നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍മൂലം ഏറെ നാളായി കിടപ്പിലായിരുന്നു. കോഴിക്കോട് മാങ്കാവിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. സുഡാനി ഫ്രം നൈജീരിയ'യിലെ കഥാപാത്രം ശ്രദ്ധ നേടി. ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടി.

തിരുവണ്ണൂർ കോട്ടൺമിൽ തൊഴിലാളിയായിരുന്ന വേലിക്കൽ അപ്പുട്ടിയുടെയും പെണ്ണൂട്ടിയുടെയും രണ്ടാമത്തെ മകളായ സാവിത്രിയെ കലാരംഗത്തേക്ക് കൈപിടിച്ചു നടത്തിയത് കലാകാരൻ കൂടിയായ അച്ഛൻ തന്നെയായിരുന്നു. പിന്നീടു ഭർത്താവ് ശ്രീധരന്റെ ഉറച്ച പിന്തുണയും പ്രോത്സാഹനവും. കെ.ടി. മുഹമ്മദിന്റെ കലിംഗ തിയറ്റേഴ്സ്, വിൽസൺ സാമുവലിന്റെ സംഗമം തിയറ്റേഴ്സ്, വിക്രമൻ നായരുടെ സ്റ്റേജ് ഇന്ത്യ, ഇബ്രാഹിം വെങ്ങരയുടെ ചിരന്തന തിയറ്റേഴ്സ് എന്നീ പ്രഫഷനൽ നാടക സംഘങ്ങളുടെ കൂടെ ഇന്ത്യ മുഴുവൻ നാടകവുമായി സഞ്ചരിച്ചു. ‘രാജസഭ’യിലെ വേഷത്തിനു 1993ലെ മികച്ച നടിക്കുള്ള സംസ്ഥാന നാടക പുരസ്കാരവും ലഭിച്ചു. 

നാലര പതിറ്റാണ്ടുകാലത്തെ നാടക പ്രവർത്തനത്തിനു ശേഷം 74–ാം വയസിൽ കോഴിക്കോട് വെസ്റ്റ് മാങ്കാവിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കവെയാണ് ഒരു മുഴുനീള കഥാപാത്രവുമായി യുവ സംവിധായകൻ സക്കരിയ സാവിത്രി ശ്രീധരനെ സമീപിക്കുന്നത്. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിൽ സൗബിൻ ഷാഹിർ അവതരിപ്പിച്ച ഫുട്ബോൾ മാനേജരുടെ ഉമ്മയുടെ കഥാപാത്രത്തെ സാവിത്രി അവിസ്മരണീയമാക്കി.  എം.ടി.വാസുദേവൻ നായർ സംവിധാനം ചെയ്ത ‘കടവ്’ എന്ന സിനിമയിലെ ചെറിയൊരു വേഷത്തിലാണ് അവര്‍ അതിന് അഭിനയിച്ചിരുന്നത്. സുനീഷ്, പ്രസീദ, സബീന എന്നിവരാണ് മക്കൾ.

ENGLISH SUMMARY:

Veteran theatre and film actress Savithri Sreedharan passed away at her residence in Mankavu, Kozhikode, due to age-related ailments.