ലോകകപ്പ് നോക്കൗട്ടില്‍ യുഎസ്എയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബല്‍ജിയം പരാജയപ്പെടുത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ. അമേരിക്കയുടെ നാണംകെട്ട തോല്‍വി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇതെങ്ങനെ സഹിക്കുമെന്നും ബല്‍ജിയത്തോട് യുദ്ധം പ്രഖ്യാപിക്കുമോ, അതോ തീരുവ കൂട്ടുമോ എന്നെല്ലാമാണ് സമൂഹമാധ്യമങ്ങളില്‍ ചോദ്യം നിറയുന്നത്. നിരാശനായി മുഷ്ടി ചുരുട്ടി ഇടിക്കുന്ന ട്രംപിന്‍റെ മീമുകളും 'യുഎസ്എയെ തോല്‍പ്പിച്ച ബല്‍ജിയത്തെ ലോകകപ്പില്‍ നിന്ന് പുറത്താക്കി' എന്ന തരത്തിലുള്ള ട്രോളുകളും എക്സില്‍ വൈറലാകുന്നുണ്ട്.
കളിക്ക് മുന്‍പ് ഫിഫയോടും ലോകത്തോടും വിരല്‍ ചൂണ്ടി നില്‍ക്കുന്ന ട്രംപിന് നേരെ കളി കഴിഞ്ഞ് ബല്‍ജിയന്‍ താരങ്ങള്‍ അശ്ലീല ആംഗ്യം കാട്ടുന്ന എഐ പോസ്റ്ററുകളും 'കൂട്ടക്കൊല' എന്ന കമന്‍റുകളും കാണാം. ഫുട്ബോളില്‍ കളിച്ചാണ് ജയിക്കേണ്ടതെന്നും മസില്‍ പവറിലൂടെ അല്ലെന്നും ആളുകള്‍ കുറിക്കുന്നു.
യുഎസ് താരം ബലോഗന്റെ ചുവപ്പ് കാര്‍ഡ് താന്‍ ഇടപെട്ട് പിന്‍വലിപ്പിച്ചതായി ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. റൗണ്ട് ഓഫ് 32വില്‍ ബോസ്നിയന്‍ താരത്തെ ഫൗള്‍ ചെയ്തതിനായിരുന്നു ബലോഗന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. യുഎസ് സ്ട്രൈക്കറുടെ റെഡ് കാര്‍ഡ് പിന്‍വലിക്കണമെന്നും അത് ഫൗളല്ലെന്നും താന്‍ കളി കണ്ടതാണെന്നും പറഞ്ഞ് ട്രംപ് മൂന്ന് വട്ടം ഫിഫയെ ബന്ധപ്പെട്ടുവെന്നായിരുന്നു ദ് ഗാര്‍ഡിന്‍റെ റിപ്പോര്‍ട്ട്. പിന്നാലെ ഫിഫയുടെ അച്ചടക്ക സമിതി അസാധാരണ തീരുമാനത്തിലൂടെ നടപടി തിരുത്തി.
ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച വിഡിയോയില്‍ റഫറി റെഡ് കാര്‍ഡ് കാണിക്കുമ്പോള്‍ ട്രംപിന്‍റെ ചിത്രമുള്ള കാര്‍ഡ് പുറത്തെടുക്കുന്ന ബലോഗന്‍റെ അനിമേറ്റഡ് വിഡിയോ പങ്കുവച്ചായിരുന്നു ട്രംപിന്‍റെ നന്ദി പ്രകാശനം. വ്യാപക വിമര്‍ശനമാണ് ഫിഫയുടെ നടപടിക്കെതിരെ ഉയര്‍ന്നത്.