സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമങ്ങൾ നടക്കുമ്പോൾ ഉണ്ടാകാത്തത്ര പ്രതിഷേധങ്ങൾ സ്ത്രീകളുടെ വസ്ത്രധാരണത്തിനുമേൽ ഉണ്ടാകുന്നത് എന്താണെന്ന് ചോദിക്കുന്ന പോസ്റ്റ് ലൈക്ക് ചെയ്ത് ബോളിവുഡ് താരം കൃതി സനോൺ. രാജ്യത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ പ്രതിഷേധങ്ങൾ കണക്കുകയാണ്. ഇതിനിടെയിലാണ് കൃതി സനോൺ പോസ്റ്റ് ലൈക്ക് ചെയ്തത്. അടുത്തിടെ ഒരു ആഭരണപരസ്യത്തിൽ അഭിനയിനയിച്ചപ്പോൾ കൃതി ധരിച്ച വസ്ത്രത്തിനെതിരെ വ്യാപക വിമർശങ്ങൾ ഉയർന്നിരുന്നു. കൃതിക്കെതിരെ വലത് സൈബർ ഹാൻഡിലുകളിൽ നിന്ന് വലിയ രീതിയിലുള്ള ആക്രമണമായിരുന്നു നടന്നത്.
പരസ്യത്തിൽ നടി ക്ലീവേജ് കാണിക്കുന്നെന്ന് പറഞ്ഞ് വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടന്നതെന്നും എന്നാൽ ലൈംഗിക അതിക്രമം, ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നിവയിൽ ഈ രാജ്യത്ത് അത്രയധികം പ്രതിഷേധം ഉണ്ടാക്കുന്നില്ലെന്നും പറയുന്ന പോസ്റ്റാണ് നടി ലൈക്ക് ചെയ്തത്.
കഴിഞ്ഞമാസം ഒരു ജ്വല്ലറി ബ്രാൻഡിന്റെ രക്ഷാ ബന്ധൻ പരസ്യത്തിൽ അഭിനയിച്ചതിന് ശേഷമാണ് കൃതിക്ക് വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിട്ടത്. സഹോദരനും വളർത്തുനായയ്ക്കുമൊപ്പം രക്ഷാ ബന്ധൻ ആഘോഷിക്കുന്നതായി കാണിച്ച പരസ്യത്തിൽ കൃതി ധരിച്ച വസ്ത്രത്തിന്റെ കഴുത്തിറക്കത്തെ ചൊല്ലിയാണ് വിമർശനങ്ങൾ ആരംഭിക്കുന്നത്. ആ ബ്രാൻഡിന്റെ ചില ഷോറൂമുകളിൽ സംഘർഷങ്ങൾ വരെ നടന്നിരുന്നു. തുടർന്ന് ജ്വല്ലറി ബ്രാൻഡ് തന്നെ പരസ്യം പിൻവലിക്കുകയായിരുന്നു. സ്ത്രീകളുടെ സാംസ്കാരിക മൂല്യങ്ങളെ അവരുടെ വസ്ത്രങ്ങൾ നോക്കി വിലയിരുത്തുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്തുകൊണ്ട് കൃതി അന്ന് വിമർശനത്തിന് മറുപടി നൽകിയിരുന്നു.
അതേസമയം രാജ്യത്ത് സ്ത്രീകൾക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ ഭയാനകമായ രീതിയിൽ ഉയരുകയാണ്. ഡൽഹിയിൽ കഴിഞ്ഞദിവസം പതിനേഴുവയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായതിനെത്തുടർന്ന് ഡൽഹി യൂണിവേഴ്സിറ്റിയിലെ നിരവധി കോളേജുകളിലെ വിദ്യാർഥികൾ സെപ്റ്റംബർ 23ന് കാമ്പസുകളിലെ സുരക്ഷാ ആശങ്കകൾ ഉന്നയിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.