• ശേഖർ കപൂർ മുമ്പ് വിവാഹിതനുമായിരുന്നു എന്നതും 30 വർഷത്തെ പ്രായവ്യത്യാസവും കാരണത്താല്‍ സുചിത്രയുടെ വീട്ടിൽ അവരുടെ ബന്ധത്തിന് കടുത്ത എതിർപ്പായിരുന്നു

'പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശിപൊട്ടറ്റോ ചൊല്ലി...' ജയറാം നായകനായ കിലുക്കാംപെട്ടിയിലെ ഈ ഗാനം ഇന്നും മലയാളികളുടെ ചുണ്ടിലുണ്ട്. 1991 ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത കോമഡി ചിത്രത്തില്‍ ജയറാം വേലക്കാരന്‍റെ വേഷം കെട്ടി നായികയെ പ്രേമിക്കാന്‍ എത്തുകയാണ്. പിന്നീട് 'കഭി ഹാൻ കഭി നാ' എന്ന ചിത്രത്തിലൂടെ ഷാരുഖ് ഖാന്‍റെ നായികവരെയായ സുചിത്ര കൃഷ്ണമൂര്‍ത്തിയായിരുന്നു കിലുക്കാംപെട്ടിയില്‍ നായികയായത്. സിനിമയ്ക്കും അപ്പുറത്ത് വലിയൊരു പരാജയ പ്രണയകഥയിലെ നായികയാണ് സുചിത്ര. 

30 വയസ് വ്യത്യാസമുള്ള  സംവിധായകൻ ശേഖർ കപൂറുമായുള്ള സുചിത്രയുടെ വിവാഹവും പിന്നീട് വിവാഹമോചനത്തിൽ കലാശിച്ച ബന്ധവും ബോളിവുഡില്‍ ഏറെ കാലം ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, ആ ബന്ധത്തിന്റെ തുടക്കകാലത്തെക്കുറിച്ചും കുടുംബം എതിർത്തിട്ടും താൻ എടുത്ത ആ തീരുമാനത്തെക്കുറിച്ചും തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം.

താന്‍ പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ കോളജിൽ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് ശേഖർ കപൂറിനെ ആദ്യമായി കണ്ടതെന്ന് സുചിത്ര ഓർക്കുന്നു. അന്ന് ശേഖര്‍ കപൂറിന്‍റെ ആരാധികയായിരുന്ന സുചിത്ര പിന്നീട് അദ്ദേഹവുമായി അടുത്തു. ആ ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു. ശേഖർ കപൂർ മുമ്പ് വിവാഹിതനുമായിരുന്നു എന്നതും 30 വർഷത്തെ പ്രായവ്യത്യാസവും കാരണത്താല്‍ സുചിത്രയുടെ വീട്ടിൽ ഈ ബന്ധത്തിന് കടുത്ത എതിർപ്പായിരുന്നു.

ശേഖര്‍ കപൂറുമായുള്ള വിവാഹാലോചനയുമായി മുന്നോട്ട് പോയപ്പോൾ കുടുംബാംഗങ്ങൾ എങ്ങനെ പ്രതികരിച്ചുവെന്ന് സുചിത്ര വെളിപ്പെടുത്തി.'അമ്മ എന്റെ കാലിൽ വീണ്, ദയവായി ഈ ബന്ധവുമായി മുന്നോട്ട് പോകരുതെന്ന് കരഞ്ഞു അപേക്ഷിച്ചു'. സഹോദരിയും ഈ ബന്ധത്തെ ശക്തമായി എതിർത്തു. എന്നിട്ടും, വീട്ടുകാരുടെ എതിർപ്പുകളെല്ലാം അവഗണിച്ച് 1999-ൽ ശേഖർ കപൂറിനെ സുചിത്ര വിവാഹംകഴിച്ചു. 

വിവാഹത്തിന്റെ ആദ്യ വർഷം മുതൽ തങ്ങളുടെ ബന്ധത്തിൽ പ്രശ്നങ്ങൾ തുടങ്ങിയെന്ന് സുചിത്ര വെളിപ്പെടുത്തുന്നു. ഗർഭിണിയായതുകൊണ്ട് മാത്രമാണ് താൻ ആ ബന്ധത്തിൽ തുടർന്നതെന്നും, അല്ലെങ്കിൽ അന്നേ ആ വിവാഹബന്ധം അവസാനിപ്പിക്കുമായിരുന്നു എന്നും സുചിത്ര തുറന്നുപറഞ്ഞു. ഒടുവിൽ 2007-ൽ ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായി. ഈ പ്രതിസന്ധി ഘട്ടത്തിൽ തന്റെ മാതാപിതാക്കൾ തനിക്ക് നൽകിയ പിന്തുണ വലുതാണെന്നും, 'നീ ഒരു അനാഥയല്ല, നിനക്ക് അപമാനമുണ്ടാക്കുന്ന ഒന്നിനെയും നീ സഹിക്കേണ്ടതില്ല' എന്ന് പറഞ്ഞ് അമ്മ തനിക്കൊപ്പം നിന്നതായും സുചിത്ര ഓർത്തെടുത്തു. 

വിവാഹമോചനത്തിന് ശേഷം മകൾ കാവേരി കപൂറിനെ തനിയെയാണ് സുചിത്ര വളർത്തിയത്. മകൾക്ക് അച്ഛന്റെ സ്നേഹവും ഒപ്പം താനൊരുക്കുന്ന സുരക്ഷിതത്വവും മികച്ച രീതിയിൽ നൽകാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ന് മകൾക്ക് കൂടുതൽ അടുപ്പമുള്ളത് അച്ഛനോടാണ്. അതൊരു വലിയ കാര്യമായി കാണുന്നു, സുചിത്ര പറയുന്നു. 

ENGLISH SUMMARY:

Suchitra Krishnamurthy's past relationship with Shekhar Kapur is being discussed, shedding light on their 30-year age difference and her family's strong opposition. She opened up about the beginning of their relationship, her family's pleas against it, and her eventual decision to marry him despite their objections.