Image Credit: Prothom Alo

  • 'നോക്കൂ, ഇവര്‍ ചായ കുടിക്കുകയാണ്. എന്ത് ചായയാണ് എന്നറിയാമോ? ഇത് ഗോ മൂത്രം കലര്‍ത്തിയ ചായയാണ്' എന്നായിരുന്നു വ്ലോഗറുടെ വാക്കുകള്‍.

ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ചേരികളിലെത്തി വിഡിയോ ചിത്രീകരിച്ച ശേഷം അത് ഡല്‍ഹിയെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ചൈനീസ് വ്ലോഗര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് ഇന്ത്യ. ഇന്ത്യയെ രാജ്യാന്തര സമൂഹത്തിന് മുന്നില്‍ താറടിച്ച് കാണിക്കുന്നതിനായി വ്യാജ നിര്‍മിതികള്‍ ചൈന കൊണ്ടുവരികയാണെന്നും  ഇങ്ങനെ തരംതാഴ്ന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നവരുടെ നിലവാരമാണ് ഇതില്‍ നിന്ന് പ്രകടമാകുന്നതെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. 'മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും വിഡിയോകളും മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഏത് രാജ്യത്തെയും ഇത്തരത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ധാക്കയിലെ ചില ഭാഗങ്ങളെ ഡല്‍ഹിയെന്ന തരത്തില്‍ ചിത്രീകരിക്കുന്നത് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ യഥാര്‍ഥ നിറമാണ് വെളിച്ചത്ത് കൊണ്ടുവരുന്നത്'- വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ബന്ധപ്പെട്ട അധികാരികള്‍ ഈ വ്ലോഗര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

150 ചൈനീസ് പൗരന്‍മാരാണ് ധാക്കയിലും പരിസരങ്ങളിലും മാസങ്ങളോളം താമസിച്ച് ചേരികളും തെരുവുകളും പകര്‍ത്തിയ ശേഷം 'ന്യൂഡല്‍ഹിയുടെ യഥാര്‍ഥ മുഖം ഇതാ' എന്ന പേരില്‍ വിഡിയോ പങ്കുവച്ചതെന്ന് ബംഗ്ലദേശി മാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രോതം അലോ നടത്തിയ അന്വേഷണത്തിലാണ് ധാക്കയിലെ തെക്രാകയിലും ഉത്താരയിലും ചൈനീസ് വ്ലോഗര്‍മാര്‍ വിഡിയോ എടുത്ത ശേഷം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവയ്ക്കുകയും ഇവിടെ നിന്നും ലൈവ് സ്ട്രീം ചെയ്യുകയും ചെയ്തത്. ഇത് സംഘടിതമായി തെറ്റിദ്ധാരണ പരത്താനുള്ള ക്യാംപെയിനിന്‍റെ ഭാഗമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ആളുകളുടെ വീടുകളിലുള്‍പ്പടെ കയറി ഇവര്‍ വിഡിയോ ചിത്രീകരിക്കുകയും ഡല്‍ഹിയില്‍ നിന്നാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. 

ചൈനയിലെ സിചുവാന്‍ സ്വദേശിയായ മിയന്‍മിയന്‍ എന്ന യുവതി ഉത്താരയിലെ സെക്ടര്‍ 12 ല്‍ നിന്നും നവംബര്‍ ഒന്നിന് വിഡിയോ ചെയ്തിരുന്നു. താന്‍ നില്‍ക്കുന്നതിന്‍റെ പരിസരത്തുള്ള അവികസിതവും വൃത്തിഹീനവുമായ പ്രദേശം ഡല്‍ഹിയിലേതാണെന്ന് അവകാശപ്പെട്ടായിരുന്നു വിഡിയോ. 'ഇതാണ് ന്യൂഡല്‍ഹി. ഇവരുട വീടുകള്‍ ആകെ വൃത്തിഹീനമാണ്. ടിന്‍ മേല്‍ക്കൂരയുള്ള ഈ വീടുകളിലൊന്നും ഫാന്‍ പോലുമില്ല. തീര്‍ത്തും അവികസിതമാണിവിടം. നിയമവാഴ്ച പേരിന് പോലുമില്ല' എന്നാണ് വിഡിയോയില്‍ യുവതി പറഞ്ഞതെന്ന് ബംഗ്ലദേശി ദിനപത്രമായ പ്രോതം ആലോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

 ധാക്കയിലെ തന്നെ തെക്പാരയിലെ ചായക്കടയില്‍ നിന്നും മറ്റൊരു വ്ലോഗറും ലൈവ് സ്ട്രീം ചെയ്തിരുന്നു. 'നോക്കൂ, ഇവര്‍ ചായ കുടിക്കുകയാണ്. എന്ത് ചായയാണ് എന്നറിയാമോ? ഇത് ഗോ മൂത്രം കലര്‍ത്തിയ ചായയാണ്' എന്നായിരുന്നു വ്ലോഗറുടെ വാക്കുകള്‍. പ്രദേശവാസികളുടെ ജീവിത രീതികളെയും ദരിദ്രാവസ്ഥയെയും പരിഹസിക്കുന്ന വാക്കുകളും വ്ലോഗര്‍മാര്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള തെറ്റായ വിഡിയോകളും വിവരണങ്ങളും ഇന്ത്യയെ കുറിച്ച് മോശം കാഴ്ചപ്പാട് പരത്തുമെന്നും  കര്‍ശന നടപടി ഉണ്ടാകണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

ENGLISH SUMMARY:

India has urged to take action against Chinese vloggers who allegedly filmed slum areas in Dhaka and circulated the videos on social media, falsely claiming they were from New Delhi. The Ministry of External Affairs criticised the alleged campaign, saying such attempts to misrepresent another country and damage its international image were deplorable. According to Bangladeshi media reports, around 150 Chinese nationals had been staying in Dhaka and nearby areas, filming impoverished neighbourhoods and presenting them as parts of India's capital. An investigation by Bangladeshi newspaper Prothom Alo reportedly found that the videos included misleading claims about living conditions, law and order and even the use of cow urine in tea.