തങ്ങളുടെ ഇരുപതാം വിവാഹവാർഷികത്തിൽ വീണ്ടും വിവാഹപ്രതിജ്ഞ ചൊല്ലി തമിഴ് സിനിമാ ലോകത്തെ പ്രിയദമ്പതികളായ സൂര്യയും ജ്യോതികയും. പരമ്പരാഗത ക്രിസ്ത്യൻ രീതിയിലുള്ള ചടങ്ങിൽ ഇരുവരും വെള്ള വസ്ത്രങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. ജ്യോതിക ഗൗണും സൂര്യ വെള്ള ടക്സീഡോയുമാണ് ധരിച്ചിരുന്നത്.

ചടങ്ങിന്റെ മനോഹരമായ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ ജ്യോതിക ആരാധകരുമായി പങ്കുവെച്ചു. "ദ് സീക്വൽ - 20 വർഷത്തെ സ്നേഹവും പോരാട്ടവും ആഘോഷമാക്കി മാറ്റി വീണ്ടും ഒരു പ്രതിജ്ഞ" എന്നാണ് വിഡിയോയ്ക്ക് ജ്യോതിക നൽകിയ അടിക്കുറിപ്പ്. വീണ്ടും വിവാഹിതരായോ എന്നാണ് ഇരുവരുടേയും വിഡിയോ കണ്ട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 

ഇതൊരു പരിപൂർണ്ണമായ ദാമ്പത്യത്തിന്റെ ആഘോഷമല്ലെന്നും, മറിച്ച് പരസ്പരമുള്ള വിട്ടുവീഴ്ചകളുടെയും തരംതിരിവുകളില്ലാത്ത സ്നേഹത്തിന്റെയും ഒത്തുതീർപ്പുകളുടെയും ആഘോഷമാണെന്നും ജ്യോതിക കുറിച്ചു. എന്നും പോസിറ്റീവായിരിക്കുമെന്നും, ആരോഗ്യവും കുടുംബവും മുന്നിൽ നിർത്തി സൂര്യയുടെ പങ്കാളിയായും ഏറ്റവും നല്ല കൂട്ടുകാരിയായും ഒപ്പമുണ്ടാകുമെന്നും ജ്യോതിക വീണ്ടും വാഗ്ദാനം നൽകി.

1999-ൽ 'പൂവെല്ലാം കേട്ടുപ്പാർ' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ശേഷം 2006 സെപ്റ്റംബറിലായിരുന്നു ഇവരുടെ വിവാഹം. '2D എന്റർടെയ്ൻമെന്റ്' എന്ന നിർമ്മാണ കമ്പനി സംയുക്തമായി നടത്തുന്ന ഇവർക്ക് ദിയ, ദേവ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അടുത്തിടെ ഇവർ ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് താമസം മാറിയിരുന്നു.

വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത 'വിശ്വനാഥ് ആന്റ് സൺസ്' (2026) ആണ് സൂര്യയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. രാജ്കുമാർ റാവുവിനൊപ്പം അഭിനയിച്ച 'ശ്രീകാന്ത്' (2024) എന്ന ഹിന്ദി ചിത്രമാണ് ജ്യോതികയുടേതായി അവസാനമായി പുറത്തിറങ്ങിയത്.

ENGLISH SUMMARY:

Tamil cinema’s beloved couple Suriya and Jyothika celebrated their 20th wedding anniversary by renewing their marriage vows in a fairy-tale Christian ceremony. Jyothika posted a video on Instagram showing them dressed in white—she in an elegant gown and Suriya in a white tuxedo. Captioning the video "The Sequel - 20 years of love and struggle turned into a celebration," Jyothika clarified that it wasn't a celebration of a "perfect" marriage, but rather an acknowledgment of mutual compromises, health, and unconditional companionship. Having married in September 2006 after first meeting on the set of Poovellam Kettuppar (1999), the couple, who run 2D Entertainment and have two children (Diya and Dev), recently relocated to Mumbai for their children's education.