സംഭാഷണ ശൈലിയേയും ഉച്ചാരണത്തേയും കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി നടി രശ്മിക മന്ദാന. കർണാടകയിലെ കുടക് സ്വദേശിയായ തന്‍റെ  മാതൃഭാഷ 'കൊടവ തക്ക്' ആണെന്നും, ആ ഭാഷയ്ക്ക് മാത്രമായി പ്രത്യേക സിനിമ ഇൻഡസ്ട്രി ഇല്ലെന്നും നടി പറഞ്ഞു. അനാവശ്യമായ കാര്യങ്ങൾക്ക് പിന്നാലെ പോയി തന്‍റെ ശ്രദ്ധ വഴിതിരിച്ചുവിടാൻ താല്പര്യമില്ലെന്നും രശ്മിക വ്യക്തമാക്കി. 

അഭിനയ ജീവിതത്തില്‍ ഭാഷ തനിക്കൊരിക്കലും ഒരു തടസ്സമായിരുന്നില്ലെന്ന് രശ്മിക മന്ദാന പറയുന്നു. താൻ എല്ലാ ഭാഷകളെയും സ്വന്തം ഭാഷയായാണ് കാണുന്നത്. ടോളിവുഡിലേക്കും ബോളിവുഡിലേക്കുമുള്ള തന്‍റെ വളർച്ചയ്ക്ക് കാരണം ആരാധകരുടെ സ്നേഹവും പിന്തുണയുമാണെന്നും താരം കൂട്ടിച്ചേർത്തു.

ട്രോളുകൾക്ക് പിന്നാലെ പോയി ഊർജ്ജം നഷ്ടപ്പെടുത്താതെ കരിയറിലും അഭിനയത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് രശ്മിക മന്ദാന പറഞ്ഞു. ഓരോ സിനിമയിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാണ് താൻ എപ്പോഴും ശ്രമിക്കുന്നത്. മറ്റാരുടെയും വഴിയിൽ തടസ്സമാകാൻ ആഗ്രഹിക്കുന്നില്ലെന്നും, ഒരു നടി എന്ന നിലയിൽ തന്‍റെ ജോലി കൃത്യമായി ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

2016-ൽ പുറത്തിറങ്ങിയ 'കിരിക് പാർട്ടി' എന്ന കന്നഡ ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് കടന്നുവന്ന രശ്മിക, വളരെ പെട്ടെന്ന് തന്നെ ദക്ഷിണേന്ത്യൻ സിനിമാലോകത്തും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന താരമായി മാറുകയായിരുന്നു.

ENGLISH SUMMARY:

Rashmika Mandanna addresses trolls and criticisms about her speech and pronunciation, clarifying her mother tongue is Kodava Tak, which lacks a dedicated film industry. She emphasizes her focus on acting and career, seeing all languages as her own and crediting fan support for her growth in Tollywood and Bollywood.