AFP
പോർച്ചുഗൽ ദേശീയ ടീം വിട്ടതില്‍ വിശദീകരണവുമായി റൊണാള്‍ഡോ. പരിശീലകന്‍ പറഞ്ഞിട്ട് വാംഅപ്പ് ചെയ്തതിട്ടും കോച്ച് പരിഗണിച്ചില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയുമെന്ന വാക്കും പാലിച്ചില്ല. നോര്‍വെയ്ക്കെതിരെ 30 മിനിറ്റ് കളിക്കാന്‍ ആവശ്യപ്പെട്ടു. ക്യാംപ് വിട്ടതില്‍ മാപ്പ് ചോദിച്ച റൊണാള്‍ഡോ ഉടന്‍ വിരമിക്കില്ലെന്ന സൂചനയും നല്‍കി
ടീമിന്റെ പരിശീലകനായ ഹോർഹെ ജിസ്യൂസ് ക്യാംപ് വിട്ടാല്‍ മാത്രം തിരികെ വരാമെന്നാണ് റൊണാൾഡോയുടെ നിലപാടെന്ന് പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർഹെ ജിസ്യൂസ് പരിശീലകനായിരിക്കുന്നിടത്തോളം കാലം പോർച്ചുഗലിന്റെ ജഴ്സി വീണ്ടും അണിയാൻ താൽപര്യമില്ലെന്നാണ് റോണോയുടെ നിലപാട്. പരിശീലകനുമായുള്ള ശക്തമായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് റൊണാൾഡോ നേഷൻസ് ലീഗ് മത്സരങ്ങൾക്കിടെ ടീം ക്യാംപ് വിട്ടത്.
Also read: ക്രിസ്റ്റ്യാനോ പ്ലേയിങ് ഇലവനില്‍ ഇല്ലെന്ന് കോച്ച്; ഉടക്കി ടീം ക്യാംപ് വിട്ട് താരം
അതേസമയം ഹോർഹെ ജിസ്യൂസ് റൊണാൾഡോയെ ടീമിലേക്കു തിരികെ വിളിച്ചിട്ടുണ്ട്. പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോയ്ക്ക് എപ്പോൾ വേണമെങ്കിലും ടീമിലേക്കു മടങ്ങിയെത്താമെന്ന് ഹോർഹെ വ്യക്തമാക്കി. ‘‘അദ്ദേഹത്തിന് ടീമിലേക്ക് എപ്പോൾ വേണമെങ്കിലും മടങ്ങിവരാം. അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. ദേശീയ ടീമിനൊപ്പമുള്ള യാത്ര എങ്ങനെ അവസാനിപ്പിക്കണം എന്നും അദ്ദേഹം വേണം തീരുമാനിക്കാൻ. നീ കളിച്ചാലും കളിച്ചില്ലെങ്കിലും എന്റെ ഒപ്പം നീ ഉണ്ടാകണം എന്നാണ് ഞാൻ ക്രിസ്റ്റ്യാനോയോട് പറഞ്ഞത്. അതിൽ ഞാൻ ഇപ്പോഴും ഉറച്ച് നിൽക്കുന്നു’’ ജിസ്യൂസ് പറഞ്ഞു.
റൊണാൾഡോ ഇല്ലെങ്കിലും യുവേഫ നേഷന്‍സ് ലീഗിൽ തകർപ്പൻ പ്രകടനമാണ് പോർച്ചുഗൽ നടത്തുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ മൂന്നാം മത്സരത്തിലും പോർച്ചുഗല്‍ ജയിച്ചു കയറി. നോർവേയെ 2–1നു തകർത്താണ് പോർച്ചുഗൽ നേഷൻസ് ലീഗിൽ തങ്ങളുടെ ആധിപത്യം വീണ്ടും ഉറപ്പിച്ചത്. 36–ാം മിനിറ്റിൽ ക്രിസ്റ്റഫർ ഐയെയിലൂടെ നോർവേ ലീഡ് നേടിയെങ്കിലും (0–1), 2 മിനിറ്റിനു ശേഷം ജോവ കാൻസലോയിലൂടെയും (38) ഗോൺസാലോ റാമോസിലൂടെയും (79) പോർച്ചുഗൽ തിരിച്ചടിച്ചു (2–1). 4 തുടർ ജയങ്ങളും 12 പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാമതുള്ള നിലവിലെ ചാംപ്യൻമാരായ പോർച്ചുഗൽ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.
നേഷൻസ് ലീഗിൽ വെയിൽസുമായി നടന്ന ആദ്യ മത്സരത്തിൽ ക്രിസ്റ്റ്യാനോ ഇറങ്ങിയിരുന്നെങ്കിലും കളിക്കിടെ തിരികെ വിളിച്ചിരുന്നു. മത്സരം 1–0നു പോർച്ചുഗൽ സ്വന്തമാക്കി. നോർവേയുമായി നടന്ന അടുത്ത മത്സരത്തിൽ ബെഞ്ചിലായിരുന്നു സൂപ്പർതാരത്തിന്റെ സ്ഥാനം. ഇതിലും പോർച്ചുഗൽ വിജയിച്ചു (2–1). പിന്നീടാണു പോർച്ചുഗൽ ക്യാംപ് വിടുകയാണെന്നു റൊണാൾഡോ പ്രഖ്യാപിച്ചത്.