മുംബൈയിലെ ജുഹുവിൽ ബോളിവുഡ് താരം ടൈഗർ ഷ്റോഫിവെ ലക്ഷ്യമിട്ടുണ്ടായ വെടിവയ്പ്പില്‍ അപ്രതീക്ഷിത വഴിത്തിരിവ്. ഷൂട്ടിങ് സംഘത്തിന്റെ യഥാർഥ ലക്ഷ്യം ടൈഗർ ഷ്റോഫ് ആയിരുന്നില്ലെന്നും മറ്റൊരു പ്രമുഖ വ്യക്തിയെ വധിക്കാൻ മുംബൈയിലെത്തിയ ഇവർ പിന്നീട് തങ്ങളുടെ ലക്ഷ്യം മാറ്റുകയായിരുന്നുവെന്നും അന്വേഷണ സംഘത്തെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ബിഹാറിൽ നിന്നുള്ള ഹൃതിക് എന്ന റോഷൻ (22), ഹരിയാനയിൽ നിന്നുള്ള റൈഹാൻ (18), ഫൂൽ സിങ് (18) എന്നിവരാണ് പിടിയിലായത്.

പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും, മറ്റൊരു പ്രമുഖ വ്യക്തിയെ വധിക്കാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഈ വ്യക്തി പതിവായി സന്ദർശിക്കുന്ന സ്ഥലങ്ങളിൽ അടുക്കാനാവാതെ വന്നതോടെയാണ് സംഘം ടൈഗർ ഷ്റോഫിലേക്ക് തിരിഞ്ഞതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ആരാധകർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത റീലുകളിലൂടെയും താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയും നീക്കങ്ങൾ നിരീക്ഷിച്ച പ്രതികൾ, അദ്ദേഹത്തിന് പൊലീസ് സുരക്ഷയില്ലെന്ന് മനസ്സിലാക്കുകയായിരുന്നു.

ബോളിവുഡിൽ ഭീകരത പരത്തുക എന്ന ലക്ഷ്യത്തോടെയാണ് കാറിലുണ്ടായിരുന്ന ഷ്റോഫിനുനേരെ അക്രമികൾ ഏഴ് തവണ വെടിയുതിർത്തതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വീണ്ടും വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും തോക്ക് ജാം ആയതിനെത്തുടർന്ന് സാധിച്ചില്ല. ഈ സമയം പരുക്കേറ്റെ താരവും ഡ്രൈവറും കാറോടിച്ച് രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിനായി ഷൂട്ടർമാർക്ക് അഡ്വാൻസായി 50,000 രൂപയും ആക്രമണം പൂർത്തിയാക്കിയാൽ കൂടുതൽ പണവും വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്തിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

വെടിവെയ്പ്പ് നടന്ന് മണിക്കൂറുകൾക്ക് ശേഷം ലോറൻസ് ബിഷ്ണോയ് സംഘം ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. നടൻ സൽമാൻ ഖാനുമായുള്ള ബന്ധം അവസപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും ഷ്റോഫ് അത് അനുസരിക്കാത്തതുകൊണ്ടാണ് അദ്ദേഹത്തെ ലക്ഷ്യമിട്ടതെന്ന് സംഘം വ്യക്തമാക്കി. ‘ഞാൻ അനിൽ പണ്ഡിറ്റ്. ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനെപ്പോലെയാണ് ഞാൻ. ടൈഗർ ഷ്റോഫിന് സംഭവിച്ചതിന് ഉത്തരവാദികള്‍ ഞങ്ങളാണ്’ എന്ന് അവകാശപ്പെടുന്ന ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. ബോളിവുഡിനുള്ള ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണിതെന്നും സൽമാൻ ഖാനൊപ്പം പ്രവർത്തിക്കുന്ന ആരെയും വധിക്കുമെന്നും ഇതിൽ പറയുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

Investigators have uncovered a major twist in the recent shooting targeting Bollywood actor Tiger Shroff in Juhu, Mumbai, revealing that he was not the original target. According to police reports, the assailants shifted their focus to Shroff after failing to access another prominent individual they had initially planned to assassinate. Three suspects from Bihar and Haryana have been arrested in connection with the attack, which the Lawrence Bishnoi gang later claimed responsibility for. Officials noted that the shooters targeted Shroff to spread terror in Bollywood due to his alleged association with Salman Khan.