hardik-pandya-gloves-change

ഐപിഎല്ലില്‍ ഗ്ലൗസ് മാറ്റുന്നതിനെ ചൊല്ലി പുതിയ വിവാദം. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ഓവറിന് മധ്യേ രണ്ടു തവണ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ഗ്ലൗസ് മാറ്റിയതാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. ഒരു ദിവസം മുന്‍പ് ചെന്നൈ– ഡല്‍ഹി മത്സരത്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്സിനെ ഗ്ലൗസ് മാറ്റാന്‍ അനുവദിക്കാതിരുന്ന അംപയര്‍മാരുടെ നിലപാടിനെ വിമര്‍ശിക്കുകയാണ് ആരാധകര്‍. 

ഗ്ലൗസ് മാറ്റാന്‍ അംപയര്‍ അനുവദിച്ചില്ല, പിന്നാലെ വിക്കറ്റ്; ഹെല്‍മറ്റ് വലിച്ചെറിഞ്ഞ് സ്റ്റബ്സ്

മുംബൈയുടെ ചേസിങില്‍ 12-ാം ഓവറില്‍ രണ്ടു തവണയാണ് ഹര്‍ദിക് പാണ്ഡ്യ ഗ്ലൗസ് മാറ്റിയത്. ആദ്യ പന്തില്‍ ഫോറടിച്ച ഹര്‍ദികിനായി ഗ്ലൗസുമായി മുംബൈ താരമെത്തി. അടുത്ത പന്ത് ഡോട്ട് ബോളായതോടെ വീണ്ടും പുതിയ ഗ്ലൗസുമായി ഡഗൗട്ടില്‍ നിന്നും കളിക്കാരനെത്തി. ഈ സമയം സബ്സ്റ്റ്യൂട്ട് താരത്തോട് വേഗത്തില്‍ ഗ്രൗണ്ട് വിടാന്‍ അംപയര്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ ഡല്‍ഹി താരം ട്രിസ്റ്റൻ സ്റ്റബ്സിനെ ഓവറിനിടയില്‍ ഗ്ലൗസ് മാറാന്‍ അംപയര്‍ അനുവദിച്ചിരുന്നില്ല. 19-ാം ഓവറിന്‍റെ മബന്നാം പന്തില്‍ ഗ്ലൗസ് മാറ്റാന്‍ സ്റ്റബ്സ് അംപയറോട് അനുവാദം ചോദിച്ചിരുന്നു. വിയര്‍പ്പു മൂലം ഗ്രിപ്പിനെ ബാധിച്ചതിനാലാണ് സ്റ്റബ്സ് ഗ്ലൗസ് മാറ്റാന്‍ അഭ്യര്‍ഥിച്ചത്. പക്ഷേ അംപയര്‍ അനുവദിച്ചില്ല. ഐപിഎല്‍ നിയമപ്രകാരം ഓവറിന് മധ്യേ ബാറ്റ്സ്മാന് ഗ്ലൗസോ മറ്റോ മാറ്റാന്‍ അനുവാദമില്ലെന്നതായിരുന്നു ഇതിന് അംപയറുടെ ന്യായം. 

പിന്നാലെ കൂറ്റനടിക്ക് ശ്രമിച്ച സ്റ്റബ്സ് പുറത്തായി. ഇതോടെ ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയ സ്റ്റബ്സ് ഹെല്‍മറ്റ് വലിച്ചെറിഞ്ഞാണ് രോഷം പ്രകടിപ്പിച്ചത്. ഈ വിഷയത്തില്‍ അംപയറോട് കയര്‍ത്ത നിതിഷ് റാണയ്ക്ക് 25 ശതമാനം മാച്ച് ഫീ പിഴ ചുമത്തുകയും ചെയ്തു. രണ്ടു മത്സരങ്ങളിലെയും വേര്‍തിരിവാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. എന്തുകൊണ്ടാണ് ഓരോ ടീമുകള്‍ക്കും വ്യത്യസ്ത നിയമങ്ങള്‍ എന്നാണ് ഒരാള്‍ എക്സില്‍ കുറിച്ചത്. അംപയര്‍മാറുമ്പോള്‍ നിയമം മാറുമോ എന്നും ആരാധകര്‍ ചോദിക്കുന്നു. 

മത്സരത്തില്‍ 40 റണ്‍സാണ് ഹര്‍ദിക് പാണ്ഡ്യ നേടിയത്. ആര്‍സിബിയുടെ 240 റണ്‍സ് പിന്തുടര്‍ന്ന മുംബൈ 18 റണ്‍സിനാണ് വാഖഡെയില്‍ തോറ്റത്. 

ENGLISH SUMMARY:

The IPL glove controversy involves Hardik Pandya changing his gloves multiple times during an over, which has sparked fan debate. This is in contrast to a previous match where Tristan Stubbs was denied permission to change his gloves mid-over, highlighting perceived inconsistencies in umpiring decisions.