ഖമനയിയുടെ സംസ്കാരച്ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഹോര്‍മുസില്‍ വാണിജ്യകപ്പലുകള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം. രണ്ട് കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. സംസ്കാരച്ചടങ്ങുകള്‍ക്കായി ഒരാഴ്ച സാവകാശമെന്ന് നേരത്തേ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. 

ഈ കാലയളവില്‍ ഇറാനു നേരെ ആക്രമണമുണ്ടാവില്ലെന്നും യുഎസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനിടെയാണ് ഇറാന്‍റെ വല്യൂഷണറി ഗാർഡുകൾ തന്നെ ഹോര്‍മുസില്‍ കപ്പലുകള്‍ക്കുനേരെ കടന്നാക്രമണം നടത്തിയത്. യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്സിയോസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

ഹോര്‍മുസില്‍ ആക്രമണങ്ങള്‍ നിര്‍ത്താനുള്ള ഇറാന്‍–യുഎസ് ധാരണാപത്രത്തിന്റെ കാര്യത്തിലും ഇതോടെ ആശങ്ക ശക്തമാവുകയാണ്. ഇതു മാത്രമല്ല, ഇന്നു പുലർച്ചെ ഒമാൻ തീരത്ത് ഒരു ടാങ്കറിൽ പ്രൊജക്‌ടൈൽ വന്നിടിച്ച് തീപിടിച്ചതായും ബ്രിട്ടീഷ് സൈന്യം അറിയിക്കുന്നു. എന്നാല്‍ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ബ്രിട്ടീഷ് സൈന്യം അറിയിക്കുന്നു. ഇറാന്റെ ഭാഗത്തുനിന്നും മറ്റ് രണ്ട് കപ്പലുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായതായി സംശയിക്കുന്നുണ്ട്. 

ഇറാനിലെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ഈ വര്‍ഷമാദ്യം നടന്ന ഇസ്രയേല്‍–യുഎസ് സംയുക്ത ആക്രമണത്തിനിടെയാണ് കൊല്ലപ്പെട്ടത്. ഖമനയിയുടെ സംസ്കാരച്ചടങ്ങുകള്‍ ടെഹ്റാനില്‍ പുരോഗമിക്കുകയാണ്. ലോകനേതാക്കളെ ക്ഷണിച്ച ചടങ്ങില്‍ ഇന്ത്യന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലെ കോണ്‍ഗ്രസ്, ബിജെപി നേതാക്കളേയും കശ്മീരിലെ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയേയും ഇറാന്‍ ചടങ്ങുകള്‍ക്ക് സാക്ഷിയാകാന്‍ ക്ഷണിച്ചിരുന്നു. മെഹ്ബൂബ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇറാനിലെത്തിയിട്ടുണ്ട്. അതേസമയം ഖമനയിയുടെ മകന്‍ മുജ്തബ ഖമനയി സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

Hormuz Strait Tensions Escalate with Iranian Missile Strike:

Amidst the funeral ceremonies for Ayatollah Khamenei, Iran launched missile attacks on commercial ships in the Strait of Hormuz, causing damage to two vessels without reported casualties. This incident raises concerns about the Iran-US understanding on halting attacks in Hormuz and follows a separate projectile strike on a tanker off the coast of Oman.