United States' Folarin Balogun (20) celebrates scoring his side's third goal against Paraguay with teamates during the World Cup Group D soccer match in Inglewood, Calif., near Los Angeles, Friday, June 12, 2026. (AP Photo/Andre Penner)
സ്വന്തം നാട്ടില്‍ ആരാധകര്‍ക്ക് മുന്നില്‍ പാരഗ്വായ്ക്ക് മേല്‍ യുഎസ്എയ്ക്ക് 4–1ന്‍റെ തകര്‍പ്പന്‍ ജയം. കളിയുടെ ഏഴാം മിനിറ്റില്‍ പാരഗ്വായ് താരം ഡാമിയന്‍ ബോബഡില്ലയുടെ സെല്‍ഫ് ഗോളാണ് യുഎസ്എയ്ക്ക് ആദ്യം മേല്‍ക്കൈ നേടിക്കൊടുത്തത്. പന്ത് വരുതിയിലാക്കി പാരഗ്വായുെട പോസ്റ്റിലേക്ക് നീങ്ങിയ യുഎസ് താരങ്ങളെ അമ്പരപ്പിച്ച് ബോബഡില്ലയുടെ കിക്കാണ് സ്വന്തം ഗോളിയെയും മറികടന്ന് വല കുലുക്കിയത്.
31–ാം മിനിറ്റിലായിരുന്നു അടുത്ത ഗോള്‍. ഫൊലാരിന്‍ ബലോഗനാണ് യുഎസ്എയ്ക്കായി ഗോളടിച്ചത്. 28 –ാം മിനിറ്റില്‍ 2–0 എന്ന് ലീഡെടുക്കാന്‍ ശ്രമിച്ച ബലോഗന്‍ ഗോളടിച്ചിരുന്നുവെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചു. ഈ ക്ഷീണമാണ് മിനിറ്റുകള്‍ക്കകം ബലോഗന്‍ തീര്‍ത്തത്. ക്രിസ്റ്റ്യന്‍ പുലിസികില്‍ നിന്ന് ലഭിച്ച പാസ് ബലോഗന് വിദഗ്ധമായി പാരഗ്വായുടെ വലയിലെത്തിച്ചു. 45–ാം മിനിറ്റില്‍ യുഎസ്എ മൂന്നാം ഗോളും നേടി ആധിപത്യം ഉറപ്പിച്ചു. മാലിക് തില്‍മനാണ് ഇക്കുറി ബലോഗന് പന്ത് നല്‍കിയത്. സ്വന്തം നാട്ടില്‍, ആരാധകര്‍ക്ക് മുന്നില്‍ ആദ്യപകുതി യുഎസ്എയ്ക്ക് സ്വന്തം.
രണ്ടാം പകുതിയില്‍ പാരഗ്വായ് പൊരുതി നോക്കി. യുഎസ്എയ്ക്കായി ഇരട്ടഗോള്‍ നേടിയ ബലോഗനെ പാരഗ്വായ് പ്രതിരോധ നിര പൂട്ടി. ഗോളി ഗിലും മികച്ച സേവുകള്‍ നടത്തി. ബോബഡില്ലയ്ക്ക് പകരക്കാരനായി ഇറങ്ങിയ മൗറീഷ്യോ 74–ാം മിനിറ്റില്‍ പാരഗ്വായ്ക്കായി ആശ്വാസഗോള്‍ നേടുകയും ചെയ്തു. അധിക സമയത്ത് ജിയോവന്നി റെയ്ന ഗോള്‍ മടക്കിയതോടെ അമേരിക്കന്‍ ജയം പൂര്‍ണം.
ഒരു നൂറ്റാണ്ടോളം വന്ന ഇടവേളയ്ക്ക് ശേഷമാണ് ഇരുടീമുകളും ലോകകപ്പില്‍ ഏറ്റുമുട്ടിയത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച അമേരിക്കയ്ക്ക് മുന്നില്‍ പാരഗ്വായുടെ പേരുകേട്ട പ്രതിരോധം ഏറെക്കുറെ തകര്‍ന്നടിഞ്ഞു. തുടക്കത്തിലെ സെല്‍ഫ് ഗോള്‍ ആത്മവിശ്വാസം കെടുത്തിയതോടെ അമേരിക്ക തുടര്‍പ്രഹരങ്ങളും നല്‍കി.