• മറ്റെന്തിനേക്കാളും വലുത് കുടുംബത്തിന്റെ സ്നേഹമാണെന്നു തെളിയിക്കുന്നതാണ് സൂര്യ – ജ്യോതിക ജോഡികളുടെ ജീവിതം

ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട കപ്പിൾസ് ആരാണ്? മലയാളികളുടെ മനസില്‍ ആദ്യം തെളിയുന്ന പേരാണ് സൂര്യ – ജ്യോതിക ജോഡി. വിവാഹ ജീവിതത്തിന്റെ രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും പരസ്പരമുള്ള പ്രണയവും കരുതലും ഒട്ടും കുറയാതെ കൊണ്ടുപോകുന്ന താര ദമ്പതികൾ അടുത്തിടെ തങ്ങളുടെ വിവാഹ വാഗ്ദാനങ്ങൾ പുതുക്കി സ്‌കോട്ട്‌ലൻഡിലെ ബ്ലെയർവാൻ കാസിൽ നടത്തിയ ആഘോഷദൃശ്യങ്ങള്‍ വൈറലായിരുന്നു. പരമ്പരാഗത ക്രിസ്ത്യൻ വിവാഹവേഷത്തില്‍‌ ജ്യോതികയും സൂര്യയും. ജ്യോതികയ്ക്കൊപ്പം ബ്രൈയ്ഡ്സ് മെയ്ഡായി മകൻ ദേവും സൂര്യക്കൊപ്പം മകൾ ദിയയും. അമ്മയും അച്ഛനും വിവാഹ പ്രതിജ്ഞയെടുക്കുമ്പോൾ ഇരുവശങ്ങളിലും ചിരിയോടെ മക്കൾ. 

മറ്റെന്തിനേക്കാളും വലുത് കുടുംബത്തിന്റെ സ്നേഹമാണെന്നു തെളിയിക്കുന്നതാണ് ഇവരുടെ ജീവിതം.  ചെന്നൈയിലെ 200 കോടി രൂപ വിലമതിക്കുന്ന ആഡംബര ബംഗ്ലാവ് വിട്ട് മുംബൈയിലെ ചെറിയൊരു അപ്പാർട്ട്മെന്റിലേക്ക് ഇവർ താമസം മാറിയതിന്റെ യഥാർത്ഥ കാരണം സമീപകാലത്ത് സൂര്യ വെളിപ്പെടുത്തിയിരുന്നു. 

ചെന്നൈയിൽ സകല സൗകര്യങ്ങളുമുള്ള വലിയൊരു കൊട്ടാരം പോലത്തെ വീട്ടിലാണ് താരകുടുംബം കഴിഞ്ഞിരുത്. മുംബൈയിലേക്ക് എത്തിയപ്പോൾ വെറും 1,700 സ്ക്വയര്‍ ഫീറ്റ് മാത്രം വിസ്തൃതിയുള്ള ഒരു ചെറിയ ഫ്ലാറ്റിലേക്കാണ് മാറിയത്. എന്നാൽ, ആ കൊച്ചുവീടാണ് തനിക്ക് വലിയ ആഡംബരങ്ങളേക്കാൾ സന്തോഷവും സമാധാനവും നൽകുന്നതെന്ന് സൂര്യ പറയുന്നു.

"മുംബൈ എനിക്ക് ഒരു അവധിക്കാലം പോലെയാണ്. ഞാൻ ചെന്നൈയിൽ ജോലി ചെയ്യുന്നു. ജോലി കഴിയുമ്പോള്‍ മുംബൈയിലെ വീട്ടിലേക്ക് പോകുന്നു. അതൊരു ചെറിയ വീടാണ്, 1700 ചതുരശ്രയടി. കിടപ്പുമുറിയും ലിവിംഗ് റൂമും അടുക്കളയും ഡൈനിങ്ങുമെല്ലാം രണ്ട് ചുവടുകൾ അകലെയാണ്. എന്നാൽ ആ ചെറിയ വീട് ഞങ്ങൾക്ക് നൽകുന്ന സ്നേഹവും കരുതലും വലുതാണ്". ദിയയെയും ദേവിനെയും അടുത്തു വിളിക്കാനും ഒന്നിച്ച് സമയം ചെലവഴിക്കാനും ആ ചെറിയ വീടാണ് കൂടുതൽ സൗകര്യപ്രദം, സൂര്യ പറയുന്നു. 

ചെന്നൈ വിട്ട് മുംബൈയിലേക്ക് മാറാനുള്ള ഏറ്റവും പ്രധാന കാരണം ജ്യോതികയുടെ മാതാപിതാക്കളാണെന്ന് സൂര്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജ്യോതികയുടെ മാതാപിതാക്കൾ മുംബൈയിലാണ് താമസിക്കുന്നത്. പ്രായമായ മാതാപിതാക്കൾക്ക് അരികിൽ മകൾ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞാണ് ഈ വലിയ തീരുമാനം എടുത്തത്. ജോ സ്വന്തം അമ്മയുടെ അടുത്തേക്കാണ് പോയത്. അവളുടെ മാതാപിതാക്കളുടെ കാര്യങ്ങൾ നോക്കുക എന്നത് ഞങ്ങളുടെ പ്രധാന മുൻഗണനയായിരുന്നു. അതേസമയം തന്നെ ജ്യോതികയ്ക്ക് ബോളിവുഡിലെ പുതിയ വർക്കുകളിലും സജീവമാകാൻ സാധിച്ചു, സൂര്യ വ്യക്തമാക്കുന്നു.

സമ്പത്തും ആഡംബരങ്ങളും എത്രയൊക്കെ ഉണ്ടായാലും കുടുംബത്തോടൊപ്പമുള്ള ചെറിയ നിമിഷങ്ങളുമാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്ന് ഓർമ്മിപ്പിക്കുന്നതാണ് സൂര്യയുടെയും ജ്യോതികയുടെയും ഈ തീരുമാനം. പരസ്പരമുള്ള ആദരവും സ്നേഹവും കൊണ്ട് സിനിമാ ലോകത്തിന് വലിയൊരു മാതൃകയാണ് ഈ പ്രണയ ജോഡികൾ.

ENGLISH SUMMARY:

Surya Jyothika relationship is a prime example of enduring love and family values in the South Indian film industry. Their recent vow renewal in Scotland and move to a smaller Mumbai apartment highlight their commitment to prioritizing family and happiness over material possessions.