Image Credit: PTI, AFP

ഐപിഎല്‍ ഓരോ സീസണും വരും തലമുറകള്‍ക്ക് വാഴ്ത്തിപ്പാടാന്‍ ഒരുപിടി പ്രകടനങ്ങള്‍ ബാക്കിയാക്കിയാണ് അവസാനിക്കുക. 2011 ല്‍ ക്രിസ് ഗെയ്​ലിന്‍റെ ബാറ്റിങ് വെടിക്കെട്ട്, 2016 ല്‍ വിരാട് കോലിയുടെ റണ്‍മല, ഡേവിഡ് വാര്‍ണര്‍, 2021 ല്‍ റുതുരാജ് ഗെയ്​ക്ക്​വാദ് ഐപിഎലിലെ വീരനായകന്‍മാരുടെ പട്ടികയിലേക്ക് തലയെടുപ്പോടെ ഇരിപ്പുറപ്പിക്കുകയാണ് വൈഭവ് സൂര്യവംശിയെന്ന പതിനഞ്ചുകാരന്‍. 16 ഇന്നിങ്സുകളില്‍ നിന്നായി 776 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. 63 ഫോറും 72 സിക്സുകളും. 238 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. ഓറഞ്ച് ക്യാപ്, എമേര്‍ജിങ് പ്ലെയര്‍, ഏറ്റവുമധികം സിക്സുകള്‍, സൂപ്പര്‍ സ്ട്രൈക്കര്‍, ടൂര്‍ണമെന്‍റിന്‍റെ താരം എന്നിങ്ങനെ ഒരുപിടി അവാര്‍ഡുകളുമായാണ് വൈഭവ് മടങ്ങിയത്. 

ഇത്രയധികം നേട്ടം ഒന്നിച്ച് ഐപിഎലില്‍ മറ്റാരും നേടിയിട്ടില്ലെന്നതാണ് വൈഭവിനെ വ്യത്യസ്തനാക്കുന്നത്. റണ്‍സിന്‍റെ കാര്യത്തില്‍ കോലി തന്നെ കിങ്. 2016 ല്‍ 973 റണ്‍സായിരുന്നു താരം നേടിയത്. 152.03 സ്ട്രൈക്ക് റേറ്റ്. 151.42 സ്ട്രൈക്ക് റേറ്റില്‍ അതേ സീസണില്‍ 848 റണ്‍സും കിരീടവുമായാണ് വാര്‍ണര്‍ മടങ്ങിയത്. 2022 ല്‍ ജോസ് ബട്​ലര്‍ 863 റണ്‍സും 2023 ല്‍ ശുഭ്മന്‍ ഗില്‍ 890 റണ്‍സും 2021 ല്‍ റുതുരാജ് 635 റണ്‍സും ഓറഞ്ച് ക്യാപും എമേര്‍ജിങ് പ്ലെയറും കിരീടവും സ്വന്തമാക്കി. പക്ഷേ വൈഭവ് ഇതിനെയെല്ലാം അപ്രസക്തമാക്കിയെന്ന് കണക്കുകള്‍ പറയുന്നു. 

238 ആണ് വൈഭവിന്‍റെ സ്ട്രൈക്ക് റേറ്റ്. 183.13 സ്ട്രൈക്ക് റേറ്റില്‍ 608 റണ്‍സെടുത്ത ക്രിസ്  ഗെയ്​ലും  (2011), മധ്യനിരയില്‍ ഇറങ്ങി 204.81 സ്ട്രൈക്ക് റേറ്റില്‍  2019 ല്‍ 510 റണ്‍സ് നേടിയ ആന്ദ്രേ റസലും ഐപിഎലിലെ പവര്‍ ഹിറ്റര്‍മാരായിരുന്നുവെങ്കിലും വൈഭവിന്റെ റേഞ്ച് വേറെ തന്നെയെന്നാണ് നിരീക്ഷകരും പറയുന്നത്. 2021 ല്‍ 59 സിക്സുകളാണ് ഗെയ്​ല്‍ അടിച്ചുകൂട്ടിയതെങ്കില്‍ 72 സിക്സുകളാണ്  വൈഭവ് നേടിയത്. അതായത് ഓരോ 4.53 പന്തിലും വൈഭവ് സിക്സ് കണ്ടെത്തിയെന്ന് സാരം. 

233.63 സ്ട്രൈക്ക് റേറ്റില്‍ 223 പന്തില്‍ നിന്നാണ് പവര്‍പ്ലേയില്‍ വൈഭവ് 521 റണ്‍സ് അടിച്ചത്. പവര്‍ പ്ലേ കഴിഞ്ഞും താരം ആധിപത്യത്തിലും സ്ട്രൈക്ക് റേറ്റിലും കുറവ് വന്നിട്ടില്ല. 7–11 ഓവറില്‍ താരം 67 പന്തില്‍ നിന്ന് 157 റണ്‍സുകളും (സ്ട്രൈക്ക് റേറ്റ്–232.33) 12–16 ഓവറില്‍ 32 പന്തില്‍ നിന്ന് 85 റണ്‍സും (സ്ട്രൈക്ക് റേറ്റ് 265.63), ഡെത്തോവറില്‍ നാല് പന്തില്‍ നിന്ന് 13 റണ്‍സുമാണ് വൈഭവ് നേടിയിട്ടുള്ളത്. 

ENGLISH SUMMARY:

Fifteen-year-old batting sensation Vaibhav Suryavanshi has rewritten IPL history books by rendering legendary individual milestones of past dynamic seasons completely obsolete. Across 16 innings, the teenage prodigy amassed a staggering 776 runs while operating at an unprecedented career strike rate of 238. Suryavanshi capped off his historic breakthrough by sweeping multiple accolades, including the Orange Cap, Emerging Player of the Season, and the coveted Tournament MVP award. He fundamentally altered power-hitting benchmarks by launching 72 sixes, effectively clearing the boundary ropes once every 4.53 deliveries to outclass records set by Chris Gayle and Andre Russell. Furthermore, his dynamic breakdown reveals a relentless template, characterized by a phenomenal 521 runs compiled within the Powerplay overs alone at a strike rate of 233.63.