ഐപിഎല്‍ 2026 സീസണില്‍ വൈഭവ് സൂര്യവംശിയുടെ ബാറ്റിന്‍റെ ചൂടറിയാത്ത ബൗളര്‍മാര്‍ കുറവാണ്. ബൗളര്‍മാരുടെ വലുപ്പ ചെറുപ്പം നോക്കാതെ സിക്സടിക്കുന്നതാണ് വൈഭവിന്‍റെ ശീലം. പേരുകേട്ട പേസര്‍മാരെ ആദ്യ പന്തില്‍ സിക്സറടിച്ചും വൈഭവ് പുതിയൊരു ട്രെന്‍ഡുണ്ടാക്കി. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ജസ്പ്രിത് ബുംറയെയും വൈഭവ് ആദ്യ പന്തില്‍ സിക്സറടിച്ചു.
അതേസമയം, ഇന്നത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ തിരിച്ചെത്തുന്ന ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ വൈഭവ് ആദ്യ പന്തില്‍ സിക്സറടിക്കുമോ എന്നാണ് ചോദ്യം. വൈഭവിന് ഇതിന് സാധിക്കില്ലെന്നാണ് മുന്‍ വെസ്റ്റ്ഇന്‍ഡീസ് താരം ഇയാന്‍ ബിഷപ്പിന്‍റെ വാദം. കൂടുതൽ തയ്യാറെടുപ്പുകളോടെയാകും സ്റ്റാര്‍ക്ക് എത്തുകയെന്നും അദ്ദേഹം ജസ്പ്രീത് ബുംറയെപ്പോലെയല്ലെന്നും ഇയാന്‍ ബിഷപ് പറഞ്ഞു.
വൈഭവ് സൂര്യവംശിയുടെ മാനസികാവസ്ഥ ലോകത്തെ മികച്ച ബൗളർമാരെ നേരിടാൻ പാകപ്പെട്ടതാണ്. അദ്ദേഹം ജസ്പ്രീത് ബുംറയെപ്പോലും ആത്മവിശ്വാസത്തോടെ നേരിട്ടു. എല്ലാ താരങ്ങളും വൈഭവിനെ നേരിടാന്‍ പല പ്ലാനുകളും പരീക്ഷിക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ താരങ്ങള്‍ അദ്ദേഹത്തിനെതിരെ തുടർച്ചയായി യോർക്കറുകൾ എറിയുകയാണ്. ഇത് നല്ലൊരു സൂചനയാണ്. അദ്ദേഹം മികച്ച രീതിയിൽ തന്നെ സജ്ജമായി എന്നാണ് ഞാൻ കരുതുന്നത്,” ബിഷപ്പ് പറഞ്ഞു.
പോയിന്‍റ് പട്ടികയില്‍ ആറു പോയിന്‍റുമായി ഏഴാമതാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. മൂന്നു ജയവും അഞ്ചു തോല്‍വിയുമാണ് ഡല്‍ഹി ഇതുവരെ നേടിയത്. നാലാം സ്ഥാനത്തുള്ള രാജസ്ഥാന് 12 പോയിന്‍റാണുള്ളത്.