രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈയിലെത്തിയ തീരുമാനത്തെക്കുറിച്ച് മനസുതുറന്ന് സഞ്ജു സാംസണ്‍. മോശം ഫോമിലുള്ള സമയത്ത് തുണയായത് ധോണിയുടെ പിന്തുണയാണെന്നും സഞ്ജു. രാജസ്ഥാൻ റോയൽസ് വിട്ടത് വലിയൊരു സാഹസമായിരുന്നുവെന്നും സഞ്ജു പറഞ്ഞു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രീക്‌ഷൻ ട്രേഡുകളിലൊന്നിലൂടെയായിരുന്നു സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിയത്. തീരുമാനം ഫ്രാഞ്ചൈസിയെ അറിയിച്ചുകഴിഞ്ഞാൽ പിന്നെ തിരിച്ചുപോകാനാകില്ല. അതുകൊണ്ട് രണ്ടുമൂന്നാഴച്ചയെടുത്ത് ആലോചിച്ച ശേഷമാണ് രാജസ്ഥാന്‍ വിടാന്‍ ഉറപ്പിച്ചതെന്നും സഞ്ജു ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ചെന്നൈ സൂപ്പർ കിങ്‌സ് ഒരു ജയം പോലും നേടാനാകാതെ വിഷമിച്ചിരുന്ന സമയത്ത്, ആദ്യ മൂന്ന് മത്സരങ്ങൾക്ക് ശേഷം ധോണിയുമായി സംസാരിച്ച കാര്യം സഞ്ജു ഓർത്തെടുത്തു. ഏറ്റവും നന്നായി ചെയ്യാൻ കഴിയുന്ന കാര്യത്തിൽ മാത്രം ശ്രദ്ധിക്കൂ. എല്ലാം ശരിയാകും എന്നായിരുന്നു ധോണിയുടെ വാക്കുകള്‍. ഞാൻ പരാജയപ്പെടുന്നു എന്നതുകൊണ്ട് എന്റെ ബാറ്റിങ് ശൈലി മാറ്റണമെന്നോ, സമ്മർദത്തിലാണെന്ന് ഭാവിക്കണമെന്നോ, അല്ലെങ്കിൽ മൂന്ന് മണിക്കൂർ അധികം പരിശീലിക്കണമെന്നോ അർഥമില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചുവെന്നു സഞ്ജു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ തൊട്ടടുത്ത മല്‍സത്തിലായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി നേട്ടം.