Image Credit: AFP, PTI

Image Credit: AFP, PTI

സണ്‍റൈസേഴ്സോ രാജസ്ഥാന്‍ റോയല്‍സോ ആരാകും ഐപിഎല്‍ രണ്ടാം ക്വാളിഫയറിലെത്തുകയെന്ന്  അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. സീസണില്‍ രണ്ടുവട്ടമാണ് രാജസ്ഥാന്‍ റോയല്‍സിനെ ഹൈദരാബാദ് പരാജയപ്പെടുത്തിയിട്ടുള്ളത്. അതാവര്‍ത്തിക്കാനുറച്ചാണ് ടീം എത്തുന്നതെന്ന് പാറ്റ് കമിന്‍സ് തുറന്ന് പറയുന്നു. പക്ഷേ ഹൈദരാബാദിന്‍റെ ഫൈനല്‍ മോഹങ്ങള്‍ക്ക് മുന്നില്‍ വൈഭവ് സൂര്യവംശിയെന്ന പ്രതിഭ വന്‍മതില്‍ പോലെ നില്‍പ്പുണ്ട്. അത് മറികടക്കാന്‍  സ്പെഷല്‍ പ്ലാനുമായാണ് ടീം ഇറങ്ങുന്നതെന്നും കമിന്‍സ് വെളിപ്പെടുത്തി. 

സൂര്യവംശിയെ പോലെയൊരു പ്രതിഭയെ നേരിടാന്‍ പ്ലാന്‍ ബിയും സിയുമെല്ലാം വേണ്ടിവരുമെന്നും അത് തയാറാണെന്നും ജിയോസ്റ്റാറിനോടാണ് കമിന്‍സ് തുറന്ന് പറഞ്ഞത്. 'എങ്ങനെയാണ് പന്തെറിയാന്‍ പോകുന്നതെന്നും എന്താണ് നിങ്ങളുടെ കരുത്തെന്നും ബോളറെന്ന നിലയില്‍ നിങ്ങള്‍ക്ക് ധാരണയുണ്ടാകും. കളിയുടെ ഗതി മാറ്റി മറിക്കാന്‍ കെല്‍പ്പുള്ള ഒന്നോ രണ്ടോ താരങ്ങള്‍ എല്ലാ ടീമിലുമുണ്ടാകും. അവരെ നേരിടാന്‍ കുറച്ച് പരിശ്രമവും പ്രത്യേക പദ്ധതിയും നിശ്ചയമായും വേണ്ടി വരും. ഞങ്ങള്‍ക്കും അത്തരമൊരു പ്ലാനുണ്ട്. കഴിഞ്ഞ മല്‍സരത്തില്‍ വൈഭവ് ഞങ്ങള്‍ക്കെതിരെ സെഞ്ചറി നേടി. പക്ഷേ വൈഭവിനെ കൂറ്റനടികള്‍ക്ക് വിടാതെ ഞങ്ങള്‍ പിടിച്ചുകെട്ടിയിട്ടുമുണ്ട്. അതില്‍ നിന്നെല്ലാം പാഠമുള്‍ക്കൊണ്ടിട്ടുണ്ട്' കമിന്‍സ് വിശദീകരിച്ചു.

രാജസ്ഥാനെതിരെ നേരത്തെയുള്ള മല്‍സരങ്ങളില്‍ രണ്ടിലും ജയിച്ചത് ടീമിന് ആത്മവിശ്വാസമേറ്റുന്നുണ്ടെന്നും കമിന്‍സ് പറഞ്ഞു. തോല്‍വികളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ടീം പഠിക്കുമെന്നും കഴിഞ്ഞ കളികളില്‍ പാളിച്ച സംഭവിച്ചയിടങ്ങളില്‍ തിരുത്തല്‍ വരുത്തിയാകും ഇന്നിറങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കി. 

വൈകിട്ട് ഏഴരയ്ക്ക് മുല്ലന്‍പുരിലെ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തിലാണ് മല്‍സരം. ജയിക്കുന്ന ടീം 29ന് നടക്കുന്ന രണ്ടാം ക്വാളിഫയറിന് യോഗ്യത നേടും. തോല്‍ക്കുന്ന ടീം ടൂര്‍ണമെന്‍റിന് പുറത്തുമാകും. ബാറ്റിങിനെ തുണയ്ക്കുന്ന പിച്ചാണ് മുല്ലന്‍പുരിലേത്. ഈ സീസണില്‍ നടന്ന എട്ട് ഇന്നിങ്സുകളില്‍ ആറുവട്ടവും സ്കോര്‍ 200 കടന്നിട്ടുണ്ട്. ടോസ് നേടുന്ന ടീം ബോളിങ് തിരഞ്ഞെടുത്തേക്കും. 

ENGLISH SUMMARY:

With only hours remaining for the high-octane IPL Eliminator between Sunrisers Hyderabad and Rajasthan Royals, SRH captain Pat Cummins has revealed that his team has drafted three distinct tactical blueprints to dismiss RR’s batting prodigy Vaibhav Suryavanshi. Speaking to GeoStar, Cummins emphasized that handling a match-winner like Suryavanshi requires proactive adaptability, including fully operational 'Plan B' and 'Plan C' measures. Acknowledging the youngster's previous century against Hyderabad, the Australian paceman stated that his bowling unit has learned valuable lessons on how to choke the batter's scoring areas to contain his aggressive strokeplay. The critical knockout match is scheduled for 7:30 PM at the Maharaja Yadavindra Singh Stadium in Mullanpur, a venue widely known as a batting paradise where team totals have breached the 200-run mark in six out of eight recent innings. While the winning franchise will comfortably advance to Qualifier 2 on May 29 to keep their title hopes alive, the losing squad will face immediate elimination from the tournament.