"എന്റെ ആരാധകരെ ഞാൻ ഏറെ ബഹുമാനിക്കുന്നു. അവരുടെ പ്രതീക്ഷയ്‌ക്കൊത്തുള്ള പ്രകടനം നൽകാനാണ് ശ്രമിക്കുന്നത്. ഇന്ന് ഞാൻ എവിടെയെത്തിയോ അത് അവരുടെ അംഗീകാരം കൊണ്ടാണ്". തമിഴ് നടന്‍ സൂരി ഇത് പറയുമ്പോള്‍, കോമഡി താരം എന്ന ലേബലില്‍ നിന്ന് തമിഴ് സിനിമയിലെ മുൻനിര നായകനിലേക്ക് സൂരി നടത്തിയ അത്ഭുതകരമായ ഒരു യാത്രയുടെ അനുഭവസാക്ഷ്യമുണ്ട് വാക്കുകളില്‍. സൂരി നായകനായ 'മണ്ടാടി' ബോക്സോഫീസില്‍ മുന്നേറുമ്പോള്‍ ഇതൊക്കെയും സ്വപ്നതുല്യമായ നേട്ടമെന്നു പറയുകയാണ് താരം.
കോമഡി വേഷങ്ങളിൽ നിന്ന് നായകനിലേക്ക് എത്തിയതോടെ സിനിമയെ സമീപിക്കുന്ന രീതി തന്നെ മാറി. പ്രേക്ഷകരുടെ പ്രതീക്ഷ വർധിച്ചതുകൊണ്ട് ഇനി ചെയ്യുന്ന സിനിമകളില്‍ കൂടുതൽ ശ്രദ്ധാലുവായിരിക്കും. പുതിയ ചിത്രങ്ങൾ തിടുക്കപ്പെട്ട് കമ്മിറ്റ് ചെയ്യാത്തത് ആ ഉത്തരവാദിത്വംകൊണ്ടാണ്, സൂരി പറയുന്നു.
മതിമാരൻ സംവിധാനം ചെയ്തു തിയറ്ററിലെത്തിയ 'മണ്ടാടി' സിനിമയ്ക്കായി 100 ദിവസത്തിലധികമാണ് കടലിൽ ഷൂട്ടിംഗ് നടത്തിയത്. താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും അപകടകരമായ ഷൂട്ടിംഗായിരുന്നു ചിത്രത്തിന്‍റേത്. ശാരീരികമായ വെല്ലുവിളികള്‍ പോലും നേരിട്ടെന്നു് സൂരി ഓർത്തെടുത്തു.
ദിവസങ്ങളോളം കടലിൽ ചിലവഴിച്ചിട്ടും അതിന്റെ സ്വഭാവം പൂർണമായി മനസിലാക്കാൻ എനിക്കായില്ല. സാധാരണ നീന്തുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് കടലിലെ നീന്തൽ. ബോട്ട് ഓടിക്കാനും അഭിനയിക്കാനും ശാരീരികമായി വലിയ തയ്യാറെടുപ്പുകൾ വേണ്ടിവന്നു. കഥാപാത്രത്തിന് വേണ്ടി നീണ്ട താടിയും മുടിയും വളർത്തി, സംവിധായകന്‍റെ കാഴ്ചപ്പാടിന് പൂർണമായും വിട്ടുകൊടുക്കുകയായിരുന്നു.
കരിയറിലെ വഴിത്തിരിവ് വെട്രിമാരൻ സംവിധാനം ചെയ്ത 'വിടുതലൈ' സിനിമയാണെന്നും സൂരി പറയുന്നു. തുടക്കകാലത്ത് ഒരു ക്യാരക്ടർ റോളിനായി സമീപിച്ച തന്നോട്, വിടുതലൈയില്‍ നായകൻ താനാണെന്ന് പറഞ്ഞത് സംവിധായകന്‍ വെട്രിമാരനാണ്. കൊമഡി ഇമേജിനപ്പുറം തന്നിലെ നടനെ കണ്ടെത്തിയതും അദ്ദേഹമാണ്. പിന്നിട്ട കാലം മറക്കാതെ, എളിമയോടെ മുന്നോട്ട് പോയാൽ സിനിമ നമ്മളെ ഒരിക്കലും കൈവിടില്ലെന്നാണ് ഈ താരത്തിന്‍റെ പക്ഷം.
തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതവും പരമ്പരാഗത ബോട്ട് മത്സരങ്ങളും പ്രമേഹമാക്കിയ മണ്ടാടിയിൽ മുത്തുക്കാളി എന്ന കഥാപാത്രത്തെയാണ് സൂരി എത്തുന്നത്. മഹിമ നമ്പ്യാർ, സത്യരാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം 100 കോടി ക്ലബിലേക്ക് ഇടംപിടിക്കാനൊരുങ്ങുകയാണ്.