാഘോഷങ്ങളും നടന്നു. തങ്ങളുടെ വിവാഹ യാത്രയിൽ ഒപ്പം നിന്നവരുടെ കയ്യിൽ ചിത്രങ്ങളും വിഡിയോകളുമുണ്ടെന്നും, സുഹൃത്തുക്കളുമായി അത് പങ്കുവെച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
വിവാഹ ചിത്രങ്ങൾ പരസ്യമാക്കാത്തതിന് പിന്നിൽ മത്തിയാസിന്റെ കൂടി സ്വകാര്യതയെ സംരക്ഷിക്കുക എന്ന ലക്ഷ്യം കൂടിയുണ്ടെന്ന് തപ്സി പറയുന്നു. താൻ സിനിമയിൽ സജീവമായ വ്യക്തിയായതിനാൽ മാധ്യമ ശ്രദ്ധ എപ്പോഴും നേരിടേണ്ടിവരുന്നു. കായിക രംഗത്തുള്ള മതിയാസും അദ്ദേഹത്തിന്റെ കുടുംബവും അനാവശ്യമായ പൊതുചർച്ചകൾക്കോ മാധ്യമ ശ്രദ്ധയ്ക്കോ ഒരിക്കലും തയ്യാറല്ല. അവരുടെ സ്വകാര്യതയെ ബാധിക്കുന്ന ഒന്നും പുറത്തുവിടാൻ താൻ ആഗ്രഹിക്കുന്നില്ല, തപ്സി വ്യക്തമാക്കി.
എന്നാല്‍ ഉദയ്പുരിൽ നടന്ന വിവാഹ ആഘോഷത്തിന്റെ ഒരു വിഡിയോ സൈബറിടങ്ങളില്‍ പ്രചരിച്ചതില്‍ താരം അതൃപ്തിയും രേഖപ്പെടുത്തി. ഫോട്ടോകൾ ക്ലിക്ക് ചെയ്‌താലും ദയവായി അവ പോസ്റ്റ് ചെയ്യരുതെന്ന് വന്നു ചേര്‍ന്ന അതിഥികളോട് ആത്മാർത്ഥമായി പറയുമ്പോൾ അവർ അത് വിലമതിക്കുമെന്ന് ഞാൻ വിശ്വസിച്ചത്. ചിലപ്പോൾ നമ്മൾ നേരിട്ട് ക്ഷണിക്കാത്തതോ, കുടുംബാംഗങ്ങൾ ക്ഷണിച്ചയച്ച ചില അതിഥികളിൽ നിന്നാകും അത്തരമൊരു വീഴ്ചയുണ്ടായത്, തപ്സി പറഞ്ഞു.
2013 മുതൽ തപ്‌സിയും മത്തിയാസും ഒരുമിച്ചാണ് താമസിക്കുന്നത്. വർഷങ്ങളായി ഇരുവരും തങ്ങളുടെ ബന്ധം രഹസ്യമാക്കി വച്ചു. ഇടയ്ക്കിടെ ഫോട്ടോഗ്രാഫുകളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും, തപ്‌സി അവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് വിശദമായി ചർച്ച ചെയ്തിരുന്നില്ല. 13 വർഷത്തെ ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിന് കാരണം പരസ്പരമുള്ള വിശ്വാസവും ബഹുമാനവുമാണെന്ന് തപ്സി പറയുന്നു. സിനിമയിൽ അരങ്ങേറ്റം കുറിച്ച അതേ വർഷം മുതലാണ് തങ്ങൾ പ്രണയത്തിലായതെന്നും, തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നാണ് അതെന്നും താരം കൂട്ടിച്ചേർത്തു.