Image: X, @IS_Netwrk29

ഐപിഎല്‍ ഫൈനല്‍ മത്സരം കഴിഞ്ഞ് ഹോട്ടലിലേക്ക് പോവുകയായിരുന്ന ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്റെ ബസിന് തീപിടിച്ചു. ടീമംഗങ്ങള്‍ സുരക്ഷിതരാണെന്നും ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഇന്നലെ രാത്രി ഫൈനല്‍മത്സരം കഴിഞ്ഞ് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നിന്നും ഹോട്ടലിലേക്ക് പോകുംവഴിയാണ് ടീമിന്റെ ബസില്‍ നിന്നും തീ ഉയര്‍ന്നത്. ഉടന്‍ തന്നെ ബസിലുള്ള താരങ്ങളെയും ജീവനക്കാരേയും പുറത്തിറക്കി സുരക്ഷിതരാക്കി. ഏകദേശം ഒരുമണിക്കൂറോളം നേരം ടീമംഗങ്ങള്‍ പ്രദേശത്ത് കുടുങ്ങിയതായാണ് സൂചന. 

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബസില്‍ നിന്നും തീ ഉയര്‍ന്നതോടെ താരങ്ങള്‍ കടുത്ത ഭീതിയിലായിരുന്നു. അഞ്ചുവിക്കറ്റിന് ആര്‍സിബിയോട് പരാജയപ്പെട്ട് നിരാശരായ ഗുജറാത്ത് ടൈറ്റന്‍സിന് മറ്റൊരു പരീക്ഷണമായിരുന്നു ഈ സംഭവമെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ഇതാദ്യമായല്ല യാത്രാക്ലേശം അനുഭവപ്പെടുന്നത്.  മേയ് 27ന് ധര്‍മശാലയില്‍ നിന്നും മുള്ളന്‍പൂരിലേക്ക് ക്വാളിഫയര്‍ 2 മത്സരത്തിനായി യാത്ര ചെയ്യേണ്ടിവന്നതും നേരത്തേ വാര്‍ത്തയായിരുന്നു. മുള്ളന്‍പൂരിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് മേയ് 30ന് അഹമ്മദാബാദിലേക്കുള്ള വിമാനയാത്രയും ഏറെ വൈകിയിരുന്നു. ശനിയാഴ്ച ഏറെ വൈകിയാണ് ടീം തങ്ങളുടെ ഹോംഗ്രൗണ്ടില്‍ തിരിച്ചെത്തിയത്. ഫൈനലില്‍ ബെംഗളൂരുവിനെതിരെ ഏളുപ്പം കീഴടങ്ങാന്‍ കാരണം യാത്രയുണ്ടാക്കിയ ശാരീരിക ക്ഷീണമാണോ എന്ന തരത്തിലും ചര്‍ച്ചകള്‍ സജീവമാകുന്നുണ്ട്. 

അതേസമയം തങ്ങള്‍ ക്ഷീണിതരാണെന്നു പറഞ്ഞ് ആര്‍സിബിയുെട വിജയത്തിന്റെ ക്രഡിറ്റ് കുറച്ചു കാണിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മത്സരശേഷമുള്ള വാർത്താ സമ്മേളനത്തിൽ ഗുജറാത്ത് ടൈറ്റന്‍സ് ഡയറക്ടർ ഓഫ് ക്രിക്കറ്റ് വിക്രം സോളങ്കി പ്രതികരിച്ചത്. പരാജയം തീര്‍ത്തും വിലയിരുത്തുമെന്നും എന്തെല്ലാം വ്യത്യസ്തമായി ചെയ്യേണ്ടിയിരുന്നു എന്നതുള്‍പ്പെടെ ചര്‍ച്ച ചെയ്യുമെന്നും സോളങ്കി പറയുന്നു. 

Gujarat Titans Bus Catches Fire After IPL Final Loss:

Gujarat Titans bus fire occurred after their IPL final loss, with reports indicating a short circuit as the cause. The team members were safely evacuated from the bus, adding to their travel woes this season.