Image: X
ശ്രീലങ്കയിൽ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ നാലാം മല്‍സരത്തിലെ തോല്‍വിക്ക് പിന്നാലെയാണ് ഇന്ത്യയുടെ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയും ശ്രീലങ്കൻ താരങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വന്‍തോതില്‍ പ്രചരിക്കുകയും ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്തു. മല്‍സരത്തില്‍ സൂപ്പർ ഓവറിലൂടെ ലങ്കൻ ടീം വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്താണ് ഗ്രൗണ്ടില്‍ സംഭവിച്ചത്?
ഇരു ടീമുകളും 265 റണ്‍സെടുത്ത് സമനിലയായതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 16 റണ്‍സെടുത്തു. എന്നാല്‍ 10 റണ്‍സെടുക്കാനെ ഇന്ത്യക്ക് സാധിച്ചുള്ളൂ. വിജയിച്ചതിന് പിന്നാലെ ശ്രീലങ്കന്‍ താരങ്ങളും വൈഭവ് സൂര്യവംശിയും തമ്മില്‍ തര്‍ക്കമുണ്ടായി. മല്‍സരം അവസാനിച്ചതിന് പിന്നാലെ ലങ്കൻ താരം വിശെൻ ഹലാംബാഗെ വൈഭവ് സൂര്യവംശിയോട് ‘കളി കഴിഞ്ഞു, വീട്ടില്‍ പൊക്കോ’ എന്ന് പറയുകയും ഇത് താരത്തെ പ്രകോപിപ്പിക്കുകയുമായിരുന്നു. തുടര്‍ന്നാണ് വാക്കേറ്റവും ചെറിയ തോതിലുള്ള സംഘര്‍ഷവുമുണ്ടായത്. വൈഭവ് താരത്തെ തള്ളിമാറ്റിയെന്നും റിപ്പോര്‍ട്ടുണ്ട്. ഒടുവില്‍ മറ്റ് താരങ്ങളും ഒഫീഷ്യലുകളും ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
അതേസമയം, മല്‍സരം സൂപ്പര്‍ ഓവറിലെത്തിയത് സംബന്ധിച്ചും വിവാദമുണ്ടായി. വെളിച്ചം കുറവായിരുന്നിട്ടും സൂപ്പർ ഓവർ നടത്താൻ ഇന്ത്യ എ ക്യാപ്റ്റൻ തിലക് വർമ്മ നിർബന്ധം പിടിച്ചതായാണ് റിപ്പോർട്ട്. സൂപ്പർ ഓവറിൽ വെളിച്ചം കുറഞ്ഞാൽ കളി നിർത്താമെന്ന വ്യവസ്ഥയിൽ അമ്പയർമാർ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് മല്‍സരം തുടരുകയായിരുന്നു. മല്‍സരം സൂപ്പർ ഓവറിലേക്ക് പോകേണ്ടിയിരുന്നില്ലെന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡ് ഉദ്യോഗസ്ഥരും പിന്നീട് അഭിപ്രായപ്പെട്ടു.
മാത്രമല്ല, ഇന്ത്യയുടെ ഓൾറൗണ്ടർ വിപ്രാജ് നിഗം പിച്ച് നിയമം ലംഘിച്ചെന്ന് ആരോപിച്ച് അമ്പയർമാർ ഇന്ത്യക്ക് 10 റൺസ് പെനാൽറ്റി നൽകിയിരുന്നു. അതുകൊണ്ടു തന്നെ മത്സരം ആരംഭിച്ചപ്പോൾ തന്നെ ലങ്കൻ ടീമിന് ഈ 10 റൺസ് മുൻകൂറായി ലഭിച്ചിരുന്നു. ഇന്ത്യയുടെ പരാജയത്തിൽ ഈ പെനാൽറ്റി റൺസ് നിർണ്ണായകമായി.
അതേസമയം, ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ ഇന്ത്യ എയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ എയോടും ഇന്ത്യ തോറ്റിരുന്നു.