• അമിതാഭ് ബച്ചന്‍ പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്ററില്‍ 'റിട്ടയര്‍' എന്ന വാക്ക് ഉപയോഗിച്ചതാണ് ആരാധകരെ ആശങ്കയിലാക്കിയത്

ഇന്ത്യൻ സിനിമയിലെ ബിഗ് ബി അഭിനയരംഗത്തുനിന്ന് വിരമിക്കാൻ ഒരുങ്ങുന്നുവെന്ന രീതിയിൽ ദിവസങ്ങളായി സോഷ്യൽ മീഡിയയില്‍ ചര്‍‌ച്ചകളേറെയാണ്. അമിതാഭ് ബച്ചന്‍ പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്ററില്‍ 'റിട്ടയര്‍' എന്ന വാക്ക് ഉപയോഗിച്ചതാണ് ആരാധകരെ ആശങ്കയിലാക്കിയത്. ഇതോടെയാണ് താരത്തിന്‍റെ റിട്ടയര്‍മെന്‍റിനെക്കുറിച്ച് പല കഥകളും സൈബറിടത്ത് പ്രചരിച്ചത്. ഇപ്പോള്‍ ബിഗ് ബി തന്നെ രംഗത്ത് വന്നിരിക്കുകയാണ് റിട്ടയര്‍മെന്റ് പ്രചാരണത്തിന് വ്യക്തതയുമായി. 

തന്റെ ബ്ലോഗിലൂടെയാണ് 83- കാരനായ അമിതാഭ് ബച്ചൻ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടത്. താൻ അന്ന് ഉദ്ദേശിച്ചത്, ഒരു ദിവസം പൂര്‍ത്തിയാകുന്നു, ഉറങ്ങാൻ പോകുന്നുവെന്ന സാധാരണ അർത്ഥത്തിൽ മാത്രമായിരുന്നുവെന്ന് തമാശരൂപേണ വ്യക്തമാക്കി. "ഇല്ല മഹാന്മാരെ, ഞാൻ എന്റെ ജോലിയിൽ നിന്ന് വിരമിക്കുകയല്ല. ഇംഗ്ലീഷിൽ ആ വാക്കിന് അപ്പോൾ 'ഉറങ്ങാൻ പോകുന്നു' എന്ന് മാത്രമാണ് അർത്ഥം" പ്രചരിച്ച വാര്‍ത്തകളെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് ബച്ചൻ ബ്ലോഗിൽ കുറിച്ചു.

രാത്രി ഏറെ വൈകിയപ്പോൾ ബ്ലോഗിൽ 'It's late, time to retire' (വൈകി, ഇനി വിശ്രമിക്കാം/ഉറങ്ങാം) എന്ന് എഴുതിയതാണ് നെറ്റിസണ്‍സ് വിരമിക്കൽ പ്രഖ്യാപനമായി തെറ്റിദ്ധരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ കോൺ ബനേഗാ ക്രോർപതിയുടെ 18-ാം സീസണിന്റെ അവതാരകനായി പ്രേക്ഷകർക്ക് മുന്നിൽ സജീവമാണ് അമിതാഭ് ബച്ചൻ. ഒക്ടോബർ 11-ന് തന്റെ 84-ാം ജന്മദിനം ആഘോഷിക്കാനിരിക്കെ, അടുത്ത കാലത്തൊന്നും താൻ സിനിമാ ലോകത്തോടും ക്യാമറയോടും വിടപറയില്ലെന്ന് വ്യക്തമാക്കുകയാണ് ബോളിവുഡിന്റെ ഈ ഷഹൻഷാ.

1969 ല്‍ 'സാത് ഹിന്ദുസ്ഥാനി' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അമിതാഭ് ബച്ചന്‍ പിന്നീട് ബോളിവുഡിലെ ഏറ്റവും വിലയേറിയ താരമായി. 2024 ല്‍ രജനികാന്തിനൊപ്പം അഭിനയിച്ച 'വേട്ടയ്യന്‍' ആണ് ബച്ചന്‍ അഭിനയിച്ച് അവസാനം റിലീസായത്. ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ് ചിത്രം 'കല്‍ക്കി 2898 എഡ‍ി' രണ്ടാം ഭാഗത്തില്‍ അഭിനയിച്ചുവരികയാണ് താരം. വലിയൊരു ഇടവേളയ്ക്കു ശേഷം കമല്‍ഹാസനും അമിതാഭ് ബച്ചനും വെള്ളിത്തിരയില്‍ ഒന്നിക്കുകയാണ് ചിത്രത്തിലൂടെ. 

ENGLISH SUMMARY:

Amitabh Bachchan retirement rumors have been put to rest by the veteran actor himself. He clarified on his blog that his use of the word 'retire' was in the context of going to sleep and not exiting his acting career.