ഇന്നത്തെ സിനിമകളിൽ വയലൻസ് അമിതമായി കാണിക്കുകയാണെന്നും അതിനോട് തനിക്ക് യോജിപ്പില്ലെന്നും തുറന്നുപറഞ്ഞ് നടി രാധിക ആപ്തെ. തിയറ്ററുകളിൽ ഇത്തരം ചിത്രങ്ങൾ വലിയ വിജയം നേടുന്നുണ്ടെങ്കിലും അത്തരം പ്രമേയങ്ങളുടെ ഭാഗമാകാൻ തനിക്ക് താൽപ്പര്യമില്ലെന്ന് നടി വ്യക്തമാക്കി. തന്റെ ഏറ്റവും പുതിയ സീരീസായ അക്കയുടെ പ്രമോഷന്റെ ഭാഗമായി പിടിഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
വയലന്‍സ് അധികമുള്ള സിനിമകള്‍ താന്‍ കാണാറില്ലെന്നും തന്നെ സംബന്ധിച്ച് അവ അസംബന്ധമാണെന്നും രാധിക പറഞ്ഞു. അത്തരം സിനിമ കണ്ടുകൊണ്ട് ആളുകള്‍ എങ്ങനെയാണ് പോപ്കോണ്‍ കഴിക്കുന്നതെന്നും അവര്‍ ചോദിച്ചു.
'50ഓളം പുരുഷന്മാരോ സ്ത്രീകളോ ക്രൂരമായി തല്ലുകൊള്ളുന്നത് കാണുമ്പോൾ ആളുകൾക്ക് എങ്ങനെ പോപ്കോൺ കഴിച്ച് ഇരിക്കാൻ കഴിയുമെന്ന് എനിക്ക് മനസിലാകുന്നില്ല. കഴിഞ്ഞ സിനിമയിൽ തല വാഷ്ബേസിനിൽ ഇടിച്ച് തകർത്തു, അതിനാൽ അടുത്ത സിനിമയിൽ മറ്റേതെങ്കിലും സ്ലാബിൽ ഇടിച്ച് തകർക്കാം എന്ന തരത്തിലുള്ള ക്രിയേറ്റീവ് ആയ വയലൻസ് എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം സിനിമകളുടെ ഭാഗമാകാതിരിക്കാനാണ് എനിക്ക് താല്പര്യം'- രാധിക ആപ്തെ പറഞ്ഞു.
അതേസമയം രാധികയ്ക്കൊപ്പം കീര്‍ത്തി സുരേഷും അക്കയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ 30ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.