• അരുണിനെ തന്ത്രപരമായി വിളിച്ചുവരുത്തി പെട്രോളൊഴിച്ച ജിഷ്ണവിനും പൊള്ളലേറ്റിട്ടുണ്ട്

പിറവത്ത് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച യുവാവ് മരിച്ചു.  പിറവം കക്കാട് സ്വദേശി അരുൺ പ്രകാശാണ് (31)  മരിച്ചത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൈകിട്ട് ആറരയോടെയാണ് മരിച്ചത്. അരുണിനെ പെട്രോളൊഴിച്ച് കത്തിച്ച ജിഷ്ണുവും പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ജിഷ്ണുവിനെ കൂടാതെ സംഭവത്തില്‍ ഉള്‍പ്പെട്ട ചന്ദനു, സൽബറിൻ, എന്നിവർക്കെതിരെ പിറവം പൊലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു.

ഇന്നലെ പുലര്‍ച്ചെയാണ് ജിഷ്ണവും സുഹൃത്തുക്കളും ചേര്‍ന്ന് അരുണിനെ പെട്രോളൊഴിച്ച് കത്തിച്ചത്. ഫോണ്‍ വിളിച്ച് അമ്മയോട് മോശമായി സംസാരിച്ചതിന്‍റെ പേരിലായിരുന്നു ആക്രമണം. അടുത്തിടെ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ജിഷ്ണു സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ അരുണ്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിരുന്നെങ്കിലും എടുത്തിരുന്നില്ല. അരുണ്‍ വീണ്ടും വിളിച്ചപ്പോള്‍ ജിഷ്ണുവിന്റെ രണ്ടാനമ്മയാണ് ഫോൺ എടുത്തത്. ജിഷ്ണുവാണെന്ന് തെറ്റിദ്ധരിച്ച് അരുൺ ഫോണിലൂടെ തെറിവിളിച്ചു. ഇതാണ് ആക്രമണത്തിനു പ്രകോപനം. സ്കൂട്ടറിൽ ഒഴിക്കാനാണെന്ന വ്യാജേനയാണ് പെട്രോൾ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

പിറവം സ്നേഹഭവൻ റോഡിലെ കൊച്ചുപള്ളി ഗ്രൗണ്ടിനു സമീപമാണ് സംഭവമുണ്ടായത്. വിഷ്ണുവും സുഹൃത്തുക്കളും ചേർന്ന് അരുണിനെ തന്ത്രപരമായി വിളിച്ച് വരുത്തുകയും, കയ്യിൽ കരുതിയിരുന്ന പെട്രോൾ തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. കൃത്യത്തിനിടെ അരുണിന് തീ കൊളുത്തിയ ജിഷ്ണവിനും പൊള്ളലേറ്റു. അരുണും വിഷ്ണുവും അടങ്ങുന്ന സംഘം പ്രദേശത്ത് സ്ഥിരമായി മദ്യപിക്കുകയും ലഹരി ഉപയോഗിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നവരാണെന്നും പൊലീസ് പറയുന്നു.

ENGLISH SUMMARY:

A 31-year-old man, Arun Prakash from Piravom Kakkad, passed away at Kottayam Medical College Hospital after being set on fire by his friend over a telephone altercation. The deceased had sustained over 70 percent burn injuries during the attack that occurred near the Kochupally ground on Snehabhavan Road in Piravom. The primary accused, Jishnu, who also suffered burns during the incident, committed the crime with the help of his accomplices Chandanu and Salbarin after Arun mistakenly verbally abused Jishnu's stepmother over the phone. Piravom police have registered a case regarding the incident, noting that both the victim and the accused were part of a local group involved in frequent substance abuse.