ക്രമക്കേട് ആരോപിച്ചുള്ള ഹർജികൾ തള്ളിക്കൊണ്ട് വൈറ്റിലയിലെ ചന്ദര്‍കുഞ്ജ് ഫ്ലാറ്റ് സമുച്ചയം പൊളിച്ചുമാറ്റാനുള്ള ടെൻഡർ നടപടികളുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി ഉത്തരവിട്ടു. മരടിൽ മുൻപ് വിജയകരമായി ഫ്ലാറ്റുകൾ പൊളിച്ചുമാറ്റിയ എഡിഫിസ് എൻജിനീയറിങ് (Edifice Engineering) എന്ന കമ്പനിക്ക് കരാർ നൽകിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ട ഹർജികളാണ് കോടതി തള്ളിയത്.
പൊതുജന താല്പര്യവും പ്രദേശവാസികളുടെ സുരക്ഷയും മുൻനിർത്തി സാങ്കേതിക മികവുള്ള സ്ഥാപനത്തെ തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നിർണായക വിധി. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലുള്ള കമ്മിറ്റിയും പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വവും ചേർന്നാണ് ഫ്ലാറ്റ് പൊളിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്.
എന്നാൽ, ഏറ്റവും കുറഞ്ഞ നിരക്ക് (L1) കോട്ട് ചെയ്തത് തങ്ങളാണെന്നും ടെൻഡർ നടപടികൾ തുടങ്ങിയ ശേഷം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി എഡിഫിസ് എൻജിനീയറിങ്ങിന് അനർഹമായി കരാർ നൽകിയെന്നും ആരോപിച്ചാണ് മറ്റ് രണ്ട് കമ്പനികൾ കോടതിയെ സമീപിച്ചത്. ടെക്നിക്കൽ മൂല്യനിർണയത്തിന് എഴുപത് ശതമാനവും ഫിനാൻസ് ബിഡിന് മുപ്പത് ശതമാനവും വെയിറ്റേജ് നൽകി മാനദണ്ഡങ്ങളിൽ കൃത്രിമം കാട്ടിയെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം.
എന്നാൽ, ജനവാസ മേഖലയിലെ സുരക്ഷ കണക്കിലെടുത്താണ് നിർണായക തീരുമാനമെടുത്തതെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് കെട്ടിടങ്ങൾ സുരക്ഷിതമായി തകർത്ത പരിചയസമ്പത്തുള്ള കമ്പനിയാണ് എഡിഫിസ് എൻജിനീയറിങ് എന്ന സർക്കാരിന്റെ വാദം കോടതി പൂർണ്ണമായി അംഗീകരിച്ചു. കരാർ നൽകിയതിൽ ക്രമക്കേടുകൾ ഇല്ലെന്നും സാങ്കേതിക തികവുള്ള സ്ഥാപനത്തെ തന്നെ ചുമതലപ്പെടുത്തുന്നത് പൊതുതാല്പര്യത്തിന് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജികൾ തള്ളിയത്.