Belgium's Romelu Lukaku (9) celebrates after scoring his team's fourth goal during the World Cup round of 16 soccer match between the United States and Belgium in Seattle, Monday, July 6, 2026. (AP Photo/Lindsey Wasson)
ലോകകപ്പ് നോക്കൗട്ടിലെ ആവേശപ്പോരില്‍ അമേരിക്കയെ 4–1ന് തകര്‍ത്ത് ബല്‍ജിയം ക്വാര്‍ട്ടറില്‍. കെറ്റലെയറിന്‍റെ ഇരട്ട ഗോളും വനാകെയ്ന്‍റെയും പകരക്കാരനായെത്തിയ ലുക്കാക്കുവിന്‍റെയും ഗോളുകളുമാണ് ബല്‍ജിയത്തിന് ആധികാരിക ജയം സമ്മാനിച്ചത്. കളിയുടെ ഒന്‍പതാം മിനിറ്റില്‍ നിക്കൊളാസ് റാസ്കിന്റെ പാസിലൂടെ ചാള്‍സ് ഡി കെറ്റലെയര്‍ ബല്‍ജിയത്തിനായി ആദ്യ ഗോള്‍ നേടി. ബല്‍ജിയം ലീഡെടുത്തതോടെ ഒത്തിണക്കോടെയുള്ള ആക്രമണം പുറത്തെടുത്ത യുഎസ്എ 30–ാം മിനിറ്റില്‍ സമനില പിടിച്ചു. ഗോള്‍ വീണ് കൃത്യം മൂന്നാം മിനിറ്റില്‍ ട്രൊസാര്‍ഡിന്റെ ക്രോസില്‍ കെറ്റലെയര്‍ വീണ്ടും ബല്‍ജിയത്തെ മുന്നിലെത്തിച്ചു.
കളിയുടെ 57–ാം മിനിറ്റില്‍ യുഎസ്എ ഗോളി മാറ്റ് ഫ്രീസ് പെനല്‍റ്റി ബോക്സിന് പുറത്തേക്ക് വന്ന പന്ത് ക്ലിയര്‍ ചെയ്യാന്‍ നോക്കുന്നതിനിടെ, വനാകെയ്ന്‍ പിടിച്ചെടുത്ത് ഗോള്‍വലയിലാക്കി. പകരക്കാരനായെത്തിയ റൊമേലു ലുക്കാകു അധികസമയത്ത് ഗോള്‍ നേടിയതോടെ ബല്‍ജിയന്‍ ആധിപത്യം പൂര്‍ണം.
1930 ലെ ആദ്യ ലോകകപ്പില്‍ മാത്രമാണ് ബല്‍ജിയത്തെ അമേരിക്കയ്ക്ക് തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. പിന്നീടിങ്ങോട്ട് ജയം ബല്‍ജിയത്തിന് ഒപ്പം നിന്നു. 2014 ലെ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ എക്സ്ട്രാ ടൈമില്‍ 2–1ന് ബല്‍ജിയം യുഎസ്എയെ പരാജയപ്പെടുത്തിയിരുന്നു. ക്വാര്‍ട്ടറില്‍ സ്പെയിനാണ് ബല്‍ജിയത്തിന്‍റെ എതിരാളികള്‍.