മുഹമ്മദ് സിറാജും , രവീന്ദ്ര ജഡേജയും ( Image Credit:PTI)

മുഹമ്മദ് സിറാജും , രവീന്ദ്ര ജഡേജയും ( Image Credit:PTI)

  • 'ന്യൂസീലന്‍ഡിന്‍റെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിയാല്‍ ഞങ്ങള്‍ ഹാപ്പിയാണ്. സിറാജ് കളിക്കുന്നില്ലല്ലോ. അയാള്‍ ഈ പിച്ചില്‍ തിളങ്ങിയേനെ'

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലും സീനിയര്‍ താരങ്ങളായ മുഹമ്മദ് സിറാജിനെയും രവീന്ദ്ര ജഡേജയെയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെ ഇന്ത്യ. ആദ്യ ടെസ്റ്റില്‍ സിറാജിനെ പുറത്തിരുത്തിയത് വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടും ഗംഭീറും മാനേജ്മെന്റും കുലുങ്ങിയിട്ടില്ലെന്ന് വ്യക്തം. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നിര്‍ണായകമാകുന്ന മല്‍സരമായതിനാല്‍ ജയിച്ചേ തീരൂവെന്ന സ്ഥിതിയുണ്ടായിട്ടും ഇത്തരത്തിലൊരു കൈവിട്ട കളിക്ക് മാനേജ്മെന്‍റ് തയാറായതെന്തെന്ന ചോദ്യമാണ് ഉയരുന്നത്. 

ജഡേജയെ പോലെ പന്ത് സ്വന്തം വരുതിക്ക് കൊണ്ടുവരാന്‍ കഴിവുള്ള താരത്തെ ബെഞ്ചിലിരുത്തി നിര്‍ണായക മല്‍സരത്തില്‍ മാനേജ്മെന്‍റ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ടോസിന് പിന്നാലെ ഇതിഹാസം താരം സുനില്‍ ഗവാസ്കര്‍ ചോദ്യമുയര്‍ത്തി. 'നോക്കൂ, നമ്മളെല്ലാവരും സിറാജിനെ കുറിച്ച് പറയുന്നു, പറയേണ്ടതാണ്. ജഡേജ എവിടെ? ഈ ലോകകപ്പ് ചാംപ്യന്‍ഷിപ് സൈക്കിളില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ മൂന്നാമത്തെതാരമാണ് അദ്ദേഹം. നാലും അഞ്ചും ദിവസങ്ങളില്‍ ജഡേജയുടെ സ്പിന്‍ ടീമിന് ഗുണം ചെയ്യുമെന്നതില്‍ എനിക്ക് തര്‍ക്കമില്ല. ഇത്തരം പിച്ചുകളില്‍ ജഡേജയ്ക്കുള്ള മേല്‍ക്കൈയും കാണേണ്ടതുണ്ട്'- ഗവാസ്കര്‍ പറഞ്ഞു. 

നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട ടീം, സിലക്ഷനോട് നീതി പുലര്‍ത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു. 'ഈ സൈക്കിളില്‍ സിറാജാണ് ഏറ്റവുമധികം വിക്കറ്റ് ഇന്ത്യയ്ക്കായി വീഴ്ത്തിയത്. നമുക്ക് കാത്തിരുന്ന് കാണാം. അവസാന ഇലവനോ ചുരുക്കപ്പട്ടികയോ പ്രഖ്യാപിക്കപ്പെട്ടുവെങ്കില്‍ അത് പിന്നീട് നിങ്ങളുടെ ടീമാണ്. അതാണ് ഇന്ത്യന്‍ ടീം. അത് അംഗീകരിക്കേണ്ടതുണ്ട്. അതുകൊണ്ട് ഞാന്‍ ഈ ടീമിനെ തുണയ്ക്കുന്നു. നന്നായി അവര്‍ കളിക്കണമെന്ന് പ്രാര്‍ഥിക്കുന്നു'- ഗവാസ്കര്‍ നിലപാട് വ്യക്തമാക്കി. 

അതേസമയം, സിറാജ് പ്ലേയിങ് ഇലവനില്‍ ഇല്ലാത്തതില്‍ സന്തോഷമെന്നായിരുന്നു ന്യൂസീലന്‍ഡ് മുന്‍ വനിതാ ക്രിക്കറ്റ് സൂപ്പര്‍താരം കെയ്റ്റി മാര്‍ട്ടിന്‍റെ പ്രതികരണം. സിറാജിനെ പുറത്തിരുത്തിയതിലൂടെ ഇന്ത്യ തന്ത്രപ്രധാനമായ പിഴവ് വരുത്തിയെന്നും കെയ്റ്റി പറഞ്ഞു. 'ന്യൂസീലന്‍ഡിന്‍റെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിയാല്‍ ഞങ്ങള്‍ ഹാപ്പിയാണ്. സിറാജ് കളിക്കുന്നില്ലല്ലോ. അയാള്‍ ഈ പിച്ചില്‍ തിളങ്ങിയേനെ'- അവര്‍ പറഞ്ഞു. 

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. വെല്ലിങ്ടണിലെ ആദ്യ ടെസ്റ്റില്‍ സമനില വഴങ്ങിയ ഇന്ത്യ രണ്ടാം ടെസ്റ്റിലും വലിയ മാറ്റങ്ങളില്ലാതെയാണ് ഇറങ്ങിയത്. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ഗുര്‍നൂര്‍ ബ്രാര്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ഗുര്‍നൂറിന്‍റെ അരങ്ങേറ്റമാണിത്. പ്ലേയിങ് ഇലവന്‍ ഇങ്ങനെ: കെ.എല്‍.രാഹുല്‍, യശസ്വി ജയ്സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, ശുഭ്മന്‍ ഗില്‍, ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറേല്‍, ആകാശ് ദീപ്, അന്‍ഷുല്‍ കാംബോജ്, ഗുര്‍നൂര്‍ബ്രാര്‍, ജസ്പ്രീത് ബുംറ. കളി 35 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കിവീസ് 97 റണ്‍സെടുത്തിട്ടുണ്ട്. ഡിവോണ്‍ കോണ്‍വേയുടെ വിക്കറ്റ് ഗുര്‍നൂര്‍ ബ്രാര്‍ ആണ് വീഴ്ത്തിയത്. ടോം ലാഥവും ഹെന്‍​റി നിക്കോള്‍സുമാണ് ക്രീസില്‍.

ENGLISH SUMMARY:

India left senior players Mohammed Siraj and Ravindra Jadeja out of the playing XI for the second Test against New Zealand, despite facing criticism over Siraj's omission in the previous match. Legendary cricketer Sunil Gavaskar questioned the decision, highlighting Jadeja's wicket-taking record in the current World Test Championship cycle and his effectiveness on spin-friendly pitches. Former New Zealand women's cricket star Katey Martin welcomed Siraj's absence, saying India had made a tactical mistake by leaving out a bowler who could have been dangerous on the pitch. India made one change to the playing XI, bringing in debutant Gurnoor Brar in place of Prasidh Krishna, while New Zealand reached 97 for one after 35 overs.