Cricket - Indian Premier League - IPL - Mumbai Indians v Royal Challengers Bengaluru - Wankhede Stadium, Mumbai, India - April 12, 2026 Royal Challengers Bengaluru's Virat Kohli reacts as he walks after losing his wicket REUTERS/Francis Mascarenhas
മുംബൈ ഇന്ത്യന്‍സും ആര്‍സിബിയുമായി വാങ്കഡെയില്‍ ഏറ്റുമുട്ടിയപ്പോള്‍ ആരാധകശ്രദ്ധയത്രയും വിരാട് കോലിയിലേക്കും രോഹിത് ശര്‍മയിലേക്കുമാകുക സ്വാഭാവികം. വാങ്കഡെയിലേക്ക് എത്തിയ കോലി ഫാന്‍സാവട്ടെ, 65–ാം അര്‍ധ സെഞ്ചറി ആഘോഷിക്കാന്‍ പ്ലാന്‍ ചെയ്താണ് എത്തിയതും. ആരാധക പ്രതീക്ഷ പോലെ 37 പന്തില്‍ കോലി അര്‍ധ സെഞ്ചറി നേടിയെങ്കിലും താരത്തിന്‍റെ മുഖത്ത് ഒട്ടും സന്തോഷമുണ്ടായിരുന്നില്ല. 15–ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു കോലിയുടെ നേട്ടം. എന്നാല്‍ അര്‍ധ സെഞ്ചറി ആഘോഷിക്കാതെ അസ്വസ്ഥതനായി നിന്ന കോലി രണ്ട് പന്തുകള്‍ കൂടി നേരിട്ട് പുറത്താകുകയും ചെയ്തു.
പുറത്താകുക കൂടി ചെയ്തതോടെ താരത്തിന് നിരാശ മറച്ചുവയ്ക്കാന്‍ കഴിഞ്ഞില്ല. ഗ്ലൗസും ഹെല്‍മെറ്റും വലിച്ചെറിഞ്ഞാണ് താരം തിരികെ കയറിപ്പോയത്. അര്‍ധ സെഞ്ചറി നേടിയിട്ടും കോലിക്ക് തൃപ്തിയായില്ലെന്നും അടുത്തയിടെ കോലിയെ ഇത്ര നിരാശനായി കാണുന്നത് ഇതാദ്യമായിട്ടാണെന്നും ആരാധകര്‍ എക്സില്‍ കുറിച്ചു. 131.58 ആയിരുന്നു കോലിയുടെ ഇന്നലത്തെ സ്ട്രൈക്ക് റേറ്റ്. സ്ട്രൈക്ക് റേറ്റ് കുറഞ്ഞതിന്‍റെ അതൃപ്തിയാകാം താരം പ്രകടിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. 20 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത രജത് പട്ടിദാറിന്‍റെ സ്ട്രൈക്ക് റേറ്റ് 265 ആണ്. 36 പന്തില്‍ നിന്ന് 78 അടിച്ച് കൂട്ടിയ ഫില്‍ സാള്‍ട്ടിന്‍റേത് 216.67ഉം.
ബാറ്റര്‍മാരില്‍ വന്നവരും നിന്നവരുമെല്ലാം തകര്‍ത്തടിച്ചതോടെ നാല് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെന്ന കൂറ്റന്‍ സ്കോറാണ് ആര്‍സിബി മുംബൈയ്ക്ക് മുന്നില്‍ ഉയര്‍ത്തിയത്. സീസണിലെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറാണിത്. ആറ് ഫോറിനൊപ്പം തകര്‍പ്പന്‍ സിക്സറുകളുമായി ഫില്‍ സോള്‍ട്ട് ഒരുവശത്ത് അടിച്ചുകയറിയപ്പോള്‍ കോലി പതിഞ്ഞതാളത്തിലാണ് അര്‍ധ സെഞ്ചറി കടന്നത്. ഇതോടെ ഓപ്പണിങ് കൂട്ടുകെട്ടില്‍ 120 റണ്‍സ് പിറന്നു. പതിനൊന്നാം ഓവറില്‍ ഷാര്‍ദൂള്‍ താക്കൂറാണ് സോള്‍ട്ടിനെ മടക്കിയത്. മുംബൈയ്ക്ക് അപ്പോഴാണ് ശ്വാസം വീണതും. സോള്‍ട്ട് മടങ്ങിയ ഇടത്ത് നിന്ന് രജത് പട്ടിദാര്‍ അടി തുടങ്ങി. 20 പന്തില്‍ 53 റണ്‍സ്. നാല് ഫോറും അഞ്ച് സിക്സുമടങ്ങുന്നതായിരുന്നു ആ ഇന്നിങ്സ്.