TAGS

നടന്മാരായ സൂര്യയും കാർത്തിയും ആരാധകരോട് ദേഷ്യപ്പെടുന്ന രീതിയിലുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ സേലത്ത് എത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. താരങ്ങളെ കാണാനും ഒപ്പം ഫോട്ടോയെടുക്കാനും വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനിടയിലേക്ക് ഒരു ചെറിയ കുട്ടിയുമായി ചിലർ എത്തിയതാണ് നടന്മാരെ ചൊടിപ്പിച്ചത്. തിരക്കേറിയതും സുരക്ഷിതമല്ലാത്തതുമായ സ്ഥലത്തേക്ക് കുട്ടിയുമായി വന്നത് കണ്ടതോടെയാണ് സൂര്യയും കാർത്തിയും ആരാധകരോട് കയർത്തതെന്നാണ് റിപ്പോർട്ടുകൾ.

സേലത്ത് നടന്ന വിവാഹച്ചടങ്ങിൽ സൂര്യയും കാർത്തിയും പങ്കെടുക്കാനെത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് വലിയ ജനക്കൂട്ടമാണ് വേദിക്ക് മുന്നിൽ തടിച്ചുകൂടിയത്. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ആരാധകർ താരങ്ങളുടെ അടുത്തേക്ക് ഇരച്ചുകയറാൻ ശ്രമിക്കുന്നതിനിടെയാണ് ചിലർ ഒരു കുട്ടിയെ പൊക്കിയെടുത്ത് അതിനിടയിലേക്ക് കൊണ്ടുവന്നത്. തിക്കിനും തിരക്കിനുമിടയിൽ കുട്ടിക്ക് അപകടം സംഭവിച്ചേക്കാം എന്ന ആശങ്കയിലാണ് താരങ്ങൾ കടുത്ത ഭാഷയിൽ പ്രതികരിച്ചതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരം നേടിയതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. "ഒരു സിനിമാ താരത്തെ കാണാൻ പോയി എന്തിനാണ് ഇതുപോലെ വഴക്ക് കേൾക്കുന്നത്" എന്ന് ചിലർ വിമർശിക്കുമ്പോൾ, വലിയൊരു അപകടം ഒഴിവാക്കാനാണ് താരങ്ങൾ അങ്ങനെ പ്രതികരിച്ചതെന്നും, കൈക്കുഞ്ഞുമായി ഇത്തരം അനിയന്ത്രിതമായ ജനക്കൂട്ടത്തിനിടയിലേക്ക് വരുന്നത് തികച്ചും അപലപനീയമാണെന്നും മറ്റു ചിലർ അഭിപ്രായപ്പെടുന്നു. വിഷയത്തിൽ നടന്മാരുടെ ഭാഗത്തുനിന്നോ സംഘാടകരിൽ നിന്നോ കൂടുതൽ ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ENGLISH SUMMARY:

A video showing Tamil actors Suriya and Karthi reacting angrily to fans at a wedding ceremony in Salem has gone viral on social media. The incident occurred when a massive crowd gathered to see the brothers, with some attendees bringing a small child into the congested space. Troubled by the potential safety hazard to the young child amidst the chaos, both actors reportedly reprimanded the group. While some netizens questioned the fans' behavior for taking a young child into an uncontrolled crowd, others criticized the actors' harsh response.