മുൻ ഭാര്യയും ഇന്റീരിയര്‍ ഡിസൈനറുമായ സൂസന് ഖാന് ജന്മദിനാശംസകൾ നേർന്ന് ബോളിവുഡ് താരം ഹൃതിക് റോഷൻ. സൂസന് ഖാന്റെ പിറന്നാള്‍ ദിനത്തിൽ ഹൃദയം നിറഞ്ഞ കുറിപ്പാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. സൂസന്റെ അപൂര്‍വ്വമായ ചിത്രങ്ങളും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
14 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഇരുവരും 2014ലാണ് വിവാഹമോചനം നേടുന്നത്. ഇരുവര്‍ക്കും രണ്ട് ആണ്‍കുട്ടികളുണ്ട്. ഹൃതിക് റോഷൻ പങ്കുവെച്ച ജന്മദിനാശംസ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. വേർപിരിഞ്ഞെങ്കിലും തങ്ങൾക്കിടയിലെ സൗഹൃദവും പരസ്പര ബഹുമാനവും ഇരുവരും ഇന്നും കാത്തുസൂക്ഷിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ജന്മദിനാശംസയെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്നു. പോസ്റ്റിനു താഴെ ഹൃതിക്കിന്റെ ഇപ്പോഴത്തെ പങ്കാളി സബ ആസാദ് കമന്റുമായി എത്തിയിട്ടുണ്ട്. ചുവന്ന ഹൃദയമാണ് സബ കമന്റ് ചെയ്തത്.
ഹൃതിക് റോഷന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം : 'വൈകിയാണെങ്കിലും എന്റെ ഹൃദയത്തില്‍ നിന്നുള്ള ജന്മദിനാശംസകൾ. സൂസൻ ഏറെ സ്നേഹത്തോടെയുള്ള ജന്മദിനാശംസകൾ. ചുറ്റുമുള്ളവർക്ക് നീ നൽകുന്ന സ്നേഹവും ഊഷ്മളതയും സന്തോഷവും മാജിക്കും ഈ വർഷം നിന്നിലേക്ക് തന്നെ തിരികെയെത്തട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
നീ ജീവിച്ച ജീവിതത്തിലും, നേരിട്ട വെല്ലുവിളികളിലും, ഇന്ന് നീ വളർന്നെത്തിയ വ്യക്തിത്വത്തിലും എനിക്ക് വലിയ അഭിമാനമുണ്ട്. റെയ്ക്കും റിഡ്സിനും ഏറ്റവും മികച്ച അമ്മയാണ് നീ. ജീവിതത്തിന്റെ നല്ല വശങ്ങൾ കാണിച്ചുകൊടുക്കുന്ന അവരുടെ ജീവിതത്തിലെ വെളിച്ചമാണ് നീ.
നീ ശരിക്കും അദ്ഭുതമാണ്! ഡാഡി പറയാറുള്ളതുപോലെ, 'അദ്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നതാണ് അദ്ഭുതം!' നീ അത്ഭുതങ്ങൾ തന്നെയാണ് ചെയ്യുന്നത്.
നിനക്ക് കൂടുതൽ കരുത്തുണ്ടാകട്ടെ. നിന്റെ ഹൃദയം ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നിനക്ക് കീഴടക്കാൻ കഴിയട്ടെ. ലോകത്തിലെ എല്ലാ നഗരങ്ങളിലേക്കും 'ദി ചാർക്കോൾ പ്രോജക്റ്റ്' (The Charcoal Project) എത്തിച്ചേരട്ടെ. നിനക്കെന്നും സപ്പോര്‍ട്ടായി ഞാനുണ്ടാകും.'
ഹൃതിക്കിന്റെ ആശംസയ്ക്ക് മറുപടിയുമായി സൂസനും രംഗത്തെത്തി.
'വളരെ നന്ദി റൈ! നമ്മളുടെ റെയ്ക്കും റിഡ്സിനും മികച്ച മാതാപിതാക്കളായി തുടരാൻ നമുക്ക് സാധിക്കട്ടെ! നിനക്കും സബയ്ക്കും എനിക്കും അർസ്ലാനും നമ്മള് എല്ലാവര്ക്കും എന്നും സന്തോഷമുണ്ടാകട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'- സൂസന് ഖാന് കുറിച്ചു.