Mumbai Indians' captain Indian cricket player Hardik Pandya reacts after his team's defeat against Punjab Kings in the 2026 Indian Premier League (IPL) T20 match at the Wankhede Stadium in Mumbai on April 16, 2026. (Photo by Indranil MUKHERJEE / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --
മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തന്റെ മുൻ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിലേക്ക് മടങ്ങാൻ ചർച്ചകൾ നടത്തിയെങ്കിലും നീക്കം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. ഗുജറാത്തിലേക്ക് ഹാര്‍ദിക്ക് തിരിച്ചുവരണമെന്ന് ഫ്രാഞ്ചൈസിക്കും താല്‍പര്യമുണ്ടായിരുന്നു. നിലവിലെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമായി പോലും ഫ്രാഞ്ചൈസി ഈ വിഷയം ചർച്ച ചെയ്തിരുന്നുവെന്നും ഗിൽ ഇതിന് എതിരല്ലായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാല്‍ ഹാര്‍ദികിന്‍റെ ഒരേയൊരു ഡിമാന്‍റാണത്രേ താരത്തെ വേണ്ടെന്നു വയ്ക്കാന്‍ ഗുജറാത്തിനെ പ്രേരിപ്പിച്ചത്.
ഗുജറാത്തിലേക്ക് മടങ്ങുകയാണെങ്കില്‍ തനിക്ക് വീണ്ടും ടീമിന്റെ ക്യാപ്റ്റൻ പദവി നൽകണമെന്നായിരുന്നു ഹാർദിക്കിന്റെ നിബന്ധന. ഇതാണ് ചർച്ചകൾ അവസാനിപ്പിക്കാൻ കാരണമായത്. നിലവിൽ ശുഭ്മാൻ ഗിൽ ടീമിനെ വിജയകരമായി നയിക്കുന്നതിനാൽ ക്യാപ്റ്റൻസി മാറ്റാൻ ഗുജറാത്ത് മാനേജ്‌മെന്റ് തയ്യാറായില്ല. തുടർന്ന് ഹാർദിക്കിന്റെ ക്യാപ്റ്റൻസി ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ഗുജറാത്ത് ടൈറ്റൻഡ്സ് വ്യക്തമാക്കുകയായിരുന്നു. 'ദി ഇന്ത്യൻ എക്സ്പ്രസ്' ആണ് വാര്‍ത്ത പുറത്തുവിട്ടത്.
എന്നാല്‍ ഹാർദിക് പാണ്ഡ്യ നേരിട്ട് മറ്റൊരു ഫ്രാഞ്ചൈസിയുമായും ചർച്ചകൾ നടത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വക്താവ് പറയുന്നത്. അതേസമയം, ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തുടങ്ങിയ മറ്റ് പ്രമുഖ ഫ്രാഞ്ചൈസികള്‍ ഹാർദിക്കിന്റെ കാര്യത്തിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
2022 ൽ മുംബൈയില്‍ നിന്നാണ് ഹാര്‍ദിക് ഗുജറാത്ത് ടൈറ്റൻസിലെത്തുന്നത്. അതേവര്‍ഷം ഹാര്‍ദികിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഗുജറാത്ത് ഐപിഎല്‍ കിരീടം ചൂടി. പിന്നീട് 2024 ൽ രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ഹാര്‍ദിക് മുംബൈയിലേക്ക് മടങ്ങുകയും ചെയ്തു, എന്നാല്‍ ഹാര്‍ദികിന്‍റെ ക്യാപ്റ്റന്‍സിയില്‍ ആ സീസണില്‍ മുംബൈ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയായാണ് ഫിനിഷ് ചെയ്തത്. 2025-ൽ വീണ്ടും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് തോന്നിച്ചെങ്കിലും ഈ സീസണില്‍ ആ പ്രതീക്ഷകളും പൂര്‍ണമായി അവസാനിക്കുകയായിരുന്നു.
2026-ലെ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് 14 മത്സരങ്ങളിൽ നാലെണ്ണത്തിൽ മാത്രം വിജയിച്ച് ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതിനുപിന്നാലെ ഹാർദിക് ടീം വിടാൻ ആലോചിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. മാത്രമല്ല, ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ഹാർദിക് പാണ്ഡ്യയെ മാറ്റാന്‍ മുംബൈ ഇന്ത്യന്‍സ് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.