Image Credit: PTI
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഹര്‍മന്‍പ്രീത് ഒഴിയുകയും സ്മൃതി മന്ഥന ഏറ്റെടുക്കുകയും ചെയ്തതിന് പിന്നാലെ ഡ്രസിങ് റൂമിലെ പടലപ്പിണക്കം മറനീക്കി പുറത്ത്. സ്മൃതിയും ഹര്‍മനും തമ്മില്‍ അത്ര സൗഹാര്‍ദത്തിലല്ലെന്നും ഇരുവരും പരസ്പരം മുഖത്ത് പോലും നോക്കാറില്ലെന്നും ടീമിനോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യാപ്റ്റന്‍സിയെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ തെറ്റിയതെന്നും തനിക്ക് അര്‍ഹതപ്പെട്ട ക്യാപ്റ്റന്‍ പദവി കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഹര്‍മന്‍ വിട്ടുതരുന്നില്ലെന്ന് സ്മൃതിക്ക് പരിഭവമുണ്ടായിരുന്നുവെന്നുമാണ് വെളിപ്പെടുത്തല്‍. 'കുറച്ച് കാലമായി ഇരുവരും കണ്ണില്‍ നോക്കി പരസ്പരം സംസാരിക്കാറില്ല. സ്വാഭാവികമായും അത് ഡ്രസിങ് റൂമിലും അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്'- ടീമിലെ ഉന്നതന്‍ വെളിപ്പെടുത്തി. Also Read: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ പദവിയൊഴിഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍
യുകെയില്‍ വച്ച് ഈ വര്‍ഷമാദ്യം ഇന്ത്യ ട്വന്‍റി 20 ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഹര്‍മനെതിരെ ഇതിഹാസ താരമായ മിതാലി തുറന്നടിച്ചിരുന്നു. ഹര്‍മന്‍റെ ഫിറ്റ്നസും ഫോമും തീരെ പോരെന്നും ക്യാപ്റ്റന്‍ പദവി മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്നുമായിരുന്നു വിമര്‍ശനം. 'മൂന്ന് വര്‍ഷം മുന്‍പ് തന്നെ ഏകദിന ക്യാപ്റ്റന്‍സി മറ്റാരെയെങ്കിലും ഏല്‍പ്പിക്കാന്‍ ഹര്‍മന്‍ തയാറാവണമായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും തുടരുന്നത് പോട്ടെ, ട്വന്‍റി 20 ക്യാപ്റ്റന്‍സിയെങ്കിലും ഷെഫാലിയെപ്പോലെ ചെറുപ്പക്കാരെ ഏല്‍പ്പിക്കണം'- മിതാലി പറഞ്ഞു.
ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തന്നെ നിയമിക്കുന്നതില്‍ വലിയ കാലതാമസം സംഭവിച്ചുവെന്ന പരാതി സ്മൃതിക്ക് നേരത്തെയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തെ ഏറ്റവും മികച്ച താരമായിരുന്നിട്ട് കൂടി അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നും ബിസിസിഐയെ കണ്ട് താരം ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2013 ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ സ്മൃതി അതിവേഗത്തിലാണ് മികച്ച ഓപ്പണറായി പേരെടുത്തത്. 10,000 റണ്‍സ് നേട്ടവും അടുത്തയിടെ സ്വന്തമാക്കിയിരുന്നു. ഏഷ്യന്‍ ഗെയിംസിലെ നേട്ടത്തോടെ ക്യാപ്റ്റന്‍ പദവിക്കായുള്ള അവകാശം താരം ആവര്‍ത്തിച്ചു. ഗുവാഹത്തിയില്‍ നടന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനം ബിസിസിഐ കൈക്കൊണ്ടത്. ഹര്‍മനോട് പദവിയൊഴിയാന്‍ ബിസിസിഐ ആവശ്യപ്പെട്ടുവെന്നാണ് സൂചന.
അങ്ങേയറ്റം വികാരനിര്‍ഭരമായ കുറിപ്പിലൂടെയാണ് വനിതാ ക്രിക്കറ്റ് ടീമിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ക്യാപ്റ്റന്‍ പദവിയില്‍ നിന്ന് താന്‍ ഒഴിയുകയാണെന്ന് ഹര്‍മന്‍ വെളിപ്പെടുത്തിയത്. ഉയര്‍ച്ചകളും താഴ്ചകളും ഇക്കാലത്തില്‍ കണ്ടുവെന്നും തന്‍റെ രക്തവും വിയര്‍പ്പും നല്‍കിയാണ് ടീമിനെ ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ത്തിയതെന്നും താരം കുറിച്ചിരുന്നു. വ്യക്തിപരമായ ആഗ്രഹങ്ങളെല്ലാം മാറ്റിവച്ച് ടീമിനായി നിലകൊണ്ടുവെന്നും അതിന്‍റെ പേരില്‍ പലപ്പോഴും പഴി കേട്ടുവെന്നും പക്ഷേ ടീമിന്‍റെ വളര്‍ച്ചയാണ് താന്‍ ലക്ഷ്യമിട്ടതെന്നും ഹര്‍മന്‍ വിശദമായ കുറിപ്പിലെഴുതി. ക്യാപ്റ്റന്‍സി മാത്രമേ മാറുന്നുള്ളൂ, യാത്ര തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.