രാജസ്ഥാന്‍ റോയല്‍സിന്‍റെ 14 കാരന്‍ ബാറ്റ്സ്മാന്‍ ഐപിഎല്ലിലേക്ക് വരവറിയിച്ചത് സിക്സറടിച്ചു കൊണ്ടാണ്. മൂന്നാം മല്‍സരത്തില്‍ സെഞ്ചറിയടിച്ച് ഞെട്ടിച്ചതോടെ രാജസ്ഥാന്‍ റോയല്‍സ് വെറുതെയല്ല ഈ പയ്യനെ 1.10 കോടിക്ക് സ്വന്തമാക്കിയതെന്ന് ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞു. വൈഭവ് സൂര്യവന്‍ഷി ക്രിക്കറ്റും കളിച്ച് നടക്കുകാണെന്നും പഠനത്തില്‍ ഉഴപ്പിയെന്നുമാണ് സോഷ്യല്‍ ലോകത്ത് സംസാരം.
14 കാരന്‍ കഴിഞ്ഞ ദിവസം വന്ന പത്താം തരം സിബിഎസ്ഇ പരീക്ഷയില്‍ വിജയിച്ചില്ലെന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. താരം പത്താം ക്ലാസ് തോറ്റെന്നും ഡിആര്‍എസ് സ്റ്റൈലില്‍ പരീക്ഷ പേപ്പര്‍ പരിശോധിക്കാന്‍ ബിസിസിഐ റിവ്യു ആവശ്യപ്പെട്ടെന്നുമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ഇതിന് പിന്നാലെ പലരും വൈഭവിന്‍റെ തോല്‍വി ചര്‍ച്ചയാക്കി. എന്നാല്‍ പോസ്റ്റിന് താഴെ തന്നെ ഇതൊരു വിനോദത്തിനുള്ള പോസ്റ്റാണെന്നും യഥാര്‍ഥ വാര്‍ത്തയല്ലെന്നും എഴുതിയിട്ടുണ്ടായിരുന്നു. വൈഭവ് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ ആയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്ത പ്രകാരം തജൂരിലെ മോഡസ്റ്റി സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് വൈഭവ്. 14 വയസും 23 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഐപിഎലില്‍ അരങ്ങേറ്റം കുറിച്ചത്. ഇതോടെ ഐപിഎല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറി.
ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനമാണ് വൈഭവിനെ രാജസ്ഥാന്‍ റോയല്‍സ് ടീമിലേക്ക് എത്തിച്ചത്. 2024 സീസണില്‍ ബറോഡയ്ക്കെതിരെ ബിഹാറിന് വേണ്ടി 42 പന്തില്‍ 71 നേടിയ വൈഭവ് ലിസ്റ്റ് എ ക്രിക്കറ്റില്‍ അര്‍ധ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി. ചെന്നൈയില്‍ ഓസീസിനെതിരെ നടന്ന ടെസ്റ്റില്‍ 58 പന്തില്‍ സെഞ്ചറിയോടെ ഇന്ത്യന്‍ താരത്തിന്‍റെ വേഗതയേറിയ സെഞ്ചറിയും വൈഭവിന്‍റെ പേരിലാണ്. അണ്ടര്‍ 19 ഏഷ്യാകപ്പ് കളിച്ച താരം രണ്ട് അര്‍ധ സെഞ്ചറികളും നേടി.