Image: facebook/vtbalram & Jatayuearthscenter

നിതേഷ് തിവാരിയുടെ ‘രാമായണ: പാർട്ട് 1’ തിയറ്ററുകളിൽ തരംഗം സ‍ൃഷ്ടിക്കുമ്പോള്‍ സോഷ്യല്‍ ലോകത്ത് ചര്‍ച്ചയാകുകയാണ് കൊല്ലം ചടയമംഗലത്തെ ജടായു എർത്ത് സെന്ററിലെ ജടായു ശില്‍പവും. ഇടതു ചിറകറ്റ് വലതു ചിറകു വിടർത്തി കൊക്കും കാൽ നഖങ്ങളുമുയർത്തി കിടക്കുന്ന ജടായുവിന്‍റെ രൂപത്തിലാണ് ശിൽപം. ശില്‍പത്തിന്‍റെ മനോഹരമായ ചിത്രങ്ങളും വിഡിയോകളും ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ ലോകത്ത് വൈറലാണ്. പിന്നാലെയിതാ ഇത്തരം നിര്‍മിതികള്‍ ഇനിയും കേരളത്തിൽ ഉണ്ടാവണം എന്ന് കുറിച്ച് രംഗത്തെത്തിയിരിക്കുകയാണ് തൃത്താല എംഎല്‍എ വി.ടി.ബല്‍റാം.

ജടായുവിന്‍റെ മനോഹരമായ ദൃശ്യങ്ങൾ ഇപ്പോഴാണ് കൂടുതൽ ശ്രദ്ധയാകർഷിക്കുന്നതെന്നും രാജ്യാന്തര നിലവാരത്തിലുള്ള, കലാപരമായ മികവ് പുലർത്തുന്ന കെട്ടിടങ്ങളും നിർമ്മിതികളും ഇത്തരം കെട്ടിടങ്ങളും നിര്‍മിതകളും ഇനിയും ഉണ്ടാവണമെന്നും ബല്‍റാം തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഒപ്പം ‘ചുമ്മാ ചില പ്രതിമകൾ ഉണ്ടാക്കിവക്കുന്ന മറ്റ് സംസ്ഥാനങ്ങൾക്കും ഇത് മാതൃകയാവണം’ എന്നൊരു പരോക്ഷ വിമര്‍ശനവും പോസ്റ്റിലുണ്ട്. ഒരു സംസ്ഥാനത്തിന്‍റേയും പേരെടുത്ത് പറയാതെയാണ് ഈ വിമര്‍ശനം.

എന്നാല്‍ പോസ്റ്റിന്‍റെ കമന്‍റ് സെഷനിലെ ചര്‍ച്ച മറ്റൊന്നാണ്. എപ്പോളെത്തെയും പോലെ ‘ജടായുവിന്‍റെ ക്രെ‍ഡിറ്റ് ആര്‍ക്ക്’ എന്നതാണ് വിഷയം. ‘എകെ ആന്റണി എന്ന മനുഷ്യന്റെ ഇച്ഛാ ശക്തി ആണ് ജടായു പ്രതിമ’ എന്നാണ് പോസ്റ്റിന് താഴെയുള്ള ഒരു കമന്‍റ്. പിന്നാലെ ‘ആന്റണി സർക്കാരിന് ഒരു ബന്ധവുമില്ല നായനാർ സർക്കാർ തുടക്കമിട്ട്... നിർമ്മാണം ആരംഭിച്ചു, ഉമ്മൻചാണ്ടി സർക്കാർ, വിഎസ് സർക്കാർ മുന്നോട്ടു കൊണ്ടുപോയി.. പിണറായി സർക്കാർ, നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു’ എന്ന് മറുപടിയെത്തി. ഒപ്പം പദ്ധതി വിഭാവനം ചെയ്തു പ്രവർത്തികമാക്കിയത് ചടയമംഗലം എംഎൽഎ ആയിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ ആയിരുന്നുവെന്നും ഒരുകൂട്ടര്‍ അഭിപ്രായപ്പെടുന്നു. ശില്‍പിയായ രാജീവ് അഞ്ചലിനെ പിന്തുണച്ചും കമന്‍റുകളുണ്ട്.

ജടായു എർത്ത് സെന്റര്‍

കൊല്ലം ജില്ലയിലെ ചടയമംഗലം ജടായുപ്പാറയിൽ സ്ഥിതി ചെയ്യുന്ന ഉദ്യാനവും വിനോദ സഞ്ചാര കേന്ദ്രവുമാണ് ജടായു എർത്ത് സെന്റര്‍ അഥവാ ജഡായു നേച്ചർ പാർക്ക്. പ്രശസ്ത സിനിമ സംവിധായകനും ശിൽപിയുമായ രാജീവ് അഞ്ചലും സംഘവും 10 വർഷം കൊണ്ടാണ് ശിൽപം നിർമിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷി ശില്‍പം കൂടിയാണിത്. സമുദ്രനിരപ്പില്‍ നിന്നും 1000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശില്‍പ‌ത്തിന്, 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യ വിനോദസഞ്ചാരപദ്ധതിയാണിത്. മ്യൂസിയം, 6ഡി തിയേറ്റർ, കേബിൾ കാർ യാത്ര, സാഹസിക പാർക്ക് എന്നിവയാണ് മറ്റ് പ്രധാന ആകർഷണങ്ങൾ. എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് സന്ദര്‍ശന സമയം. നടന്നുപോകാന്‍ ഒരാള്‍ക്ക് 325 രൂപയും റോപ് വേ വഴിയാണെങ്കില്‍ ഒരാള്‍ക്ക് 555 രൂപയുമാണ് ഫീസ്.

ENGLISH SUMMARY:

As Nitesh Tiwari's 'Ramayana: Part 1' creates waves in theaters, the world's largest bird sculpture at Jatayu Earth Centre in Chadayamangalam, Kollam, has gone viral on social media. Thrithala MLA V.T. Balram praised the international artistic standards of the monument while taking a subtle dig at statues built in other states.