Image: PTI
അര്‍ഹതയുണ്ടായിട്ടും 18വര്‍ഷം അകന്നുനിന്ന ഐപിഎലിന്റെ അധികാരക്കസേരയില്‍ തുടര്‍ച്ചയായി രണ്ടാംതവണയും വിരാട് കോലി അമര്‍ന്നിരുന്നപ്പോള്‍ ആര്‍സിബി ആരാധകര്‍ക്ക് ആനന്ദനൃത്തം. ടീമിന്റെ രക്ഷകനെന്ന് ഒരിക്കല്‍ക്കൂടി കോലി തെളിയിച്ചു. കിരീടനേട്ടത്തിനായി കടുത്ത സമ്മര്‍ദത്തിനിടെയിലും കോലി നേടിയ അര്‍ധസെഞ്ചറിക്കരുത്ത് ടീമിന്റെ വിജയത്തിന് വലിയ മുതല്‍ക്കൂട്ടായി.
ഗുജറാത്ത് സംഘത്തെ 5വിക്കറ്റിന് കോലിയും കൂട്ടരും തുരത്തി. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമായും ആര്‍സിബി മാറി. 2010,11 സീസണുകളില്‍ ചെന്നൈയും 2019,20 സീസണുകളില്‍ മുംബൈയുമാണ് ഇതിനുമുന്‍പ് തുടര്‍ച്ചയായി ചാംപ്യന്‍മാരായത്.
ഗുജറാത്തിന്റെ വിശ്വസ്തരായ ഓപ്പണിങ് ജോടിയെ തകര്‍ക്കാന്‍ ബെംഗളൂരു പേസര്‍മാര്‍ പ്രയോഗിച്ചത് ബൗണ്‍സര്‍ ട്രാപ്. പന്തിന്റെ സ്വിങ് ഒഴിവാക്കാന്‍ ക്രീസ് വിട്ടിറങ്ങി, സ്റ്റെപ് ഔട്ട് ചെയ്ത ഗില്ലാണ് ഈ കെണിയില്‍ ആദ്യം വീണത്. ഗില്‍ മുന്നോട്ടുവരുന്നത് കണ്ട ജോഷ് ഹെയ്സല്‍വുഡ് ബോഡി ലൈനില്‍ ബൗണ്‍സര്‍ എറിഞ്ഞു. അതോടെ ഷോട്ടിന്റെ ടൈമിങ് തെറ്റിയ ഗില്ലിനെ രജത് പാട്ടിദാര്‍ പിടികൂടി.
Royal Challengers Bengaluru's captain Rajat Patidar, Virat Kohli, Bhuvneshwar Kumar, Jitesh Sharma and other members along with their family celebrate with the tournament trophy after the team won the Indian Premier League (IPL) 2026 title, in Ahmedabad, Gujarat, late Sunday, May 31, 2026. (PTI Photo/Ravi Choudhary)
പിന്നാലെ സായ്സുദര്‍ശനെ ഭുവനേശ്വര്‍ കുമാര്‍ വീഴ്ത്തിയതും ബൗണ്‍സറില്‍ തന്നെ. ഓഫ് സ്റ്റംപിനു പുറത്തുപോയ ബൗണ്‍സറില്‍ പുള്‍ ഷോട്ടിനു ശ്രമിച്ച സായിയെ ജിതേഷ് ശര്‍മയാണ് പിടികൂടിയത്. ഈ രണ്ടു വിക്കറ്റുകളും വീണതോടെയാണ് ഗുജറാത്ത് പ്രതിരോധത്തിലായത്.
അതേസമയം ഐപിഎല്‍ ഫൈനല്‍ മത്സരം നിയന്ത്രിക്കാനുള്ള ചുമതല രണ്ടു മലയാളികള്‍ക്കായിരുന്നു. തിരുവനന്തപുരം സ്വദേശി കെ.എന്‍. അനന്തപത്മനാഭനും മറുനാടന്‍ മലയാളി നിതിന്‍ മേനോനുമായിരുന്നു ഫൈനലിലെ ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍. തമിഴ്നാട്ടില്‍ നിന്നുള്ള ജയരാമന്‍ മദനഗോപാലിനായിരുന്നു തേഡ് അംപയറുടെ ചുമതല.