• ഫ്രാഞ്ചൈസികൾ തങ്ങൾ നിലനിർത്തുന്ന കളിക്കാരുടെ അന്തിമ പട്ടിക നവംബർ 15-നകം ബിസിസിഐക്ക് കൈമാറണം.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഇരുപതാം സീസണിലെ താരലേലം ഡിസംബർ 16-ന് ഗോവയിൽ നടക്കും. ഒരുദിവസം മാത്രമുള്ള മിനി ലേലമായിരിക്കും ഇത്തവണ. ഇന്ത്യ–ശ്രീലങ്ക ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ബെംഗളൂരുവിൽ നടക്കുന്ന അതേദിവസമാണ് ലേലം. 

ഓരോ ടീമും നിലനിർത്തുന്ന കളിക്കാരുടെ അന്തിമ പട്ടിക (Retention List) നവംബർ 15നകം കൈമാറണമെന്ന് ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുശേഷം രജിസ്റ്റർ ചെയ്ത കളിക്കാരുടെ പൂൾ ഫ്രാഞ്ചൈസികൾക്ക് കൈമാറും. ടീമുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന താരങ്ങളുടെ അന്തിമ പട്ടികയും ലേലത്തിന്റെ സെറ്റുകളും ലേലത്തിന് ഒരാഴ്ച മുൻപ് ഔദ്യോഗികമായി പുറത്തുവിടും.

കഴിഞ്ഞ സീസൺ അവസാനിച്ചശേഷം ഇതുവരെ രണ്ട് പ്രധാന താരകൈമാറ്റങ്ങൾ (Trades) മാത്രമാണ് നടന്നിട്ടുള്ളത്. ജൂണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റൻ ഋഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസിന് കൈമാറിയപ്പോൾ, പകരം സ്പിന്നർ കുൽദീപ് യാദവിനെ സ്വന്തമാക്കി. ഡൽഹി ക്യാപ്പിറ്റല്‍സ് പേസർ ടി.നടരാജനെ സൺറൈസേഴ്‌സ് ഹൈദരാബാദിന് കൈമാറി, പകരം അൺക്യാപ്ഡ് ലെഗ് സ്പിന്നർ സീഷൻ അൻസാരിയെ ടീമിലെത്തിക്കുകയും ചെയ്തു. ലേലത്തിന് ഒരാഴ്ച മുൻപ് വരെ ട്രേഡിങ് വിൻഡോ ഓപ്പണായിരിക്കും.

ടൂർണമെന്റ് മാർച്ച് അവസാനം?

ഐപിഎൽ 2027 സീസണിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മാർച്ച് അവസാനത്തോടെ മത്സരങ്ങൾ ആരംഭിച്ചേക്കുമെന്ന് സെപ്റ്റംബറിലെ ബിസിസിഐ വാര്‍ഷികപൊതുയോഗത്തിന് ശേഷം സെക്രട്ടറി ദേവജിത് സൈകിയ സൂചിപ്പിച്ചിരുന്നു. മാർച്ച് 14 മുതൽ മെയ് 30 വരെയുള്ള വിൻഡോയാണ് നേരത്തേ പരിഗണിച്ചിരുന്നത്.

ഐപിഎല്ലിന്റെ നിലവിലെ സൈക്കിളിലെ അവസാനത്തെ മിനി ലേലമാണിത്. 2028 സീസണിന് മുന്നോടിയായി മെഗാ ലേലം നടക്കും. അടുത്ത മെഗാ ലേലത്തോടൊപ്പമാണ് ഐപിഎല്ലിന്റെ പുതിയ സംപ്രേഷണാവകാശ കരാറുകളും വരുന്നത്. ഇതിനുള്ള ടെൻഡർ ബിസിസിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2022-ൽ 48,390.5 കോടി രൂപയ്ക്കാണ് (ഏകദേശം 6.2 ബില്യൺ യു.എസ്. ഡോളർ) സംപ്രേഷണാവകാശം വിറ്റത്. ഇതോടെ ആഗോള കായികരംഗത്തെ വമ്പൻ ലീഗുകളുടെ നിരയിലേക്ക് ഐപിഎൽ മാറിയിരുന്നു.

ENGLISH SUMMARY:

The mini-auction for the 20th season of the Indian Premier League (IPL) will take place in Goa on December 16, coinciding with the second ODI between India and Sri Lanka in Bengaluru. The BCCI has directed all franchises to submit their final player retention lists by November 15, after which the short-listed player pools will be released. Ahead of the auction, major player trades have already been executed, including Rishabh Pant moving to Delhi Capitals and Kuldeep Yadav to Lucknow Super Giants. This event marks the final mini-auction of the current cycle, with a full mega-auction and fresh broadcasting rights tender scheduled ahead of the 2028 season.