Image Credit:AFP
ഐപിഎലില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ വൈഭവ് സൂര്യവംശിയെന്ന പതിനഞ്ചുകാരന്‍ പുറത്തെടുത്തത്. എണ്ണം പറഞ്ഞ ബോളര്‍മാരെല്ലാം ആ ബാറ്റിന്‍റെ ചൂടറിഞ്ഞു. സാക്ഷാല്‍ പാറ്റ് കമിന്‍സ് ഒടുക്കം തമാശയായി പറഞ്ഞു, ഈ പ്രായത്തില്‍ വല്ല ഹൈസ്കൂളിലും പോയിരുന്നാല്‍ പോരേ, അങ്ങനെയായിരുന്നെങ്കില്‍ ഞാന്‍ ഈ അടികൊണ്ട് വലയില്ലായിരുന്നുവല്ലോ' എന്ന്. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിലും ഇടം പിടിച്ചിരിക്കുകയാണ് താരം.
എന്താണ് വൈഭവിന്‍റെ ഈ വെടിക്കെട്ട് ബാറ്റിങിന്‍റെ രഹസ്യമെന്ന് ആരാധകര്‍ പരസ്പരം ചോദിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. തീര്‍ത്തും സ്വാഭാവികമായാണ് വൈഭവ് ബാറ്റ് വീശുന്നത്. പതിനഞ്ചുകാരന് സാധാരണ കഴിയുന്നതിനുമപ്പുറം അനായാസമായാണ് അത് സംഭവിക്കുന്നതെന്ന് പ്രമുഖ സ്പോര്‍ട്സ് മെഡിസിന്‍ വിദഗ്ധനായ വൈഭവ് ദാഗ പറയുന്നു. പരിശീലനം കൊണ്ട് ബാറ്റ് സ്വിങ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ വൈഭവിന് ദീര്‍ഘകാലം തകര്‍പ്പനടി തുടരാന്‍ കഴിയുമെന്ന് തന്നെയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. നിലവില്‍ സീസണിടെ കാര്യമായ പരുക്കുകള്‍ താരത്തിനുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. അത്തരം പരുക്കുകളില്ലാതെ പരിചരിക്കുകയും വേണമെന്നും ദാഗ പറയുന്നു.
ഐപിഎല്‍ സീസണിന്‍റ അവസാനഘട്ടത്തില്‍ തുടരെത്തുടരെ കളിക്കേണ്ടി വന്നിട്ടും അതിന്‍റെ ക്ഷീണം വൈഭവിനെ ബാധിച്ചിരുന്നില്ല. 90 ന് മുകളില്‍ റണ്‍സ് സ്കോര്‍ ചെയ്യാനും കഴിഞ്ഞു. അത്തരം സമ്മര്‍ദമേറിയ സാഹചര്യങ്ങളില്‍ ശാരീരികക്ഷമതയെന്നത് പോലെ മാനസികമായ തയാറെടുപ്പും പ്രധാനമാണെന്ന് ദാഗ വിലയിരുത്തുന്നു. കളി തുടങ്ങും മുന്‍പ് വിക്കറ്റിനടുത്ത് ധ്യാനത്തിലെന്ന പോലെ ഇരിക്കുന്ന വൈഭവിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മാനസികമായ തയാറെടുപ്പിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും തന്‍റെ കളിയെങ്ങനെയാകണമെന്ന് വൈഭവ് മുന്‍കൂട്ടി കാണുന്നതാണ് ഈ തയാറെടുപ്പെന്നും ഇത് ആത്മവിശ്വാസമേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോര്‍ മസിലുകള്‍, തോളെല്ലുകള്‍, ശരീരത്തിന്‍റെ ആകെയുള്ള ക്ഷമത മെച്ചപ്പെടുത്തല്‍ തുടങ്ങിയവ നിലവിലെ സാഹചര്യത്തില്‍ വൈഭവിന് സാധ്യമാണെന്നും വിദ്ഗധര്‍ പറയുന്നു.
ഐപിഎല്‍ ഈ സീസണില്‍ അതിശയകരമായ ഫിറ്റ്നസ് പുറത്തെടുത്തത് മുഹമ്മദ് ഷമിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. പരിശീലനത്തിനും പരുക്കേറ്റാല്‍ അതിനെ കൈകാര്യം ചെയ്യുന്നതിനും ഷമിക്ക് സ്വന്തം രീതികളുണ്ടെന്നും നേരിയ ബുദ്ധിമുട്ട് പോലും ഷമി നിസാരമായി കാണില്ലെന്നും അത് അദ്ദേഹത്തിന്‍റെ പരിശീലകര്‍ക്കും മെഡിക്കല്‍ ടീമിനും വലിയ സഹായമാണെന്നും ദാഗ പറയുന്നു. ടീം എന്താണോ ആഗ്രഹിക്കുന്നത് അത് താന്‍ നല്‍കുമെന്നും മറ്റൊന്നിനും അതില്‍ നിന്ന് തടയാന്‍ കഴിയില്ലെന്നുമുള്ളതാണ് എപ്പോഴും ഷമിയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.