ദീപാവലിക്ക് ശേഷം ഡല്‍ഹി നഗരത്തിലെ പുകപടലം കണ്ട് ഞെട്ടിയെങ്കില്‍ അതിലും പുകമൂടിയിരിക്കുന്ന ലാഹോറിന്‍റെ ദൃശ്യങ്ങള്‍ കണ്ടാല്‍ ഞെട്ടലിന്‍മേല്‍ ഞെട്ടലായിരിക്കും. പാക്കിസ്ഥാനിലെ പഞ്ചാബ് തലസ്ഥാനമായ ലാഹോറാണ് പുകമൂടിക്കെട്ടി വായുഗുണനിലവാരവും കുറഞ്ഞ് ഭീകരമായ അവസ്ഥയിലായിരിക്കുന്നത്. എന്നാല്‍ പുകപടലത്തിന്‍റെ ഉത്തരവാദിയെന്ന് പറ​ഞ്ഞ് പാക്കിസ്ഥാന് വിരല്‍ ചൂണ്ടുന്നത് ഇന്ത്യയിലേക്കാണ്. 

രാജ്യാന്തര വായുഗുണനിലവാര സൂചികാ വിദഗ്ധരായ സ്വിസ് കമ്പനിയായ IQAir റാങ്കിങ് പ്രകാരം ലോകത്തിലേറ്റവും മലിനമായ അന്തരീക്ഷമുള്ള ജനസംഖ്യയുള്ള നഗരമാണ് ലാഹോര്‍. തണുപ്പുകാലമടുക്കുന്നതോടെ ഡല്‍ഹിക്ക് സമാനമായി ലാഹോറിലും പുകമഞ്ഞുണ്ടാകാറുണ്ട്. ചൊവ്വാഴ്ചത്തെ കണക്ക് പ്രകാരം ഡല്‍ഹിയില്‍ വായുഗുണനിലവാരം 306 മുതല്‍ 311 വരെയാണെന്നിരിക്കെ ലാഹോറില്‍ ഇത് 347നും 357നും ഇടയിലാണ്. 

എന്നാല്‍ ഡല്‍ഹിയിലെ ദീപാവലി ആഘോഷങ്ങളാണ് ലാഹോറില്‍ അന്തരീക്ഷം ഇത്ര മോശമാകാന്‍ കാരണമെന്നാണ് പാക്കിസ്ഥാന്‍ അധികൃതര്‍ ആരോപിക്കുന്നത്. പാക്കിസ്ഥാന്‍ പ്രകൃതിസംരക്ഷണവകുപ്പ് മന്ത്രി മറിയം ഔറാംഗസേബാണ് ഇന്ത്യയിലെ പുക വായുവിലൂടെ പറന്ന് പാക്കിസ്ഥാനിലെത്തിയതാണ് ലാഹോര്‍ പുകമയമാകാന്‍ കാരണമെന്ന് പറഞ്ഞത്. 

എന്നാല്‍ കൗതുകകരമായ കാര്യമെന്തെന്നാല്‍ ഡല്‍ഹിയിലെ വായു പാക്കിസ്ഥാനിലേക്ക് പറന്നാല്‍ ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക മെച്ചപ്പെട്ടതാകേണ്ടതാണ്. എന്നാല്‍ ഡല്‍ഹി ദിനംപ്രതി വായുഗുണനിലവാരം  മോശമായി വരുന്ന അവസ്ഥയാണ്. 

ENGLISH SUMMARY:

Lahore air pollution has reached alarming levels according to IQAir rankings, surpassing Delhi's smog crisis. Pakistani officials have bizarrely blamed cross-border winds from India's Diwali celebrations for their worsening air quality.