Image Credit: X@Saabir_Saabu01
ജയിക്കേണ്ട മത്സരത്തിൽ നിർണായക പ്രകടനം നടത്തുക, ജയത്തോടെ ടീം അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് സൂപ്പർ ലീഗിലേക്ക് കടക്കാൻ സഹായിച്ചത് ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീൻറെ സെഞ്ചറിയാണ്. 57 പന്തിൽ 101 റൺസാണ് അസ്ഹറുദ്ദീൻ നേടിയത്.
Also Read: 'സിറാജില്ല, ഞങ്ങള്‍ ഹാപ്പി'; ജഡേജയെയും പുറത്തിരുത്തി ഇന്ത്യ; സന്ദേശമെന്ത്? വിവാദം
സെഞ്ചറി നേടിയ ശേഷം ബാറ്റിലുണ്ടായിരുന്ന 'സാംസൺ' എന്നെഴുതിയ സ്റ്റിക്കർ അസ്ഹറുദ്ദീൻ ഡഗ്ഔട്ടിന് നേരെ ഉയർത്തിക്കാട്ടി. സഞ്ജു ഗിഫ്റ്റു ചെയ്ത ബാറ്റായതിനാലാണ് ബാറ്റുയർത്തി കാണിച്ചതെന്നായിരുന്നു ആരാധകരുടെ വിലയിരുത്തൽ. എന്നാൽ കാര്യമതല്ലെന്ന് അസഹറുദ്ദീൻ പറയുന്നു.
'സഞ്ജു ഭായ്‍യുടെ ബാറ്റുകൊണ്ടു കളിച്ചതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പേര് ഉയർത്തി കാണിച്ചതെന്നാണ് എല്ലാവരും കരുതുന്നത്. അദ്ദേഹത്തിന്റെ ബാറ്റുകൊണ്ടാണ് കളിച്ചതെന്നത് സത്യമാണ്. എന്നാലതിനു കാരണം ബാറ്റായിരുന്നില്ല' എന്നാണ് അസ്ഹറുദ്ദീൻ പറയുന്നത്. അണ്ടർ 19 കാലം മുതൽ സഞ്ജു ഭായ് ഗിഫ്റ്റ് ചെയ്ത ബാറ്റുകൊണ്ടാണ് കളിക്കുന്നത്. ഇതൊരു പുതിയ കാര്യമല്ല, പക്ഷേ അദ്ദേഹത്തിൻറെ ബാറ്റിങ് പൊസിഷൻ തനിക്ക് തന്നു എന്നും അസ്ഹറുദ്ദീൻ പറഞ്ഞു.
'സഞ്ജു ഭായ് ലോകോത്തര ഓപ്പണറാണ്. ഓപ്പണറായി ഇറങ്ങി ട്വന്റി 20 ലോകകപ്പ് നേടി താരമാണ്. ഞാനും ഓപ്പണിങിൽ മികച്ച ഫോമിലാണ്. കേരള ക്രിക്കറ്റ് ലീഗിൽ നല്ല സ്കോർ നേടാനായി. സയ്യിദ് മുഷ്താഖ് അലിക്കു മുൻപ് അദ്ദേഹം എന്നെ വിളിച്ച് ഓപ്പണിങ് ചെയ്യാൻ റെഡിയാകാൻ പറഞ്ഞു. 'നീ അവിടെ നന്നായി കളിക്കുന്നുണ്ട്. പകരം ഞാൻ മൂന്നാം നമ്പറിലേക്ക് ഇറങ്ങും’. സഞ്ജു എനിക്കുവേണ്ടി ചെയ്തകാര്യങ്ങൾ കണക്കിലെടുത്ത് നന്ദി സൂചകമായി ബാറ്റിലുള്ള അദ്ദേഹത്തിന്റെ പേര് ഉയർത്തികാണിക്കാൻ സെഞ്ചറിക്കായി കാത്തിരിക്കുകയായിരുന്നു' എന്നാണ് അസ്ഹറുദ്ദീൻ പറഞ്ഞത്.
ഹിമാചൽ പ്രദേശിനെതിരെ 67 റൺസിനാണ് കേരളം ജയിച്ചത്. ആദ്യം ബാറ്റു ചെയ്ത കേരളം 268 റൺസെടുത്തു. ഹിമാചലിന് 20 ഓവറിൽ 201 റൺസെടുക്കാനേ സാധിച്ചുള്ളൂ. സൂപ്പർ ലീഗിലേക്ക് കടന്ന കേരളത്തിനു അടുത്ത എതിരാളി വിദർഭയാണ്.