അമ്മയോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് പിറവത്ത് യുവാവിനെ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് കത്തിച്ചു. പിറവം സ്നേഹഭവൻ റോഡിൽ പുലർച്ചെ ഒരു മണിയോടെ സംഭവം കക്കാട് സ്വദേശി അരുണാണ് സുഹൃത്തുക്കളുടെ ക്രൂരതയ്ക്ക് ഇരയായത്. 75ശതമാനം പൊള്ളലേറ്റ അരുൺ കോട്ടയം മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. അരുണിനെ കത്തിച്ച സുഹൃത്തുക്കളിൽ ഒരാളായ വിഷ്ണുവും പൊള്ളലേറ്റ് ചികിൽസയിലാണ്.
അരുണും വിഷ്ണുവും അടങ്ങുന്ന സംഘം പ്രദേശത്ത് സ്ഥിരമായി മദ്യപിക്കുകയും ലഹരി ഉപയോഗിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നവരാണെന്നും പൊലീസ് പറയുന്നു. ബുധനാഴ്ച രാത്രി അരുൺ വിഷ്ണുവിന്‍റെ അമ്മയെ ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചതിലുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് പറയുന്നു. തുടർന്ന് വിഷ്ണുവും സുഹൃത്തുക്കളും ചേർന്ന് അരുണിനെ തന്ത്രപരമായി വിളിച്ച് വരുത്തുകയും, കയ്യിൽ കരുതിയിരുന്ന പെട്രോൾ തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. കൃത്യത്തിനിടെ അരുണിന് തീ കൊളുത്തിയ ജിഷ്ണവിനും പൊള്ളലേറ്റു.
സംഭവത്തിൽ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അരുണിനെ ആക്രമിച്ച ശേഷം ഒളിവിൽ പോയ മറ്റു രണ്ടു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം 25 ശതമാനം പരിക്കേറ്റ വിഷ്ണു പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു.