Image Credit:PTI
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ പദവിയൊഴിഞ്ഞ് ഹര്‍മന്‍ പ്രീത് കൗര്‍. എല്ലാ ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍ പദവിയൊഴിയുന്നതായി ഹര്‍മന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. വെടിക്കെട്ട് ബാറ്റിങിലൂടെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്‍റെ നെടുന്തൂണായ ഹര്‍മന്‍റെ കീഴില്‍ എണ്ണം പറഞ്ഞ കിരീടങ്ങളാണ് ടീം നേടിയത്. കടുപ്പമേറിയ തീരുമാനമായിരുന്നു തനിക്കിതെന്നും രാജ്യത്തിനായി തനിക്കുള്ളതെല്ലാം നല്‍കിയെന്നും താരം പറഞ്ഞു. 2016ലാണ് ഹര്‍മന്‍ ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ പദവി ആദ്യമായി ഏറ്റെടുത്തത്.
'ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമുള്ള ക്യാപ്റ്റന്‍ പദവിയില്‍ നിന്ന് ഇന്ന് ഒഴിയുകയാണ്. ഇതൊട്ടും എളുപ്പമുള്ള തീരുമാനമായിരുന്നില്ല. വര്‍ഷങ്ങളുടെ ഓര്‍മകള്‍, വികാരങ്ങള്‍, ത്യാഗങ്ങള്‍, അവിസ്മരണീയ നിമിഷങ്ങള്‍ എല്ലാം എന്റെ മനസിലേക്ക് ഇരച്ചെത്തുകയാണ്. ഇതെല്ലാം ജീവിതാവസാനം വരെ എനിക്കൊപ്പം കാണും. എനിക്കുള്ളതെല്ലാം ഞാന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനായി നല്‍കി. എന്‍റെ രക്തം, വിയര്‍പ്പ്, സമയം, എന്‍റെ തന്നെ വ്യക്തിഗത കളി, ആഗ്രഹങ്ങള്‍ എല്ലാം. എന്‍റെ വളര്‍ച്ചയും കളിയും ശ്രദ്ധിക്കേണ്ട സമയത്ത് പോലും അതെല്ലാം മാറ്റിവച്ച് ഞാന്‍ ടീമിനായി നിന്നു. ടീം ആണ് ആദ്യം, മറ്റെല്ലാം പിന്നീട് മതിയെന്ന എന്‍റെ തീരുമാനമായിരുന്നു അത്.
ക്യാപ്റ്റനെന്ന നിലയില്‍ എനിക്ക് ചില ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നിട്ടുണ്ട്. ആളുകള്‍ക്ക് അതെല്ലാം എല്ലായ്പ്പോഴും മനസിലാക്കാന്‍ കഴിയുമായിരുന്നില്ല. ഒട്ടും എളുപ്പവുമായിരുന്നില്ല. പലപ്പോഴും പഴി കേട്ടു. പക്ഷേ ഞാനെടുത്ത എല്ലാ തീരുമാനങ്ങളും ടീമിനെ മുന്നോട്ട് നയിക്കാനും എല്ലാവര്‍ക്കും വളരാന്‍ അവസരം നല്‍കുന്നതിനും അവര്‍ക്ക് അവരില്‍ തന്നെ വിശ്വാസമുണ്ടാക്കുന്നതിനും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതിനുമായിരുന്നു.
ഉയര്‍ച്ചയും താഴ്ചയും എല്ലാം കണ്ടു....ഹൃദയം തകര്‍ന്നു, വിമര്‍ശനക്കൂരമ്പേറ്റു, ഞങ്ങളുടെ കഴിവിനെ സംശയിച്ചുള്ള അഭിപ്രായപ്രകടനങ്ങളുമെന്നിങ്ങനെ എല്ലാം. ഉയര്‍ച്ചകളും ഞാനറിഞ്ഞു. ജയം, ആഘോഷം, രാജ്യത്തെ പ്രതിനിധീകരിക്കുന്നതിന്‍റെ അഭിമാനം ഒരു ത്യാഗവും പാഴായിപോയില്ലെന്ന ആനന്ദമാണത് നല്‍കിയത്. അങ്ങേയറ്റം വികാരഭരിതമാണെങ്കിലും ഏറെ സമാധാനത്തോടെ ക്യാപ്റ്റന്‍ പദവി ഞാന്‍ ഒഴിയുകയാണ്. എന്‍റെ ടീം ഏറ്റവും മികച്ച സ്ഥലത്താണിപ്പോള്‍ ഉള്ളതെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. പ്രതിഭയും ഈ പേരും വിശ്വാസവും എക്കാലവും തുടരുമെന്ന് എനിക്കുറപ്പുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ എന്‍റെ ഭാഗം പൂര്‍ത്തിയായി. ഉത്തരവാദിത്തങ്ങളെ ഞാന്‍ അഭിമാനത്തോടെ കൊണ്ടുനടന്നു. ടീമിനെ നയിക്കാന്‍ കഴിഞ്ഞതില്‍ എക്കാലവും ഞാന്‍ നന്ദിയുള്ളവളായിരിക്കും. ഇത് അവസാനിപ്പിക്കാനായി. ക്യാപ്റ്റന്‍ പദവി മാത്രമേ അവസാനിക്കുന്നുള്ളൂ, ക്രിക്കറ്റിനോടുള്ള എന്‍റെ സ്നേഹം എക്കാലവും നിലനില്‍ക്കും.
എല്ലാ ടീം അംഗങ്ങള്‍ക്കും കോച്ചിനും സപ്പോര്‍ട്ട് സ്റ്റാഫിനും മാനേജ്മെന്‍റിനും ബിസിസിഐയ്ക്കും കുടുംബാംഗങ്ങള്‍ക്കും ഉയര്‍ച്ച താഴ്ചകളില്‍ എനിക്കൊപ്പം നിന്ന ആരാധകര്‍ക്കും നന്ദി. രക്തം, വിയര്‍പ്പ്, ത്യാഗം, അഭിമാനം..ഞാനെല്ലാം നല്‍കി. കളിയോടുള്ള അദമ്യമായ സ്നേഹത്താല്‍ അത് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ക്യാപ്റ്റന്‍ പദവിയേ അവസാനിക്കുന്നുള്ളൂ. യാത്ര തുടരും'- ഹര്‍മന്‍ കുറിച്ചു.
ഗുവാഹത്തിയില്‍ ചേര്‍ന്ന ബിസിസിഐ അവലോകന യോഗത്തിന് ശേഷമാണ് ഹര്‍മന്‍റെ പ്രഖ്യാപനം. യോഗത്തില്‍ ബിസിസിഐ സെക്രട്ടറി ദേവജിത് സാക്കിയ,വൈസ് ക്യാപ്റ്റന്‍ സ്മൃത് മന്ഥന, കോച്ച് അമോല്‍ മജുംദാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
2012 ല്‍ ഗുവാങ്ചുവിലെ ഏഷ്യാ കപ്പ് ട്വന്‍റി 20 മല്‍സരത്തില്‍ പാക്കിസ്ഥാനെതിരെയാണ് ഹര്‍മന്‍ ആദ്യമായി ഇന്ത്യന്‍ വനിതാ ടീമിന്‍റെ ക്യാപ്റ്റനായത്. 2016 ല്‍ ഔദ്യോഗികമായി ട്വന്‍റി 20 ക്യാപ്റ്റനായി ചുമതലയേറ്റു. 2022 ല്‍ മിതാലി രാജ് വിരമിച്ചതോടെ ഏകദിന ക്യാപ്റ്റനായി. 2023 ല്‍ എല്ലാ ഫോര്‍മാറ്റിലെയും പദവിയേറ്റു. ഇന്ത്യയ്ക്കായി 211 രാജ്യാന്തര മല്‍സരങ്ങളിലാണ് ഹര്‍മന്‍ ഇന്ത്യയെ നയിച്ചത്. 51 ഏകദിനങ്ങളില്‍ 30ലും ജയിച്ചു. 155 ട്വന്‍റി 20കളില്‍ 92 ജയം. ഈ രണ്ട് ഫോര്‍മാറ്റുകളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍റെ റെക്കോര്‍ഡാണിത്. അഞ്ച് ടെസ്റ്റുകളില്‍ ഒന്നിലൊഴികെ നാലിലും ഹര്‍മന്‍റെ ടീം ജയം കണ്ടു.